ഐപിഎൽ 2025 മെഗാ ലേലം ഇന്ന്; എവിടെ ലൈവ് കാണാം? എന്താണ് റൈറ്റ് ടു മാച്ച്? അറിയേണ്ടതെല്ലാം
ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2025 മെഗാ ലേലം നവംബർ 24, 25 തീയതികളിൽ നടക്കും. ഐപിഎൽ 2025 സീസണിലേക്ക് ടീമുകൾ പുനർനിർമ്മിക്കുന്നതിനുള്ള തയ്യാറെടുപ്പിൽ ആവേശത്തോടെ ലേലത്തിൽ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്. മൂന്ന് വർഷത്തിലൊരിക്കൽ നടക്കുന്ന രണ്ട് ദിവസത്തെ മെഗാ ലേലത്തിൽ ഋഷഭ് പന്ത്, മിച്ചൽ സ്റ്റാർക്ക്, കെഎൽ രാഹുൽ, ജോസ് ബട്ട്ലർ തുടങ്ങിയ വമ്പൻ താരങ്ങളാണ് ഇത്തവണ ശ്രദ്ധാകേന്ദ്രം. 10 ഐപിഎൽ ഫ്രാഞ്ചൈസികൾ, മൊത്തം 577 കളിക്കാർക്കായി വാശിയോടെ ലേലത്തിൽ പങ്കെടുക്കും.
തീയതി, സമയം, വേദി
ഐപിഎൽ ലേലം നവംബർ 24 ഞായറാഴ്ചയും നവംബർ 25 തിങ്കളാഴ്ചയുമാണ് നടക്കുക. ആദ്യമായി, സൗദി അറേബ്യയിലെ ജിദ്ദ നഗരത്തിലെ അബാദി അൽ ജോഹർ അരീനയിലാണ് ഐപിഎൽ ലേലം നടക്കുന്നത്. 15,000 പേർക്ക് ഒരേസമയം ഇരിക്കാവുന്ന അരീനയാണിത്. രണ്ട് ദിവസവും ലേലം ഉച്ചകഴിഞ്ഞ് 3:30ന് (IST) ആരംഭിക്കും.
കളിക്കാരുടെ എണ്ണം
മെഗാ ലേലത്തിൽ മൊത്തം 577 കളിക്കാർ പങ്കെടുക്കും. 367 പേർ ഇന്ത്യക്കാരും 210 പേർ വിദേശികളുമാണ്. യഥാർത്ഥത്തിൽ, 574 കളിക്കാരാണ് ലേലത്തിന് രജിസ്റ്റർ ചെയ്തിരുന്നത്, പിന്നീട് ഇംഗ്ലണ്ടിന്റെ ജോഫ്ര ആർച്ചർ, യുഎസ്എയുടെ സൗരഭ് നേത്രവൽക്കർ, ഇന്ത്യയുടെ ഹാർദിക് താമോർ എന്നിവരെ പട്ടികയിൽ ഉൾപ്പെടുത്തി. ലേലം അവസാനിക്കുമ്പോൾ ഓരോ ഐപിഎൽ ടീമിലും കുറഞ്ഞത് 18 കളിക്കാരെങ്കിലും ഉണ്ടായിരിക്കണം.
ബജറ്റും റൈറ്റ് ടു മാച്ച് (RTM) കാർഡും
എല്ലാ ഐപിഎൽ ഫ്രാഞ്ചൈസികൾക്കും 120 കോടി രൂപയുടെ ബജറ്റാണുള്ളത്, എന്നാൽ നിലനിർത്തൽ ഘട്ടത്തിന് ശേഷം അതിലും കുറഞ്ഞ തുകയുമായാണ് എല്ലാ ടീമുകളും ലേലത്തിൽ പങ്കെടുക്കുന്നത്. പഞ്ചാബ് കിംഗ്‌സിനാണ് (PBKS) ലേലത്തിൽ ഏറ്റവും ഉയർന്ന പണം (110.5 കോടി രൂപ), രാജസ്ഥാൻ റോയൽസിനാണ് (RR) ഏറ്റവും കുറവ് (41 കോടി രൂപ).
റൈറ്റ് ടു മാച്ച്:
ഐപിഎൽ ലേലത്തിൽ റൈറ്റ് ടു മാച്ച് (RTM) എന്ന നിയമം ഉൾപ്പെടുത്തിയിട്ടുണ്ട്, ഇത് മുൻ ഫ്രാഞ്ചൈസികൾക്ക്, ലേലത്തിൽ വിറ്റുപോയ തുകയേക്കാൾ ഉയർന്ന തുകയ്ക്ക് തങ്ങളുടെ മുൻ കളിക്കാരനെ തിരികെ വാങ്ങാനുള്ള ഓപ്ഷൻ നൽകുന്നു. എന്നിരുന്നാലും, ഈ വർഷം ഒരു മാറ്റമുണ്ട്.
ഒരു ടീം ആർടിഎം ഉപയോഗിക്കുകയാണെങ്കിൽ, ലേലത്തിൽ വിജയിച്ച ടീമിന് ഒരു അവസാന ബിഡ് നടത്താനും തുക ഉയർത്താനും അവസരം ലഭിക്കും. കളിക്കാരന്റെ പഴയ ഫ്രാഞ്ചൈസി അവസാന ബിഡിൽ ആർടിഎം ഉപയോഗിക്കാൻ തിരഞ്ഞെടുക്കുകയാണെങ്കിൽ, അവർക്ക് കളിക്കാരനെ വിജയകരമായി തിരികെ വാങ്ങാൻ കഴിയും.
ഉദാഹരണത്തിന്, കെഎൽ രാഹുലിനെ പഞ്ചാബ് കിംഗ്‌സ് (PBKS) 15 കോടി രൂപയ്ക്ക് വാങ്ങുകയും, അദ്ദേഹത്തിന്റെ മുൻ ഫ്രാഞ്ചൈസി ലക്‌നൗ സൂപ്പർ ജയന്റ്സ് (LSG) അവരുടെ ആർടിഎം ഉപയോഗിക്കുകയും ചെയ്യുകയാണെങ്കിൽ, PBKSന് അവരുടെ ബിഡ് വർദ്ധിപ്പിക്കാൻ ഒരു അവസരം നൽകും. PBKS 17 കോടി രൂപയുടെ ഒരു അവസാന ബിഡ് നൽകുകയാണെങ്കിൽ, LSGക്ക് ആ തുക നൽകിയാൽ രാഹുലിനെ തിരികെ വാങ്ങാൻ കഴിയും. അല്ലെങ്കിൽ, ആർടിഎം കാർഡ് അസാധുവാകും.
ലൈവ് സ്ട്രീമിംഗ്
സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലാണ് ഐപിഎൽ ലേലം തത്സമയം സംപ്രേഷണം ചെയ്യുന്നത്. ജിയോ സിനിമ ആപ്പിലും വെബ്‌സൈറ്റിലും ലേലം തത്സമയം സ്ട്രീം ചെയ്യും.