രഹാന ക്യാപ്റ്റന്‍, രോഹിത്ത് വെറും പ്ലെയര്‍, ജയ്‌സ്വാളും തിരിച്ചെത്തി, തകര്‍പ്പന്‍ ടീമിനെ പ്രഖ്യാപിച്ചു
രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിനെ കണ്ടാല്‍ ആരുമൊന്ന് ഇനി അമ്പരക്കും. ഇന്ത്യന്‍ ക്യാപ്റ്റന്‍ സാക്ഷാല്‍ രോഹിത് ശര്‍മയും യുവതാരം യശസ്വി ജയ്സ്വാളും അടങ്ങിയതാണ് അടുത്ത മത്സരം കളിക്കുന്ന മുംബൈ ടീം. ജമ്മു കശ്മീരിനെതിരായ മത്സരത്തില്‍ മുംബൈ ടീമിനൊപ്പം കളിക്കാന്‍ ഇരുവരും ചേരുമെന്ന് ഉറപ്പായി.
അജിന്‍ക്യ രഹാനെ നയിക്കുന്ന ടീമില്‍ ശ്രേയസ് അയ്യര്‍, ശിവം ദുബെ, തനുഷ് കൊട്ടിയന്‍, ഷാര്‍ദുല്‍ താക്കൂര്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ഇടംപിടിച്ചിട്ടുണ്ട്.
ഈ മാസം 23നാണ് മത്സരം. ഗ്രൂപ്പ് എയില്‍ നിലവില്‍ മൂന്നാം സ്ഥാനത്താണ് മുംബൈ. അഞ്ച് മത്സരങ്ങളില്‍ നിന്ന് 22 പോയിന്റാണ് ടീമിനുള്ളത്. അടുത്ത റൗണ്ടിലേക്ക് യോഗ്യത നേടണമെങ്കില്‍ വരുന്ന രണ്ട് മത്സരങ്ങളും മുംബൈ ജയിക്കേണ്ടതുണ്ട്. ജമ്മു 23 പോയിന്റുമായി രണ്ടാം സ്ഥാനത്തും 27 പോയിന്റുമായി ബറോഡ ഒന്നാം സ്ഥാനത്തുമാണ്.
ഓസ്ട്രേലിയന്‍ പര്യടനത്തിലെ മോശം പ്രകടനത്തെത്തുടര്‍ന്ന് സീനിയര്‍ താരങ്ങള്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കണമെന്ന് ബിസിസിഐ നിര്‍ദേശിച്ചിരുന്നു. രോഹിത് മുംബൈയുടെ പരിശീലന ക്യാമ്പില്‍ പങ്കെടുത്തിരുന്നെങ്കിലും ടീമില്‍ കളിക്കുമോ എന്ന് വ്യക്തമാക്കിയിരുന്നില്ല. എന്നാല്‍, ചാംപ്യന്‍സ് ട്രോഫി ടീം പ്രഖ്യാപന വേളയില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി രോഹിത് മുംബൈക്കായി കളിക്കുമെന്ന് സ്ഥിരീകരിച്ചു.
കഴിഞ്ഞ ഏഴ് വര്‍ഷമായി തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സമയം ലഭിക്കുന്നില്ലെന്ന് രോഹിത് പറഞ്ഞു. ഐപിഎല്‍ കഴിയുമ്പോള്‍ സമയം കിട്ടുമെങ്കിലും അപ്പോഴേക്കും ആഭ്യന്തര ടൂര്‍ണമെന്റുകള്‍ കഴിഞ്ഞിരിക്കും. 2019 മുതല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ തുടര്‍ച്ചയായി കളിക്കുന്നതിനാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ കളിക്കാന്‍ സാധിക്കുന്നില്ലെന്നും രോഹിത് വ്യക്തമാക്കി. 2015ലാണ് രോഹിത് അവസാനമായി രഞ്ജി ട്രോഫിയില്‍ കളിച്ചത്.