ടോസ് ഭാഗ്യം ഇന്ത്യക്ക്; സഞ്ജു അല്പസമയത്തിനകം ക്രീസിൽ. . പരമ്പര സ്വന്തമാക്കാൻ ഇന്ത്യ. .
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ട്വന്റി20 പരമ്പരയിലെ നിർണായകമായ നാലാം മത്സരത്തിൽ ഇന്ത്യ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്തു. ജോഹന്നാസ്‌ബർഗിലാണ് മത്സരം. തുടർ സെഞ്ചുറികളുമായി ചരിത്രം തിരുത്തിയ ശേഷം, രണ്ട് തുടർ ഡക്കുകയുമായി ഇറങ്ങുന്ന സഞ്ജു സാംസണ് ഇന്നത്തെ മത്സരം നിർണായകമാണ്. അതിനിടെ രാഹുലും, കോഹ്‌ലിയും , ധോണിയുമടക്കമുള്ളവരാണ് സഞ്ജുവിന്റെ ഭാവി തുലച്ചതെന്ന താരത്തിന്റെ അച്ഛന്റെ പ്രസ്താവന ദേശീയ മാധ്യമങ്ങളടക്കം ഏറ്റെടുത്തിട്ടുമുണ്ട് .
പരമ്പരയിൽ 2-1ന് മുന്നിട്ട് നിൽക്കുന്ന ഇന്ത്യക്ക് ഇന്നത്തെ മത്സരം ജയിച്ചാൽ പരമ്പര സ്വന്തമാക്കാം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യാനാണ് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് തീരുമാനിച്ചത്. അതേസമയം , മത്സരത്തിൽ വിജയിച്ച് പരമ്പര സമനിലയിലാക്കാനായിരിക്കും പ്രോട്ടീസ് ശ്രമിക്കുക . .
"ആദ്യം ബാറ്റ് ചെയ്യുമ്പോൾ ഞങ്ങൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്, ഇന്നും അത് തുടരാനാണ് ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്ലാൻ വ്യക്തമാണ്, ഞങ്ങൾ ആദ്യം റൺസ് നേടുകയും പിന്നീട് അത് പ്രതിരോധിക്കാൻ ശ്രമിക്കുകയും ചെയ്യും. ടീമംഗങ്ങൾ പ്രൊഫഷണലായി കളിക്കുകയും, മികച്ച പ്രകടനം നടത്തുകയും ചെയ്തു.. ഇന്നും അവർ മികച്ച പ്രകടനം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കുന്നു," സൂര്യകുമാർ പറഞ്ഞു.
ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ ഐഡൻ മാർക്രം ആദ്യം ബാറ്റ് ചെയ്യാനാണ് ആഗ്രഹിച്ചിരുന്നതെന്ന് പറഞ്ഞു. എന്നാൽ ടോസ് നഷ്ടപ്പെട്ടതിൽ അദ്ദേഹം നിരാശനായിരുന്നില്ല.
"ഇതുവരെ ഞങ്ങൾ 100% പ്രകടനം കാഴ്ചവെച്ചിട്ടില്ല, ഇന്നാണ് അതിനുള്ള അവസരം. ഇന്നത്തെ മത്സരത്തിൽ മികച്ച ഫലം പ്രതീക്ഷിക്കുന്നു. പരമ്പരയിൽ നേരത്തെ ഇന്ത്യയെ പിന്നിലാക്കിയതിൽ നിന്ന് ഞങ്ങൾ ആത്മവിശ്വാസം നേടിയിട്ടുണ്ട്, ഇന്ന് ഞങ്ങളുടെ എക്സിക്യൂഷൻ മികച്ചതാക്കാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," മാർക്രം പറഞ്ഞു.
പിച്ചിന്റെ റിപ്പോർട്ട്:
പിച്ചിൽ അത്യാവശ്യം പച്ചപ്പുണ്ട്. ഷോൺ പൊള്ളോക്ക് പറയുന്നതനുസരിച്ച് പന്ത് നന്നായി ക്യാരി ചെയ്യും, പേസും ബൗൺസും ഉണ്ടാകും. ബാറ്റർമാർക്ക് പന്ത് മധ്യത്തിൽ കണക്ട് ചെയ്ത് മൊമെന്റം നേടാനായാൽ ബൗളർമാരെ സമ്മർദ്ദത്തിലാക്കാൻ കഴിയും.
ഇന്ത്യ പ്ലേയിംഗ് ഇലവൻ:
അഭിഷേക് ശർമ്മ, സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രമണദീപ് സിംഗ്, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി.
ദക്ഷിണാഫ്രിക്ക പ്ലേയിംഗ് ഇലവൻ:
റയാൻ റിക്കൽട്ടൺ (വിക്കറ്റ് കീപ്പർ), റീസ ഹെൻഡ്രിക്സ്, ഐഡൻ മാർക്രം (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, ഹെൻറിച്ച് ക്ലാസെൻ (വിക്കറ്റ് കീപ്പർ), ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ആൻഡിലെ സിമെലെയ്ൻ, ജെറാൾഡ് കോയറ്റ്സി, കേശവ് മഹാരാജ്, ലുതോ സിപാംല.
പരമ്പര സ്വന്തമാക്കാൻ ഇന്ത്യ ഇന്ന് ജയിക്കേണ്ടതുണ്ട്. ദക്ഷിണാഫ്രിക്കയും ശക്തമായി തിരിച്ചുവരവിന് ശ്രമിക്കും. ആവേശകരമായ മത്സരമാണ് ഇന്ന് പ്രതീക്ഷിക്കുന്നത്.