പെർത്ത് കോട്ട പിടിച്ചടക്കി ഇന്ത്യ; ഓസീസിനെതിരെ 295 റൺസിന്റെ റെക്കോർഡ് വിജയം
പെർത്തിലെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയെ 295 റൺസിന് തകർത്ത് ഇന്ത്യ പരമ്പരയിൽ 1-0 ന് നിർണായക ലീഡ് നേടി. 534 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യവുമായിറങ്ങിയ ഓസ്ട്രേലിയ രണ്ടാം ഇന്നിംഗ്സിൽ 238 റൺസിന് ഓൾ ഔട്ടായി.
മത്സരത്തിന്റെ നാലാം ദിവസം ഇന്ത്യൻ ബൗളർമാർ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ് എന്നിവർ 3 വിക്കറ്റുകൾ വീഴ്ത്തിയപ്പോൾ വാഷിംഗ്ടൺ സുന്ദർ 2 വിക്കറ്റ് നേടി. ഹർഷിത് റാണയും നിതീഷ്‌കുമാർ റെഡ്ഢിയും ഓരോ വിക്കറ്റുകൾ വീതം നേടി ഓസീസിന്റെ പെട്ടിയിൽ അവസാന ആണിയും താഴ്ത്തി .
ട്രാവിസ് ഹെഡ് (89) മാത്രമാണ് ഓസ്ട്രേലിയൻ നിരയിൽ പിടിച്ചുനിന്നത്. മിച്ചൽ മാർഷ് (47), അലക്സ് കാരി (36) എന്നിവരും റൺസ് നേടിയെങ്കിലും ടീമിനെ രക്ഷിക്കാനായില്ല.
ഇന്ത്യയാണ് മത്സരത്തിലുടനീളം കളി നിയന്ത്രിച്ചത്. ആദ്യ ഇന്നിങ്സിൽ 150 റൺസിന് ഓൾ ഔട്ടായ ഇന്ത്യ, ഓസീസിനെ 104 റൺസിന് പുറത്താക്കി നിർണായക ലീഡ് നേടിയിരുന്നു. രണ്ടാം ഇന്നിംഗ്സിലും മികച്ച രീതിയിൽ ബാറ്റ് വീശിയ ഇന്ത്യ, യശസ്വി ജയ്‌സ്വാൾ (161), കെ എൽ രാഹുൽ (77), വിരാട് കോഹ്‌ലി (100*) എന്നിവരുടെ മികച്ച പ്രകടനത്തിലൂടെ ഓസീസിനെ മത്സരത്തിൽ നിന്നും പുറത്താക്കി.
മൂന്നാം ദിനം അവസാനിക്കുമ്പോൾ തന്നെ ഓസ്ട്രേലിയ വലിയ പ്രതിസന്ധിയിലായിരുന്നു. ഇന്ത്യ കൂറ്റൻ ലീഡുമായി ഡിക്ലയർ ചെയ്ത ശേഷം കളത്തിലിലിറങ്ങിയ ഓസീസിന് തുടക്കത്തിലേ മൂന്ന് വിക്കറ്റുകൾ നഷ്ടമായി. മൂന്നാം ദിനം കളി അവസാനിക്കുമ്പോൾ 12 റൺസിന് മൂന്ന് വിക്കറ്റ് എന്ന അവസ്ഥയിൽ ദയനീയമായിരുന്നു ഓസീസിന്റെ പ്രകടനം. നാലാം ദിനത്തിലും മത്സരത്തിലേക്ക് തിരിച്ചുവരാൻ ഒരു ഘട്ടത്തിലും ഓസീസിന് ആയില്ല.
രണ്ടാം ടെസ്റ്റ്:
ഡിസംബർ 6 ന് അഡ്‌ലെയ്ഡ് ഓവലിൽ രണ്ടാം ടെസ്റ്റ് ആരംഭിക്കും.