രണ്ട് സൂപ്പർതാരങ്ങളുടെ സുരക്ഷ പോലും അപകടത്തിലായി, യുവതാരത്തിനെതിരെ ബോഡി ഷെയിമിങ്; ഇന്ത്യൻ പരിശീലനം മുടങ്ങിയതിന്റെ കാരണം പുറത്ത്
ഓസ്‌ട്രേലിയയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി അഡ്‌ലെയ്ഡിൽ നടന്ന പരിശീലനത്തിനിടെ ഇന്ത്യൻ താരങ്ങൾക്ക് മോശം അനുഭവമുണ്ടായതിനെ തുടർന്ന് ബിസിസിഐ കർശന നടപടികൾ സ്വീകരിച്ചു. ബോർഡർ-ഗാവസ്‌കർ ട്രോഫിയുടെ ഇനിയുള്ള മത്സരങ്ങൾക്ക് മുന്നോടിയായുള്ള പൊതു പരിശീലന സെഷനുകൾ ബിസിസിഐ റദ്ദാക്കി. അടച്ചിട്ട സ്റ്റേഡിയങ്ങളിലായിരിക്കും ഇനിമുതൽ പരിശീലനങ്ങൾ നടക്കുക.
താരങ്ങൾക്ക് നേരെ അധിക്ഷേപം
ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ, വിരാട് കോഹ്‌ലി, ഋഷഭ് പന്ത് തുടങ്ങിയ താരങ്ങൾക്ക് നേരെ ചൊവ്വാഴ്ച നടന്ന പരിശീലനത്തിനിടെ അധിക്ഷേപമുണ്ടായതാണ് ബിസിസിഐയുടെ നടപടിക്ക് കാരണം. പിങ്ക് ബോൾ ഉപയോഗിച്ചുള്ള പരിശീലനം കാണാൻ ഏകദേശം 3000 ത്തോളം ആരാധകർ എത്തിയിരുന്നു. പൊതുവെ അന്താരാഷ്ട്ര മത്സരങ്ങൾക്ക് മുമ്പുള്ള പരിശീലന സെഷനുകൾ പൊതുജനങ്ങൾക്കായി തുറന്നിടുക പതിവില്ല. എന്നാൽ ഇത്തവണ അഡ്‌ലെയ്ഡിലെ പ്രാദേശിക ആരാധകർക്ക് വേണ്ടി പരിശീലനം തുറന്നിടുകയായിരുന്നു.
സെൽഫി അഭ്യർത്ഥനകളും മോശം പരാമർശങ്ങളും
ആരാധകരുടെ ബഹളം ഇന്ത്യയുടെ നാല് മണിക്കൂർ നീണ്ട പരിശീലന സെഷന് തുടക്കത്തിൽ ആവേശം പകർന്നിരുന്നു. എന്നാൽ ക്രമേണ ചില ആരാധകരുടെ പെരുമാറ്റം ഇന്ത്യൻ താരങ്ങളെ ബുദ്ധിമുട്ടിച്ചുവെന്ന് ബിസിസിഐ വൃത്തങ്ങൾ പറഞ്ഞു. താരങ്ങൾക്ക് നേരെ മോശം പരാമർശങ്ങൾ ഉണ്ടായതായും നിരന്തരമുള്ള സെൽഫി അഭ്യർത്ഥനകൾ താരങ്ങളുടെ ശ്രദ്ധ തെറ്റിച്ചതായും റിപ്പോർട്ടുണ്ട്.
പരിശീലന സെഷനുകൾ റദ്ദാക്കി
"ഇനി മുതൽ പൊതുജനങ്ങൾക്ക് പരിശീലനം കാണാൻ കഴിയില്ല. ചൊവ്വാഴ്ച നടന്ന പൊതു സെഷനിനിടെ ചില താരങ്ങൾ അധിക്ഷേപങ്ങൾക്ക് ഇരയായി. നിർണായക പരമ്പരയ്ക്ക് തയ്യാറെടുക്കാൻ ശ്രമിക്കുമ്പോൾ നിരന്തരം സെൽഫി അഭ്യർത്ഥനകൾ വരുന്നത് ശ്രദ്ധ തെറ്റിക്കുന്നു. അതിനാൽ ഇനിമുതൽ പരിശീലനസ്ഥലത്ത് മാധ്യമങ്ങൾക്ക് മാത്രമായിരിക്കും പ്രവേശനം" ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.
കോഹ്‌ലി, രോഹിത്, പന്ത് എന്നിവർക്ക് ബുദ്ധിമുട്ട്
ഇന്ത്യൻ ക്രിക്കറ്റ് താരങ്ങൾക്ക് നേരെ മോശം പരാമർശങ്ങൾ ഉണ്ടായതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.
"ഓസ്‌ട്രേലിയൻ പരിശീലന സെഷനിടെ 70ൽ താഴെ ആളുകൾ മാത്രമാണ് എത്തിയത്, എന്നാൽ ഇന്ത്യയുടെ സെഷനിടെ 3000 പേർ എത്തി. ഇത്രയധികം ആരാധകർ എത്തുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല" ഒരു മുതിർന്ന ബിസിസിഐ ഉദ്യോഗസ്ഥൻ പിടിഐയോട് പറഞ്ഞു.
"സിഡ്‌നിയിൽ (അഞ്ചാം ടെസ്റ്റിന് മുന്നോടിയായി) സമാനമായ മറ്റൊരു വേദിയും പ്ലാൻ ചെയ്തിരുന്നു. അത് റദ്ദാക്കി, കാരണം കളിക്കാർക്ക് (ഇവിടെ) പറഞ്ഞ മോശം പരാമർശങ്ങളിൽ വളരെയധികം അസ്വസ്ഥതയുണ്ടാക്കിയിട്ടുണ്ട്." അദ്ദേഹം കൂട്ടിച്ചേർത്തു.
ആരാധകരുടെ മോശം പെരുമാറ്റം
പ്രതിരോധത്തിലൂന്നിയ ബാറ്റിംഗ് പ്രാക്ടീസ് ചെയ്യുകയായിരുന്ന നായകൻ രോഹിത് ശർമ്മയോടും, ഋഷഭ് പന്തിനോടും സിക്‌സറുകൾ അടിക്കാൻ ചില ആരാധകർ ആക്രോശിച്ചു. മറ്റൊരു യുവതാരത്തെ ബോഡി ഷെയിം ചെയ്യുകയും, ഫിറ്റ്‌നസിനെക്കുറിച്ച് മോശം അഭിപ്രായം പറഞ്ഞതായും ഒരു ദൃക്‌സാക്ഷി പറഞ്ഞു. മറ്റൊരു ആരാധകൻ ഒരു കളിക്കാരനോട് ഗുജറാത്തിയിൽ 'ഹായ്' പറയാൻ നിരന്തരം നിർബന്ധിച്ചുവെന്നും പരാതിയുണ്ട്.
വിരാട് കോഹ്‌ലിയെയും, ശുഭ്മാൻ ഗില്ലിനെയും, പോലുള്ള താരങ്ങളുടെ ചുറ്റും വലിയ ആൾക്കൂട്ടമായിരുന്നു. പലപ്പോഴും, ആൾകൂട്ടം താരങ്ങളുടെ സുരക്ഷയെ തന്നെ ആശങ്കയിലാക്കുന്ന വിധം ആവേശത്തിലായിരുന്നു. ചിലർ സുഹൃത്തുക്കളുമായി ഫേസ്ബുക്ക് ലൈവ് ചെയ്യുകയും, ബാറ്റർ സ്റ്റാൻസ് എടുക്കുമ്പോൾ ഉച്ചത്തിൽ സംസാരിക്കുകയും ചെയ്തു. ഇത് കളിക്കാരെ നന്നായി അലോസരപ്പെടുത്തിയെന്നും റിപ്പോർട്ട് ഉണ്ട്.
ഇന്ത്യയുടെ പരിശീലനം
ബുധനാഴ്ച ഇന്ത്യ ഏകദേശം രണ്ടര മണിക്കൂർ പരിശീലനത്തിനായി ചെലവഴിച്ചു. മികച്ച രീതിയിൽ ബാറ്റ് വീശിയ ശുഭ്മാൻ ഗിൽ വീണ്ടും ശ്രദ്ധാകേന്ദ്രമായി. പേസർമാർക്കും, സ്പിന്നർമാർക്കുമെതിരെ വലംകൈയ്യൻ ബാറ്റ്സ്മാൻ അനായാസം ബാറ്റ് ചെയ്തു. ഇപ്പോഴത്തെ സ്ഥിതിയിൽ, പെർത്തിൽ നടന്ന പരമ്പരയിലെ ആദ്യ മത്സരം നഷ്ടമായ ശേഷം, പിങ്ക് ബോൾ ടെസ്റ്റിനുള്ള ഇലവനിൽ അദ്ദേഹം തിരിച്ചെത്തുമെന്ന് ഏതാണ്ട് ഉറപ്പാണ്.
ക്യാപ്റ്റൻ രോഹിത് ശർമ്മയും ആദ്യ ഇലവനിൽ തിരിച്ചെത്തും. എങ്കിലും അഡ്‌ലെയ്ഡിൽ രോഹിത് ഓപ്പൺ ചെയ്യില്ല എന്നും സൂചനയുണ്ട്. രാഹുലും യശസ്വി ജയ്‌സ്വാളും പെർത്തിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. പ്രത്യേകിച്ച് രണ്ടാം ഇന്നിംഗ്‌സിൽ, ഇന്ത്യയെ മത്സരം ജയിപ്പിക്കാൻ സഹായിച്ചത് ഇരുവരുടെയും മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ്. ബുധനാഴ്ച രോഹിത് സ്പിന്നർമാർക്കെതിരെ ബാറ്റ് ചെയ്യാനാണ് ധാരാളം സമയം ചെലവഴിച്ചത്. അഡ്‌ലെയ്ഡിൽ അഞ്ചാമത്തെയോ ആറാമത്തെയോ സ്ഥാനത്ത് ബാറ്റ് ചെയ്യാനുള്ള സാധ്യത അദ്ദേഹം ഗൗരവമായി പരിഗണിക്കുന്നുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.
പെർത്ത് ടെസ്റ്റിൽ 295 റൺസിന്റെ റെക്കോർഡ് വിജയം സ്വന്തമാക്കിയ ഇന്ത്യ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 1-0ന് മുന്നിലെത്തിയിട്ടുണ്ട്. എന്നാൽ, അഡ്‌ലെയ്ഡിൽ പിങ്ക് ബോൾ ടെസ്റ്റിൽ ഓസ്‌ട്രേലിയ ഒരിക്കലും തോറ്റിട്ടില്ല.