ഐപിഎല്ലിലെ പുതിയ നിയമത്തിന്റെ ആദ്യ ഇര, സ്റ്റബ്‌സിന്റെ വിക്കറ്റിലേക്ക് നയിച്ചത് ഇങ്ങനെ
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സും ലഖ്നൗ സൂപ്പര്‍ ജയന്റ്‌സും തമ്മിലുള്ള മത്സരത്തില്‍ പുതിയതായി ബിസിസിഐ നടപ്പിലാക്കിയ നിയമം നാടകീയമായ വഴിത്തിരിവിന് കാരണമായി. ഡല്‍ഹി താരം ട്രിസ്റ്റന്‍ സ്റ്റബ്‌സിന്റെ വിക്കറ്റ് വീഴ്ച്ചയിലാണ് ഈ നിയമം നിര്‍ണായകമായത്.
മത്സരത്തിന്റെ 13-ാം ഓവറില്‍, ട്രിസ്റ്റന്‍ സ്റ്റബ്‌സ് ലഖ്നൗവിനെതിരെ ആക്രമണം അഴിച്ചുവിട്ടു. മണിമാരന്‍ സിദ്ധാര്‍ത്ഥിന്റെ പന്തുകളില്‍ രണ്ട് കൂറ്റന്‍ സിക്‌സറുകളാണ് സ്റ്റബ്‌സ് പറത്തിയത്. അതില്‍ രണ്ടാമത്തെ സിക്‌സര്‍ അതിര്‍ത്തിവര കടന്ന് വളരെ ദൂരേക്ക് പതിച്ചു. ആ നിമിഷത്തിലാണ് അമ്പയര്‍മാര്‍ കളിയില്‍ ഇടപെട്ടത്. മഞ്ഞ് കാരണം പന്ത് നനഞ്ഞെന്ന് കണ്ടത്തിയതോടെ, പുതിയ നിയമം അനുസരിച്ച് പന്ത് മാറ്റാന്‍ തീരുമാനിച്ചു. രണ്ടാമത്തെ ഇന്നിംഗ്സില്‍ 11 ഓവറിന് ശേഷം പന്ത് മാറ്റാനുള്ള നിയമം ലഖ്നൗവിന് അനുകൂലമായി.
പന്ത് മാറിയതിന് ശേഷം സംഭവിച്ചത്?
പുതിയ പന്ത് ഉണങ്ങിയതായിരുന്നു. ഇത് ലഖ്നൗവിന് ഗുണം ചെയ്തു. സിദ്ധാര്‍ത്ഥിന്റെ പന്ത് തിരിഞ്ഞതോടെ സ്റ്റബ്‌സ് കബളിപ്പിക്കപ്പെട്ടു. 21 പന്തില്‍ 34 റണ്‍സെടുത്ത സ്റ്റബ്‌സ് പുറത്തായി.
പുതിയ നിയമം ഇങ്ങനെ:
സായാഹ്ന മത്സരങ്ങളില്‍ മഞ്ഞ് കാരണം ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍, രണ്ടാമത് പന്തെറിയുന്ന ടീമിന് 10-ാം ഓവറിന് ശേഷം ഒരു തവണ പന്ത് മാറ്റാന്‍ ആവശ്യപ്പെടാം. മഞ്ഞ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ബൗളിംഗ് ക്യാപ്റ്റന് ഈ ആവശ്യം ഉന്നയിക്കാം. ആവശ്യം ഉന്നയിച്ചാല്‍ അമ്പയര്‍മാര്‍ സമാനമായ തേയ്മാനമുള്ള മറ്റൊരു പന്ത് നല്‍കണം. പകരമുള്ള പന്ത് തിരഞ്ഞെടുക്കാന്‍ ബൗളിംഗ് ടീമിന് അവകാശമില്ല.
പന്ത് നനഞ്ഞതോ, രൂപം മാറിയതോ, നഷ്ടപ്പെട്ടതോ, കേടായതോ ആണെങ്കില്‍ 10-ാം ഓവറിന് മുമ്പ് ഏത് സമയത്തും പന്ത് മാറ്റാന്‍ അമ്പയര്‍മാര്‍ക്ക് അധികാരമുണ്ട്. 11-ാം ഓവറില്‍ ക്യാപ്റ്റന്‍ പന്ത് മാറ്റാന്‍ ആവശ്യപ്പെട്ടാല്‍, അമ്പയര്‍മാര്‍ ആവശ്യം വിലയിരുത്തി അംഗീകരിക്കും. മഞ്ഞ് കാരണം തുടര്‍ച്ചയായി പന്ത് മാറ്റാന്‍ ആവശ്യപ്പെട്ടാല്‍, നിയമം അനുസരിച്ച് അമ്പയര്‍മാര്‍ പന്ത് മാറ്റണം.
അതെസമയം സ്റ്റബ്‌സിന്റെ പുറത്താകല്‍ അതിജീവിക്കാന്‍ ഡല്‍ഹിയ്ക്കായി അശുതോഷ് ശര്‍മ്മയുടെ 31 പന്തില്‍ 61 റണ്‍സിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ മികവില്‍ ഡല്‍ഹി ഒരു വിക്കറ്റിന് വിജയം നേടി. വിപ്രാജ് നിഗം 15 പന്തില്‍ 39 റണ്‍സെടുത്തു.