ചരിത്രം തിരുത്തി ഇന്ത്യന്‍ ടീം, ഏകദിനത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ സ്വന്തമാക്കി
അയര്‍ലന്‍ഡ് വനിതാ ക്രിക്കറ്റ് ടീമിനെതിരായ രണ്ടാം ഏകദിനത്തില്‍ ചരിത്രം തിരുത്തി ഇന്ത്യന്‍ വനിതകള്‍. ഏകദിനത്തിലെ തങ്ങളുട ഏറ്റവും വലിയ സ്‌കോര്‍ എന്ന റെക്കോര്‍ഡ് ആണ് ഇന്ത്യന്‍ വനിതകള്‍ കുറിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 370 റണ്‍സ് ആണ് സ്വന്തമാക്കിയത്.
2017-ല്‍ പോച്ചെഫ്സ്ട്രൂമില്‍ ഐറിഷ് ടീമിനെതിരെ തന്നെ നേടിയ 358/2 എന്ന സ്‌കോറാണ് ഇന്ത്യ മറികടന്നത്. അന്ന് ദീപ്തി ശര്‍മ (188), പൂനം റൗട്ട് (109) എന്നിവരാണ് ഇന്ത്യയ്ക്കായി സെഞ്ച്വറി നേടിയിരുന്നു.
അയര്‍ലന്‍ഡിനെതിരെ ജെമിമ റോഡ്രിഗസ്, ഹര്‍ലീന്‍ ഡിയോള്‍, പ്രതിക റാവല്‍, ക്യാപ്റ്റന്‍ സ്മൃതി മന്ദാന എന്നിവരുടെ മികച്ച പ്രകടനമാണ് ഇന്ത്യയെ റെക്കോര്‍ഡ് നേട്ടത്തിലെത്തിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് മന്ദാനയും റാവലും മികച്ച തുടക്കമാണ് നല്‍കിയത്. മന്ദാന 54 പന്തില്‍ 73 റണ്‍സും റാവല്‍ 61 പന്തില്‍ 67 റണ്‍സും നേടി.
തുടര്‍ന്ന് ഹര്‍ലീന്‍ ഡിയോളും (89) ജെമിമ റോഡ്രിഗസും (102) ചേര്‍ന്ന് മൂന്നാം വിക്കറ്റില്‍ 183 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ജെമിമയുടെ കന്നി അന്താരാഷ്ട്ര സെഞ്ച്വറിയാണിത്.
അവസാന 10 ഓവറുകളില്‍ ഇന്ത്യ 102 റണ്‍സ് നേടിയത് ശ്രദ്ധേയമായി. അയര്‍ലന്‍ഡിനായി ഓര്‍ല പ്രെന്‍ഡര്‍ഗാസ്റ്റും അര്‍ലീന്‍ കെല്ലിയും 2 വിക്കറ്റ് വീതം നേടി.