കോഹ്‌ലിക്കും, രോഹിത്തിനും പിങ്ക് ബോളിൽ എറിഞ്ഞപ്പോൾ; വെളിപ്പെടുത്തലുമായി ഇന്ത്യൻ പേസർമാർ
ആദ്യ ടെസ്റ്റിലെ തോൽവിക്ക് ശേഷം പിങ്ക് ബോൾ ടെസ്റ്റിൽ തിരിച്ചുവരവ് ലക്ഷ്യമിട്ട് ഓസ്‌ട്രേലിയ; പിങ്ക് പന്തിന്റെ വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ പേസർമാർ.
ബോർഡർ-ഗാവസ്‌കർ ട്രോഫിയിലെ രണ്ടാം ടെസ്റ്റ് അഡ്‌ലെയ്ഡിൽ പിങ്ക് ബോളിൽ നടക്കാനിരിക്കെ, പന്തിന്റെ വെല്ലുവിളികളെക്കുറിച്ച് ഇന്ത്യൻ പേസർമാരായ ആകാശ് ദീപും യശ് ദയാലും അഭിപ്രായപ്രകടനം നടത്തി. നേരത്തെ, നായകൻ രോഹിത് ശർമ്മക്കും സ്റ്റാർ ബാറ്റർ വിരാട് കോഹ്‌ലിക്കും നെറ്റ്സിൽ പിങ്ക് ബോളിൽ എറിഞ്ഞതിന്റെ അനുഭവവും ഇരുവരും വെളിപ്പെടുത്തുന്നു.
റെഡ് ബോളിനെ അപേക്ഷിച്ച് പിങ്ക് ബോൾ കൂടുതൽ സ്കിഡ് ചെയ്യുന്നു:
"പന്ത് കൂടുതൽ സ്കിഡ് ചെയ്യുന്നു, ബാറ്റ്സ്മാൻമാർക്ക് ബുദ്ധിമുട്ടാണ്, റെഡ് ബോളിനെ അപേക്ഷിച്ച് കൂടുതൽ ബൗൺസ് ഉണ്ട്. ഈ പന്തിന്റെ പ്രധാന സവിശേഷത അത് വളരെക്കാലം പുതിയതായി തുടരുന്നു എന്നതാണ്," ആകാശ് ദീപ് വിശദീകരിച്ചു. "സാധാരണയായി, ചുവന്ന പന്തിൽ 5-6 ഓവറുകൾക്ക് ശേഷം അത് പഴയതായി തുടങ്ങും."
പ്രചാരണങ്ങൾ ശരിയല്ല; സാധാരണയിലും സ്വിംഗ് കുറവാണ്:
യശ് ദയാൽ പറഞ്ഞു - പിങ്ക് പന്തിന്റെ സ്വാഭാവിക ചലനം അത്ര കടുപ്പമുള്ളതല്ല, ഇത് ടോപ് ഓർഡർ ബാറ്റ്സ്മാൻമാർക്ക് ഗുണം ചെയ്തേക്കാം.
"ഈ പന്ത് നെറ്റിൽ രോഹിത് (ശർമ്മ) ഭയ്യയ്ക്കും വിരാട് (കോഹ്‌ലി) ഭയ്യയ്ക്കും എറിഞ്ഞപ്പോൾ എനിക്ക് തോന്നിയത് അത് അധികം സ്വിംഗ് ചെയ്യുന്നില്ല എന്നാണ്. നിങ്ങൾ സീം പൊസിഷൻ നേരെയാക്കി വയ്ക്കണം. നിങ്ങൾ പന്ത് ശരിയായ സ്ഥലങ്ങളിൽ പിച്ചുചെയ്താൽ, മൂവ്മെന്റ് ലഭിച്ചേക്കാം" ഇടംകൈയ്യൻ പേസർ വിശദീകരിച്ചു.
രോഹിതും, കോഹ്‌ലിയും വലിയ വെല്ലുവിളിയില്ലാതെ തന്നെ നെറ്റ്സിൽ പന്തിനെ നേരിട്ടുവെന്നും ഇന്ത്യൻ പേസർ പറയുന്നു.
പിങ്ക് ബോളിൽ ഇന്ത്യയുടെ ഓർമ്മകൾ
അഡ്‌ലെയ്ഡിൽ പിങ്ക് പന്തിൽ ഇന്ത്യയ്ക്ക് മോശം ഓർമ്മകളാണ് ഉള്ളത്. അവസാനമായി ഈ വേദിയിൽ പിങ്ക് ബോളിൽ കളിച്ചപ്പോൾ ഇന്ത്യ 36 റൺസിന് പുറത്തായിരുന്നു. എന്നിരുന്നാലും, ഓപ്പണിങ്ങിൽ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും, കൂടാതെ വിരാട് കോഹ്‌ലിയും കാഴ്ചവച്ച ഫോം ഇന്ത്യൻ ടീമിന് ആത്മവിശ്വാസം നൽകും.
ബുംറയുടെ ഫോം ഇന്ത്യക്ക് മുൻതൂക്കം നൽകുന്നു
ജസ്പ്രീത് ബുംറ മികച്ച ഫോമിലാണ്, കഴിഞ്ഞ മത്സരത്തിൽ ബുംറയെ നേരിടാൻ ഓസ്‌ട്രേലിയക്ക് യാതൊരു വിധ പ്രതിരോധതന്ത്രങ്ങളും ഉണ്ടായിരുന്നില്ല. കൂടുതൽ പേസും ബൗൺസും നൽകുന്ന പിങ്ക് ബോളിൽ ബുംറയെ നേരിടുന്നത് ഓസ്‌ട്രേലിയയ്ക്ക് കടുത്ത വെല്ലുവിളിയാണ്.
രണ്ടാം ടെസ്റ്റിനായുള്ള തയ്യാറെടുപ്പ്
പ്രധാനമന്ത്രിയുടെ ഇലവനെതിരായ രണ്ട് ദിവസത്തെ മത്സരത്തിൽ പിങ്ക് പന്ത് ഉപയോഗിച്ച് ഇന്ത്യ തയ്യാറെടുക്കും. മഴ കാരണം കാൻബെറയിലെ മനുക ഓവലിൽ നടക്കുന്ന മത്സരത്തിന്റെ ആദ്യ ദിനം മുടങ്ങിയതിനാൽ, ഏകദിനമത്സരമായാണ് മാച്ച് നടക്കുക.
ഡിസംബർ 6 ന് അഡ്‌ലെയ്ഡ് ഓവലിൽ രണ്ടാം ടെസ്റ്റ് മത്സരം ആരംഭിക്കും.