റണ്ണൗട്ടാക്കിയ താരത്തെ തിരിച്ച് വിളിച്ച് പൂരാന്‍, കൈയ്യടിക്കടാ ഈ ക്രിക്കറ്റിന്
ഇന്റര്‍നാഷണല്‍ ലീഗ് ടി20 ടൂര്‍ണമെന്റില്‍ എംഐ എമിറേറ്റ്‌സും ഗള്‍ഫ് ജയന്റ്‌സും തമ്മിലുള്ള പോരാട്ടത്തില്‍ ചില നാടകീയ സംഭവങ്ങളുണ്ടായി. പുറത്തായ താരത്തെ തിരിച്ചുവിളിച്ചാണ് എംഐ എമറേറ്റ്‌സ് നാകന്‍ നിക്കോളാസ് പൂരന്‍ ക്രിക്കറ്റ് ലോകത്തിന്റെ കെയ്യടി നേടിയത്.
ഗള്‍ഫ് ജയന്റ്‌സിന് ജയിക്കാന്‍ 13 പന്തില്‍ 18 റണ്‍സ് മാത്രം വേണ്ടിയിരിക്കെയാണ് വിവാദ സംഭവമുണ്ടായത്. ഗള്‍ഫ് ജയന്റ്‌സ് ബാറ്റര്‍ ടോം കറണെ എംഐ എമിറേറ്റ്‌സ് ക്യാപ്റ്റന്‍ നിക്കോളാസ് പുരാന്‍ റണ്ണൗട്ടാക്കി. പുറത്താക്കല്‍ വിവാദമായതോടെ കറണിനെ ക്രീസിലേക്ക് തിരികെ വിളിക്കുകയായിരുന്നു.
അല്‍സാരി ജോസഫ് എറിഞ്ഞ പതിനെട്ടാം ഓവറിലെ അവസാന പന്തില്‍ മാര്‍ക്ക് അഡയര്‍ സിംഗിള്‍ നേടിയ ശേഷം അനാവശ്യമായി ക്രീസ് വിട്ട് പുറത്തേക്ക് നടന്ന കറണിനെയാണ് വിക്കറ്റ് കീപ്പര്‍ പുരാന്‍ റണ്ണൗട്ടാക്കിയത്. ലോംഗ് ഓഫില്‍ ഫീല്‍ഡ് ചെയ്ത കെയ്‌റോണ്‍ പൊള്ളാര്‍ഡ് പന്ത് വിക്കറ്റ് കീപ്പര്‍ നിക്കോളാസ് പുരാന് ത്രോ ചെയ്തു നല്‍കി. ഈ സമയം സിംഗിള്‍ പൂര്‍ത്തിയാക്കിയശേഷം ഓവര്‍ കഴിഞ്ഞതിനാല്‍ ക്രീസ് വിട്ട് നോണ്‍ സ്‌ട്രൈക്കിംഗ് എന്‍ഡിലേക്ക് നടന്ന ടോം കറനെ പന്ത് കൈയില്‍ കിട്ടിയ ഉടനെ നിക്കോളാസ് പുരാന്‍ റണ്ണൗട്ടാക്കുകയായിരുന്നു.
അമ്പയറുടെ അനുമതി ചോദിക്കാതെ ക്രീസ് വിട്ട് നടന്ന ടോം കറനെ റണ്ണൗട്ടാക്കിയ അപ്പീല്‍ അമ്പയര്‍ മൂന്നാം അമ്പയര്‍ക്ക് വിട്ടു. ടിവി അമ്പയര്‍ വിശദമായ പരിശോധനക്ക് ശേഷം പുരാന്റെ അപ്പീല്‍ അനുവദിച്ച് അത് ഔട്ടാണെന്ന് വിധിച്ചു. എന്നാല്‍ എംഐ എമിറേറ്റ്‌സ് പരിശീലകന്‍ ആന്‍ഡി ഫ്‌ലവറിന്റെ ഇടപെടലിനെ തുടര്‍ന്ന് പുരാന്‍ അപ്പീല്‍ പിന്‍വലിച്ചു.
റണ്ണൗട്ടില്‍ നിന്ന് രക്ഷപ്പെട്ട കറണ്‍ അവസാന ഓവറില്‍ പുറത്തായെങ്കിലും ഗള്‍ഫ് ജയന്റ്‌സ് അവസാന പന്തില്‍ വിജയം നേടി.