ഐപിഎല്‍ തീയ്യതിയില്‍ നാടകീയ മാറ്റം, പുതിയ സെക്രട്ടറിയെ പ്രഖ്യാപിച്ച് ബിസിസിഐ
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ (ഐപിഎല്‍) 18-ാം സീസണ്‍ ഈ വര്‍ഷം മാര്‍ച്ച് 23ന് ആരംഭിക്കുമെന്ന് ബിസിസിഐ പ്രഖ്യാപനം. ബിസിസിഐ വൈസ് പ്രസിഡന്റ് രാജീവ് ശുക്ലയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. നേരത്തെ മാര്‍ച്ച് 14ന് ആരംഭിക്കുമെന്ന് നിശ്ചയിച്ചിരുന്ന ടൂര്‍ണമെന്റ് ഒരാഴ്ചയിലേറെ വൈകിയാണ് തുടങ്ങുക.
ബിസിസിഐയുടെ പ്രത്യേക ജനറല്‍ യോഗത്തിലാണ് ഈ തീരുമാനമെടുത്തത്. യോഗത്തില്‍ പുതിയ സെക്രട്ടറിയെയും ട്രഷററെയും ഔദ്യോഗികമായി നിയമിക്കുകയും ചെയ്തു.
ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മാര്‍ച്ച് ഒന്‍പതിനാണ് നടക്കുന്നത്. അതിന് ശേഷം നടക്കുന്ന ഐപിഎല്ലിന്റെ തുടക്ക തീയതി മാറ്റിയതിലൂടെ ടൂര്‍ണമെന്റിന് ശേഷം കളിക്കാര്‍ക്ക് ആവശ്യമായ വിശ്രമം ലഭിക്കും. നേരത്തെയുള്ള ഷെഡ്യൂള്‍ അനുസരിച്ച്, ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ കളിക്കുന്ന താരങ്ങള്‍ക്ക് ഐപിഎല്ലിനായി തയ്യാറെടുക്കാന്‍ നാലോ അഞ്ചോ ദിവസങ്ങള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍ ഇപ്പോള്‍, അവര്‍ക്ക് രണ്ടാഴ്ചത്തെ സമയം ലഭിക്കും.
ഫെബ്രുവരി 19ന് ആരംഭിക്കുന്ന ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ മത്സരങ്ങള്‍ ദുബായിലാണ് നടക്കുക. ലാഹോര്‍, റാവല്‍പിണ്ടി, കറാച്ചി എന്നിവിടങ്ങളിലാണ് പാകിസ്ഥാനിലെ മത്സരങ്ങള്‍.
ഐപിഎല്‍ ചര്‍ച്ചകള്‍ക്ക് പുറമേ, ബിസിസിഐയുടെ പുതിയ സെക്രട്ടറിയായി ദേവജിത് സൈക്കിയയെയും ട്രഷററായി പ്രഭ്തേജ് സിംഗ് ഭാട്ടിയയെയും തിരഞ്ഞെടുത്തു. ജയ് ഷായുടെയും ആശിഷ് ഷെലാറിന്റെയും ഒഴിവുകളിലേക്കാണ് ഇവരെ തിരഞ്ഞെടുത്തത്.
ഐസിസി ചെയര്‍മാനായി ജയ് ഷാ നിലവില്‍ പ്രവര്‍ത്തിക്കുന്നത്. മഹാരാഷ്ട്ര സര്‍ക്കാരില്‍ മന്ത്രിയായതിനെ തുടര്‍ന്ന് ഷെലാര്‍ രാജിവച്ചിരുന്നു.