വമ്പന്‍ പ്രഖ്യാപനം, ഐഎസ്എല്‍ കളിക്കാന്‍ പുതിയൊരു ക്ലബ് കൂടി
ഇന്ത്യന്‍ സൂപ്പര്‍ ലീഗ ആരാധകര്‍ക്ക് ഒരു ആവേശവാര്‍ത്ത. ഐഎസ്എല്‍ അടുത്ത സീസണില്‍ കളിക്കാന്‍ ഒരു ടീം കൂടി ഉണ്ടാകുമെന്ന് ഔദ്യോഗിക പ്രഖ്യാപനം പുറത്ത്. കൊല്‍ക്കത്തന്‍ ക്ലബ് മുഹമ്മദന്‍ സ്പോര്‍ട്ടിംഗെയാണ് ഐഎസ്എല്ലിലേക്ക് പുതിയ അംഗമായി ഉള്‍പ്പെടുത്തിയതായി ഇന്ന് പ്രഖ്യാപിച്ചത്.
2024-25 സീസണ്‍ മുതല്‍, രാജ്യത്തെ ഏറ്റവും പഴക്കമുള്ള സജീവ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മുഹമ്മദന്‍ എസ്സി, ഐഎസ് എല്‍ കളിയ്ക്കും. ഇതോടെ ഐഎസ്എല്ലിലെ ക്ലബ്ബുകളുടെ ആകെ എണ്ണം 13 ആയി ഉയരും.
2023-24 ഐ-ലീഗ് കിരീടം നേടിയതോടെയാണ് മുഹമ്മദന്‍ ക്ലബ് ഐഎസ്എല്‍ യോഗ്യത നേടിയത്. പഞ്ചാബ് എഫ്സിക്കു ശേഷം ഐഎസ്എല്ലിലേക്ക് പ്രമോഷന്‍ നേടുന്ന രണ്ടാമത്തെ ക്ലബ്ബായി മുഹമ്മദന്‍ എഫ്‌സി ഇതോടെ മാറി. ഐഎസ്എല്‍ കളിക്കുന്ന കൊല്‍ക്കത്തയില്‍ നിന്നുളള മൂന്നാമത്തെ ക്ലബാണ് മുഹമ്മദന്‍ എഫ്‌സി.
എന്താണ് ഐഎസ്എല്‍
ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്റെ ആഭിമുഖ്യത്തില്‍ ഫുട്‌ബോള്‍ സ്‌പോര്‍ട്‌സ് ഡെവലപ്മെന്റ് ലിമിറ്റഡ് സംഘടിപ്പിക്കുന്ന ഇന്ത്യയുടെ പ്രീമിയര്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ ലീഗാണ് ഇന്ത്യന്‍ സൂപ്പര്‍ ലീഗ്. 2014-ല്‍ ആരംഭിച്ച ഐഎസ്എല്‍, കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയിലും ആഗോളതലത്തിലും ഇന്ത്യന്‍ ഫുട്‌ബോളില്‍ വിപ്ലവം സൃഷ്ടിച്ചു.
2024-25 മുതല്‍ പതിമൂന്ന് ടീമുകള്‍ മത്സരിക്കുന്ന ഇന്ത്യന്‍ സൂപ്പര്‍ ലീഗ് പുതിയ അനുഭവമാകും, നിലവില്‍ ബെംഗളൂരു എഫ്സി, ചെന്നൈയിന്‍ എഫ്സി, എഫ്സി ഗോവ, ഹൈദരാബാദ് എഫ്സി, ജംഷഡ്പൂര്‍ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എഫ്സി, മുംബൈ സിറ്റി എഫ്സി, നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി, ഒഡീഷ എഫ്സി, പഞ്ചാബ് എഫ്സി എന്നിവയ്ക്കൊപ്പമാണ് 100 വര്‍ഷത്തിലേറെ പാരമ്പര്യമുള്ള മൂന്ന് ഐക്കണിക് കൊല്‍ക്കത്ത ക്ലബ്ബുകളായ മോഹന്‍ ബഗാന്‍ സൂപ്പര്‍ ജയന്റ്, ഈസ്റ്റ് ബംഗാള്‍ എഫ്സി, മുഹമ്മദന്‍ എസ്സി എന്നീ ക്ലബുകളും ഐഎസ്എല്‍ കളിക്കുന്നത്.