അയാള്‍ക്ക് 30 കോടി രൂപ ലഭിക്കും, വമ്പന്‍ പ്രവചനവുമായി സുരേഷ് റെയ്‌ന
ഐപിഎല്‍ 2025 മെഗാ ലേലത്തിന് ആവേശം കൊഴുക്കുകയാണ്. ക്രിക്കറ്റ് വിദഗ്ധര്‍ സോഷ്യല്‍ മീഡിയയില്‍ ഓരോ ഫ്രാഞ്ചൈസിയും എങ്ങനെ ലേലത്തെ സമീപിക്കണമെന്നതിനെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ ചര്‍ച്ച ചെയ്യുന്നു. പല കാരണങ്ങളാല്‍ ടീമുകള്‍ നിലനിര്‍ത്താത്ത പ്രമുഖ കളിക്കാരില്‍ ഒരാളാണ് റിഷഭ് പന്ത്.
മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്ന അടുത്തിടെ നടത്തിയ ഒരു ചര്‍ച്ചയില്‍, പന്തിന് 25 കോടി രൂപയിലധികം ലഭിക്കുമെന്ന് കട്ടം പറയുന്നു. ക്രിക്കറ്റ് മൈതാനത്തിന് അകത്തും പുറത്തുമുള്ള പന്തിന്റെ പ്രശസ്തിയും അദ്ദേഹത്തിന്റെ മികച്ച പ്രകടനവും കണക്കിലെടുത്താണ് റെയ്ന ഈ പ്രവചനം നടത്തുന്നത്.
'നമ്മള്‍ ഇതിനെ ഒരു അവസരമായി കാണണം. ഓസ്ട്രേലിയന്‍ കളിക്കാര്‍ക്ക് വലിയ തുക ലഭിക്കുന്നുണ്ടെങ്കില്‍, നമ്മുടെ കളിക്കാര്‍ക്ക് എന്തുകൊണ്ട് ലഭിക്കരുത്! പന്ത് ഒരു ക്യാപ്റ്റനും മികച്ച കളിക്കാരനും വിക്കറ്റ് കീപ്പറുമാണ്. അദ്ദേഹത്തിന്റെ ബ്രാന്‍ഡ് മൂല്യം കണക്കിലെടുക്കുമ്പോള്‍, 25-30 കോടി രൂപ അദ്ദേഹത്തിന് ലഭിക്കണം,' റെയ്ന ദി ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു.
റിഷഭിനെ ടീമിലെടുക്കാന്‍ ഏതൊക്കെ ഫ്രാഞ്ചൈസികള്‍ ശ്രമിച്ചേക്കാമെന്നും റെയ്ന ചര്‍ച്ച ചെയ്തു.
'റിഷഭിന് എവിടെയും കപ്പ് നേടാനുള്ള കഴിവുണ്ട്. ഡല്‍ഹിയില്‍ അദ്ദേഹം കഠിനമായി പ്രയത്‌നിച്ചു. ചെന്നൈ സൂപ്പര്‍ കിംഗ്സിന് 55 കോടി രൂപ ബാക്കിയുണ്ട്. ഒരു കളിക്കാരനെ 25-30 കോടിക്ക് വാങ്ങിയാല്‍, 18 അംഗ ടീമിനെ ഉണ്ടാക്കണം. പഞ്ചാബിന് പണമുണ്ട് (110.50 കോടി), ഡല്‍ഹിക്ക് ആര്‍ടിഎം ഉണ്ട്. അദ്ദേഹം ആര്‍സിബിയിലേക്ക് (83 കോടി ബാക്കി) പോയാല്‍ ഞാന്‍ അത്ഭുതപ്പെടില്ല, കാരണം അവര്‍ ഒരു ക്യാപ്റ്റനെ തിരയുകയാണ്,' റെയ്ന കൂട്ടിച്ചേര്‍ത്തു.
2021, 2022, 2024 വര്‍ഷങ്ങളില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെ പന്ത് നയിച്ചിരുന്നു. മികച്ച ബാറ്റിംഗ് പ്രകടനം പുറത്തെടുത്തെങ്കിലും, ഒരിക്കല്‍ മാത്രമാണ് ഡല്‍ഹിയെ പ്ലേഓഫിലെത്തിക്കാന്‍ പന്തിന് കഴിഞ്ഞത്. എന്നിരുന്നാലും, ഒരു നല്ല നായകനാകാനുള്ള ഗുണങ്ങള്‍ പന്തിനുണ്ടെന്ന് അദ്ദേഹം തെളിയിച്ചു കഴിഞ്ഞു.