ആർസിബിയുടെ മണ്ടത്തരത്തിന് അംബാനിയുടെ കൈ, കൗമാരതാരത്തിന് കോടികളുടെ കിലുക്കം; ഐപിഎൽ ലേലത്തിലെ പ്രധാന സംസാര വിഷയങ്ങൾ ഇങ്ങനെ
സൗദി അറേബ്യയിലെ ജിദ്ദയിൽ നവംബർ 24, 25 തീയതികളിൽ നടന്ന ഐപിഎൽ 2025 മെഗാ ലേലത്തിൽ 182 കളിക്കാർക്കായി ടീമുകൾ വാശിയേറിയ ലേലം വിളിയാണ് നടത്തിയത്. പല താരങ്ങളും വമ്പൻ തുകയ്ക്ക് ലേലത്തിൽ പോയപ്പോൾ, ആരാധകരുടെ ഇഷ്ടതാരങ്ങളായ ചില താരങ്ങൾക്ക് ആവശ്യക്കാർ ആരും ഇല്ലാതെ പോയതും ശ്രദ്ധേയമായി. ലേലത്തിൽ നിന്നുള്ള പ്രധാനപ്പെട്ട ഏഴ് കാര്യങ്ങൾ ഇതാ:
ഇന്ത്യൻ താരങ്ങൾക്ക് ആവശ്യക്കാർ ഏറെ
ഋഷഭ് പന്ത്, ശ്രേയസ് അയ്യർ, വെങ്കിടേഷ് അയ്യർ എന്നിവർക്ക് വൻ തുകയാണ് ലഭിച്ചത്. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 27 കോടി രൂപയ്ക്ക് പന്തിനെ സ്വന്തമാക്കി റെക്കോർഡിട്ടു. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും പണക്കിലുക്കമുള്ള താരമായി ഇതോടെ പന്ത് മാറി. പഞ്ചാബ് കിംഗ്‌സ് 26.75 കോടിക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കി റെക്കോർഡിട്ട് മിനിറ്റുകൾക്കകമാണ് പന്തിന്റെ പേരിൽ പുതിയ റെക്കോർഡ് കുറിക്കപ്പെട്ടത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ് 23.75 കോടിക്ക് വെങ്കിടേഷ് അയ്യരെ വാങ്ങിയതും വലിയ സംസാരവിഷയമായി.
ബൗളർമാർക്കും വൻ തുക
അർഷ്ദീപ് സിംഗ്, യുസ്‌വേന്ദ്ര ചാഹൽ എന്നിവർക്ക് 18 കോടി രൂപ വീതം ലഭിച്ചു. ജോഫ്ര ആർച്ചർ (12.50 കോടി, രാജസ്ഥാൻ റോയൽസ്), ജോഷ് ഹേസൽവുഡ് (12.50 കോടി, ആർസിബി), മുഹമ്മദ് സിറാജ് (12.25 കോടി, ഗുജറാത്ത് ടൈറ്റൻസ്) എന്നിവർക്കും വൻ തുക ലഭിച്ചു.
ആർസിബിയുടെ വിൽ ജാക്സ് പിഴവ്
റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർസിബി) തങ്ങളുടെ സ്റ്റാർ ഓൾ റൗണ്ടർ വിൽ ജാക്സിനെ തിരിച്ചുവാങ്ങാൻ റൈറ്റ് ടു മാച്ച് (ആർടിഎം) കാർഡ് ഉപയോഗിച്ചില്ല. മുംബൈ ഇന്ത്യൻസ് 5.25 കോടി രൂപയ്ക്ക് അദ്ദേഹത്തെ സ്വന്തമാക്കി. മുംബൈ ഇന്ത്യൻസ് ഉടമ ആകാശ് അംബാനി ആർസിബിയുടെ ലേല മേശയിലേക്ക് പോയി അവരുടെ മാനേജ്‌മെന്റുമായി കൈ കുലുക്കിയത് ലേലത്തിലെ ഒരു സംസാര വിഷയമായി. ഐപിഎൽ തുടങ്ങിയാലും ഈ ദൃശ്യം വലിയ സംസാരവിഷയമായി തന്നെ തുടരും എന്നുറപ്പാണ്.
പ്രമുഖർ വിറ്റുപോയില്ല
പിയൂഷ് ചൗള, ഡേവിഡ് വാർണർ, കെയ്ൻ വില്യംസൺ, ഉമേഷ് യാദവ്, സ്റ്റീവ് സ്മിത്ത് തുടങ്ങിയ പ്രമുഖർക്ക് ആവശ്യക്കാരാരും ഉണ്ടായില്ല. ഐപിഎലിലെ ഏറ്റവും വലിയ താരങ്ങളിൽ ഒരാളായ ഡേവിഡ് വാർണർക്ക് പോലും ആവശ്യക്കാരില്ലാതെ പോയത് ആരാധകർക്ക് വലിയ ആശ്ചര്യമായി.
പ്രതീക്ഷ നൽകുന്ന താരങ്ങൾക്കും തിരിച്ചടി
ആദിൽ റഷീദ്, കേശവ് മഹാരാജ്, പൃഥ്വി ഷാ, ശാർദുൽ താക്കൂർ, സർഫറാസ് ഖാൻ, ഫിൻ അലൻ, കെയ്ൽ മേയേഴ്‌സ്, ഡീവാൾഡ് ബ്രെവിസ് തുടങ്ങിയവരെയും ലേലത്തിൽ ആരും ഏറ്റെടുത്തില്ല. നിലവിൽ ഇന്ത്യൻ താരമായിരുന്നിട്ടു കൂടി സർഫറാസ് ഖാൻ വിൽക്കപ്പെടാതെ പോയപ്പോൾ, താരത്തിന്റെ സഹോദരൻ മുഷീർ ഖാനെ പഞ്ചാബ് കിങ്‌സ് 30ലക്ഷം രൂപക്ക് സ്വന്തമാക്കി.
ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനും ഏറ്റവും പ്രായം കൂടിയ കളിക്കാരനും
13-കാരനായ വൈഭവ് സൂര്യവംശി രാജസ്ഥാൻ റോയൽസിന് 1.10 കോടി രൂപയ്ക്ക് വിറ്റുപോയി. 42-കാരനായ ഇംഗ്ലണ്ട് താരം ജെയിംസ് ആൻഡേഴ്‌സണെ എന്നാൽ ആരും വാങ്ങിയില്ല.
അൺക്യാപ്ഡ് കളിക്കാർക്കും പണക്കിലുക്കം
റാസിഖ് സലാം ദാറിനെ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ 6 കോടി രൂപയ്ക്ക് സ്വന്തമാക്കി. നമൻ ധീറിനെ മുംബൈ ഇന്ത്യൻസ് 5.25 കോടി രൂപയ്ക്കും, അബ്ദുൾ സമദിനെ ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് 4.20 കോടി രൂപയ്ക്കും വാങ്ങി. നെഹൽ വധേരയെ പഞ്ചാബ് കിംഗ്‌സ് 4.20 കോടി രൂപയ്ക്ക് സ്വന്തമാക്കി.