ഫാര്‍മാറ്റ് മാറിയെങ്കിലും ഇംഗ്ലണ്ടിന് മേല്‍ ആധിപത്യം തുടര്‍ന്ന് ഇന്ത്യ, രോഹിത്ത് ലോക തോല്‍വി
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. നാഗ്പൂരില്‍ നടന്ന മത്സരത്തില്‍ നാല് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ തോല്‍പിച്ചത്. ഇംഗ്ലണ്ടിന്റെ 249 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 38.4 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു.
വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെ (87) മികച്ച ഇന്നിംഗ്‌സാണ് ഇന്ത്യയുടെ വിജയത്തിന്റെ അടിത്തറ. ശ്രേയസ് അയ്യര്‍ (59), അക്‌സര്‍ പട്ടേല്‍ (52) എന്നിവരും മികച്ച പ്രകടനം കാഴ്ചവച്ചു.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇംഗ്ലണ്ടിനെ 248 റണ്‍സില്‍ ഒതുക്കാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് സാധിച്ചു. അരങ്ങേറ്റ താരം ഹര്‍ഷിത് റാണയും രവീന്ദ്ര ജഡേജയും മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ജോസ് ബട്ലര്‍ (52), ജേക്കബ് ബെഥല്‍ (51) എന്നിവര്‍ മാത്രമാണ് ഇംഗ്ലണ്ടിനായി പൊരുതിയത്.
ഇന്ത്യക്ക് തുടക്കത്തില്‍ തിരിച്ചടി നേരിട്ടു. യശസ്വി ജയ്സ്വാളിനെയും (15) രോഹിത് ശര്‍മ്മയെയും (2) വേഗത്തില്‍ നഷ്ടമായി. എന്നാല്‍ ഗില്ലും ശ്രേയസും ചേര്‍ന്ന് ഇന്ത്യയെ തിരിച്ചുകൊണ്ടുവന്നു. 94 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ഇരുവരും ഇന്ത്യയെ സ്ഥിരതയിലെത്തിച്ചു.
ശ്രേയസിനെ നഷ്ടമായെങ്കിലും ഗില്ലും അക്‌സറും ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് അടുപ്പിച്ചു. 108 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ഉണ്ടാക്കിയത്. ഗില്ലിനും അക്‌സറിനും പിന്നാലെ രാഹുലും (2) ഹാര്‍ദിക്കും (9) വേഗത്തില്‍ പുറത്തായി. എന്നാല്‍ ജഡേജ (12) ക്രീസില്‍ നിലയുറപ്പിച്ചതോടെ ഇന്ത്യ വിജയത്തിലെത്തി.
ഇതോടെ ഇന്ത്യ പരമ്പരയില്‍ 1-0 ന് മുന്നിലെത്തി. രണ്ടാം ഏകദിനം ഫെബ്രുവരി 9ന് കട്ടക്കില്‍ നടക്കും.