ഭേദിക്കപ്പെട്ടത് വെറും റെക്കോർഡുകൾ മാത്രമല്ല; ഓസീസിന് തീരാ തലവേദനയാണ് ഈ കണക്കുകൾ
പെർത്തിൽ നടന്ന ബോർഡർ-ഗവാസ്കർ ട്രോഫിയിലെ ആദ്യ ടെസ്റ്റിൽ ഓസ്ട്രേലിയയെ 295 റൺസിന് തകർത്ത് ചരിത്ര വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലെത്തി. മത്സരത്തിൽ നിരവധി റെക്കോർഡുകളും തകർക്കപ്പെട്ടു. തകർക്കപ്പെട്ട റെക്കോർഡുകളിൽ പലതും അഞ്ച് മത്സര പരമ്പരയിൽ ഓസ്‌ട്രേലിയയുടെ നെഞ്ചിടിപ്പ് ഏറ്റുന്നതാണ്.
ഒന്നും സംഭവിക്കാത്ത മട്ടിലായിരുന്നു മത്സര ശേഷം ഓസീസ് നായകൻ പാറ്റ് കമ്മിൻസിന്റെ പ്രതികരണം.
ഒരു തോൽവികൊണ്ട് ഒന്നും മാറാൻ പോവുന്നില്ല. ഞങ്ങൾ ഇപ്പോഴും ലോക ഒന്നാം നമ്പർ ടീം തന്നെയാണ്. അടുത്ത മത്സരത്തിൽ ശക്തമായി തിരിച്ചുവരും. ഇങ്ങനെയായിരുന്നു മത്സര ശേഷം കമ്മിൻസിന്റെ പ്രതികരണം.
Advertisement
എന്നാൽ പരമ്പരയിലെ ആദ്യ മത്സരത്തിൽ ദയനീയമായ പരാജയപ്പെട്ട ആതിഥേയർക്ക് മത്സരം വിശകലനം ചെയ്യുമ്പോൾ ആശാവഹമായി, കാര്യമായൊന്നും തന്നെ ഇല്ല എന്നതാണ് സത്യം.
പെർത്ത് ടെസ്റ്റിലെ പ്രധാന റെക്കോർഡുകൾ:
ഒപ്റ്റസ് സ്റ്റേഡിയത്തിൽ ഓസ്ട്രേലിയയുടെ ആദ്യ തോൽവി:
ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന അഞ്ച് ടെസ്റ്റുകളിൽ ആദ്യമായാണ് ഓസ്ട്രേലിയ പരാജയപ്പെടുന്നത്. ഇതിന് മുമ്പ് നടന്ന നാല് മത്സരങ്ങളിലും ഓസ്ട്രേലിയ വിജയിച്ചിരുന്നു. ഈ മത്സരത്തോടെ ഒപ്റ്റസ് സ്റ്റേഡിയത്തിൽ നടന്ന അഞ്ച് ടെസ്റ്റുകളിലും ആദ്യം ബാറ്റ് ചെയ്ത ടീം വിജയിച്ചു എന്ന റെക്കോർഡും സൃഷ്ടിക്കപ്പെട്ടു. പരമ്പരയിലെ ആദ്യ മത്സരം തങ്ങളുടെ ഏറ്റവും ഉറച്ച കോട്ടയിൽ ആസൂത്രണം ചെയ്ത ഓസീസ് തന്ത്രം പാളി. ഇന്ത്യക്ക് മേൽ സമ്മർദ്ധം ചെലുത്താൻ നടത്തിയ നീക്കം ഓസ്സീസിനു മേൽ അതിസമ്മർദത്തിലേക്ക് കാര്യങ്ങൾ എത്തിച്ചു.
ഇന്ത്യയുടെ ഏറ്റവും വലിയ വിജയം:
റൺസിന്റെ കണക്കിൽ ഇന്ത്യ ഓസ്ട്രേലിയയിൽ നേടുന്ന ഏറ്റവും വലിയ വിജയമാണിത്. ഇതിന് മുമ്പ് 1977 ൽ മെൽബണിൽ 222 റൺസിനായിരുന്നു ഓസ്ട്രേലിയയിൽ ഇന്ത്യയുടെ ഏറ്റവും വലിയ വിജയം.
ആദ്യ ഇന്നിംഗ്‌സിൽ കുറഞ്ഞ സ്കോർ:
ആദ്യ ഇന്നിംഗ്‌സിൽ 150ഓ അതിൽ കുറവോ റൺസിന് പുറത്തായ ശേഷം ഇന്ത്യ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത് ഇത് മൂന്നാം തവണയാണ്. 2004 ൽ വാങ്കഡെയിൽ ഓസ്ട്രേലിയയ്‌ക്കെതിരെ 104 റൺസിനും 2021 ൽ അഹമ്മദാബാദിൽ ഇംഗ്ലണ്ടിനെതിരെ 145 റൺസിനും പുറത്തായ ശേഷമാണ് ഇതിന് മുമ്പ് ഇന്ത്യ വിജയിച്ചത്. ഇന്ത്യയെ ആദ്യ ഇന്നിങ്സിൽ 150ന് പുറത്താക്കിയിട്ടും ബാറ്റ് ചെയ്യാനിറങ്ങിയ ഓസീസ് നിർണായകമായ 46 റൺസ് ലീഡ് വഴങ്ങിയിരുന്നു. പേസ് ബൗളിങ്ങിന്റെ പറുദീസയായ പെർത്തിൽ പിച്ചിന്റെ ആനുകൂല്യം മുതലാക്കിയത് ഇന്ത്യൻ പേസർമാരാണ് എന്നത് ഓസീസിന് വലിയ ആശങ്കയാണ്.
ഓസ്ട്രേലിയയുടെ ഏറ്റവും വലിയ തോൽവി:
ഈ മത്സരത്തിലെ 295 റൺസിന്റെ തോൽവി കഴിഞ്ഞ 40 വർഷത്തിനിടെ ഓസ്ട്രേലിയയുടെ റൺസിന്റെ കാര്യത്തിൽ ഏറ്റവും വലിയ രണ്ടാമത്തെ തോൽവിയാണ്. 2012 ൽ പെർത്തിൽ തന്നെ ദക്ഷിണാഫ്രിക്കയോട് 309 റൺസിന് പരാജയപ്പെട്ടതാണ് ഈ കാലയളവിലെ ഓസ്ട്രേലിയയുടെ ഏറ്റവും വലിയ തോൽവി.
ബുംറയുടെ മികച്ച പ്രകടനം:
ഈ മത്സരത്തിൽ ജസ്പ്രീത് ബുംറ 8 വിക്കറ്റുകൾ വീഴ്ത്തി. 8 വിക്കറ്റോ അതിൽ കൂടുതലോ വീഴ്ത്തിക്കൊണ്ട് ഒരു വിദേശ ടെസ്റ്റിൽ ഇത്രയും മികച്ച ബൗളിംഗ് ശരാശരി രേഖപ്പെടുത്തുന്ന രണ്ടാമത്തെ മാത്രം ഇന്ത്യൻ ബൗളർ ബുംറ. ഓസ്‌ട്രേലിയൻ പേസർമാർ നിറം മങ്ങിയപ്പോൾ ഇന്ത്യൻ നായകൻറെ പ്രകടനം വരും മത്സരങ്ങളിലും ആതിഥേയർക്ക് വെല്ലുവിളിയാകും.
ഓസ്ട്രേലിയയുടെ ബാറ്റിംഗ് തകർച്ച:
ഈ മത്സരത്തിൽ ഓസ്ട്രേലിയയുടെ ആദ്യ അഞ്ച് ബാറ്റ്സ്മാൻമാർ ചേർന്ന് നേടിയത് 57 റൺസ് മാത്രമാണ്. ടെസ്റ്റ് സ്പെഷ്യലിസ്റ്റുകളായ സ്മിത്തും, ലബുഷെയ്‌നും തുടർച്ചയായി പരാജയപ്പെടുന്നത് ഓസീസിന് വെല്ലുവിളിയാണ്. അരങ്ങേറ്റക്കാരനായ ഓപ്പണർ മ്കസ്വീനി ഇതുവരെ താളം കണ്ടെത്തിയിട്ടില്ല. മധ്യനിരയും, വാലറ്റ നിരയുമാണ് ഓസീസിന്റെ തോൽവിയുടെ ഭാരം അൽപമെങ്കിലും കുറച്ചത്.
മത്സര വിശകലനം:
ആദ്യ ഇന്നിംഗ്സിൽ ബാറ്റിംഗ് തകർച്ച നേരിട്ടെങ്കിലും രണ്ടാം ഇന്നിംഗ്സിൽ ശക്തമായി തിരിച്ചുവന്ന ഇന്ത്യൻ ടീമിന്റെ മികച്ച പ്രകടനമാണ് ഈ വിജയത്തിന് പിന്നിൽ. യശസ്വി ജയ്‌സ്വാളിന്റെയും വിരാട് കോഹ്ലിയുടെയും സെഞ്ച്വറികളും ജസ്പ്രീത് ബുംറയുടെയും, സിറാജിന്റെയും മികച്ച ബൗളിംഗ് പ്രകടനവും വിജയത്തിൽ നിർണായകമായി.