പിങ്ക് ബോളിൽ ഇന്ത്യക്ക് പിഴച്ചത് ഇവിടെ ? ബുമ്രക്കും കൂട്ടർകൾക്കും സ്റ്റാർക്കിൽ പാഠമുണ്ട്
അഡ്‌ലെയ്ഡിൽ നടക്കുന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാരുടെ പ്രകടനം നിരാശാജനകമായിരുന്നു. പെർത്തിലെ ആദ്യ ടെസ്റ്റിൽ മികച്ച രീതിയിൽ പന്തെറിഞ്ഞു, ഓസീസിനെ അവരുടെ മണ്ണിൽ വരിഞ്ഞുമുറുക്കിയ ബുമ്രക്കും കൂട്ടർക്കും, ബാറ്റിംഗ് കൂടുതൽ ദുഷ്കരമാകും എന്ന് കരുതിയ പിങ്ക് ബോളിൽ ആ മികവ് തുടരാനായില്ല. ആദ്യ ഇന്നിംഗ്‌സിൽ ഓസ്ട്രേലിയയെ കുറഞ്ഞ സ്കോറിൽ പുറത്താക്കാൻ ഇന്ത്യയ്ക്ക് കഴിയാത്തതിന്റെ കാരണങ്ങൾ പരിശോധിക്കാം.
പിച്ചിന്റെ സ്വഭാവം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടു:
പിങ്ക് ബോൾ ടെസ്റ്റുകളിൽ പന്ത് കൂടുതൽ സ്വിംഗ് ചെയ്യുമെന്നും, സീം മൂവ്മെന്റ് കൂടുതലായിരിക്കുമെന്നും അറിയാമായിരുന്നിട്ടും ഇന്ത്യൻ ബൗളർമാർക്ക് അതിനനുസരിച്ച് പന്തെറിയാൻ കഴിഞ്ഞില്ല. സ്റ്റാർക്കും, ബോളണ്ടും അടക്കമുള്ള ഓസീസ് ബൗളർമാർ പന്ത് വായുവിൽ കൂടുതൽ സ്വിങ് ലഭിക്കുന്നതിനായി താരതമ്യേന ഫുൾ ലെങ്ങ്തിലാണ് കൂടുതലും പന്തെറിഞ്ഞത്. എന്നാൽ ഇന്ത്യൻ ബൗളർമാർ ഗുഡ് ലെങ്ങ്തിലോ, ഷോർട്ട് ലെങ്ങ്തിലോ പന്തെറിയാനാണ് കൂടുതലും ശ്രമിച്ചത്.
സ്റ്റമ്പിലേക്ക് ലക്ഷ്യം വയ്ക്കുന്നതിൽ പരാജയപ്പെട്ടു:
ഓസ്ട്രേലിയൻ ബാറ്റ്സ്മാൻമാർക്ക് പന്തുകൾ എളുപ്പത്തിൽ ലീവ് ചെയ്യാൻ കഴിയുന്ന തരത്തിലായിരുന്നു ഇന്ത്യൻ ബൗളർമാരുടെ ലൈൻ. സ്റ്റമ്പിലേക്ക് ലക്ഷ്യം വയ്ക്കുന്നതിൽ അവർ പരാജയപ്പെട്ടു. പന്ത് റിവേഴ്‌സ് ചെയ്ത് തുടങ്ങിയപ്പോഴൊക്കെ സ്റ്റാർക്ക് ഇൻസ്വിങ്ങിങ് യോർക്കറുകൾ എറിയാനാണ് ശ്രമിച്ചത് എന്നതോർക്കുക..
സ്റ്റാർക്കിൽ പാഠമുണ്ട്
മിച്ചൽ സ്റ്റാർക്കിന്റെ ബൗളിംഗ് ഇന്ത്യൻ ബൗളർമാർക്ക് ഒരു പാഠമായിരുന്നു. സ്റ്റാർക്ക് തന്റെ പന്തുകൾ ഫുള്ളർ ലെങ്തിൽ എറിഞ്ഞു, സ്റ്റമ്പിലേക്ക് ലക്ഷ്യം വച്ചു. ഇത് അദ്ദേഹത്തെ ആറ് വിക്കറ്റുകൾ നേടാൻ സഹായിച്ചു. രോഹിത് ശർമയെ പുറത്താക്കാൻ കമ്മിൻസ് എറിഞ്ഞ പന്തും ഇന്ത്യൻ ബൗളർമാർക്ക് പാഠമാണ്. ഓഫ് സ്റ്റമ്പിന് പുറത്ത് രോഹിത് അനായാസം പന്ത് ലീവ് ചെയ്യുന്നത് ശ്രദ്ദിച്ച കമ്മിൻസ് അടുത്ത പന്ത് ഓഫ് സ്റ്റമ്പിന്റെ ഏറ്റവും മുകളിൽ തട്ടുന്ന വിധത്തിൽ ലെങ്ങ്തിൽ എറിയുകയായിരുന്നു.
ഇന്ത്യൻ ബൗളർമാർ രണ്ടാം ദിവസം തങ്ങളുടെ തന്ത്രങ്ങളിൽ ചില മാറ്റങ്ങൾ വരുത്തിയെങ്കിലും അപ്പോഴേക്കും വളരെ വൈകിപ്പോയിരുന്നു. ഇന്ത്യക്ക് ഇനി മത്സരത്തിൽ തിരിച്ചുവരണമെങ്കിൽ മൂന്നാം ദിവസം ഇന്ത്യൻ ബാറ്റർമാർ മികച്ച രീതിയിൽ ബാറ്റ് വീശി ലീഡ് തിരിച്ചെടുക്കുകയും, ഓസ്‌ട്രേലിയയെ രണ്ടാം ഇന്നിങ്സിനയച്ചു ബൗളർമാർ മികച്ച പ്രകടനം കാഴ്ചവക്കേണ്ടതും അനിവാര്യമാണ്.