Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

90 പന്തില്‍ 190!. ഞെട്ടിച്ച് വൈഭവ് വീണ്ടും, അക്ഷരാര്‍ത്ഥത്തില്‍ കൊടുങ്കാറ്റായി കൗമാര താരം

06:24 PM Jun 12, 2025 IST | Fahad Abdul Khader
Updated At : 06:24 PM Jun 12, 2025 IST
Advertisement

ഇന്ത്യന്‍ ക്രിക്കറ്റിലെ പുത്തന്‍ താരോദയം എന്ന വിശേഷണം തനിക്ക് എത്രത്തോളം ചേര്‍ന്നതാണെന്ന് ഒരിക്കല്‍ കൂടി അടിവരയിടുകയാണ് യുവതാരം വൈഭവ് സൂര്യവംശി. ഐപിഎല്‍ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി കാഴ്ചവെച്ച അവിശ്വസനീയ പ്രകടനങ്ങള്‍ക്ക് ശേഷം, ഇന്ത്യന്‍ അണ്ടര്‍ 19 ടീമിനൊപ്പവും തന്റെ ബാറ്റിംഗ് വെടിക്കെട്ട് തുടരുകയാണ് ഈ കൗമാരക്കാരന്‍. ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ബംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ (എന്‍സിഎ) നടന്ന പരിശീലന മത്സരത്തില്‍ വെറും 90 പന്തില്‍ 190 റണ്‍സാണ് വൈഭവ് അടിച്ചുകൂട്ടിയത്.

Advertisement

ഐപിഎല്ലിലെ അത്ഭുത ബാലന്‍

2025 ഐപിഎല്‍ സീസണ്‍ ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്ത പേരുകളിലൊന്നായിരുന്നു രാജസ്ഥാന്‍ റോയല്‍സിന്റെ 14-കാരനായ വൈഭവ് സൂര്യവംശിയുടേത്. സീസണില്‍ കളിച്ച ഏഴ് മത്സരങ്ങളില്‍ നിന്ന് 252 റണ്‍സാണ് താരം നേടിയത്. ഒരു ഇന്ത്യക്കാരന്റെ ഏറ്റവും വേഗതയേറിയ ഐപിഎല്‍ സെഞ്ച്വറി (35 പന്തില്‍) ഈ സീസണില്‍ വൈഭവ് സ്വന്തം പേരില്‍ കുറിച്ചിരുന്നു. 206.56 എന്ന ഞെട്ടിക്കുന്ന സ്‌ട്രൈക്ക് റേറ്റില്‍ ബാറ്റ് വീശിയ താരം, 24 സിക്‌സറുകളാണ് സീസണില്‍ പറത്തിയത്. അതിന്റെ ഫലമായി, സീസണിലെ ഏറ്റവും മികച്ച സ്‌ട്രൈക്ക് റേറ്റിനുള്ള പുരസ്‌കാരവും വൈഭവ് സ്വന്തമാക്കി.

Advertisement

പരിശീലന മത്സരത്തിലെ താണ്ഡവം

ഇന്ത്യന്‍ അണ്ടര്‍ 19 ടീമിന്റെ ഇംഗ്ലണ്ട് പര്യടനത്തിന് മുന്നോടിയായി ചൊവ്വാഴ്ച നടന്ന പരിശീലന മത്സരത്തിലായിരുന്നു വൈഭവിന്റെ ഈ മിന്നും പ്രകടനം. മത്സരത്തിന്റെ തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച താരം ഗ്രൗണ്ടിന്റെ നാലുപാടും ഷോട്ടുകള്‍ പായിച്ചു. വെറും 90 പന്തുകള്‍ നേരിട്ട വൈഭവ് 190 റണ്‍സ് നേടി പുറത്താവുകയായിരുന്നു. അനായാസം ഒരു ഇരട്ട സെഞ്ചുറി നേടാന്‍ സാധിക്കുമായിരുന്നിട്ടും, അത് നേടാനാവാതെ പുറത്തായത് മാത്രമായിരുന്നു ആരാധകര്‍ക്ക് നിരാശ നല്‍കിയത്. ഈ പ്രകടനം വരാനിരിക്കുന്ന ഇംഗ്ലണ്ട് പര്യടനത്തില്‍ വൈഭവ് ഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടാവുമെന്ന് ഉറപ്പിച്ചു പറയുന്നു.

ഇന്ത്യന്‍ അണ്ടര്‍ 19 ടീമും മലയാളി സാന്നിധ്യവും

ജൂണ്‍ 24-നാണ് ഇന്ത്യന്‍ അണ്ടര്‍ 19 ക്രിക്കറ്റ് ടീമിന്റെ ഇംഗ്ലണ്ട് പര്യടനം ആരംഭിക്കുന്നത്. പര്യടനത്തില്‍ അഞ്ച് ഏകദിനങ്ങളും രണ്ട് ദ്വിദിന മത്സരങ്ങളുമാണുള്ളത്. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിന്റെ ഓപ്പണറായ ആയുഷ് മാത്രെയാണ് ടീമിനെ നയിക്കുന്നത്. ചെന്നൈ നായകന്‍ ഋതുരാജ് ഗെയ്ക്വാദിന് പരിക്കേറ്റപ്പോഴാണ് 17-കാരനായ ആയുഷ് ടീമില്‍ ഇടംപിടിച്ചത്.

ഇന്ത്യന്‍ ടീമില്‍ കേരളത്തിനും അഭിമാനിക്കാന്‍ വകയുണ്ട്. തൃശ്ശൂര്‍ പുന്നയൂര്‍ക്കുളം സ്വദേശിയായ ലെഗ് സ്പിന്നര്‍ മുഹമ്മദ് ഇനാന്‍ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരായ ടെസ്റ്റ് പരമ്പരയില്‍ കാഴ്ചവെച്ച മികച്ച പ്രകടനമാണ് ഇനാന് വീണ്ടും ഇന്ത്യന്‍ ടീമിലേക്ക് വഴിതുറന്നത്.

കഴിഞ്ഞ വര്‍ഷം ഓസ്ട്രേലിയന്‍ അണ്ടര്‍ 19 ടീമിനെതിരെ ടെസ്റ്റില്‍ സെഞ്ച്വറി നേടിയ വൈഭവ് സൂര്യവംശി, ഈ സീസണ്‍ ഐപിഎല്ലില്‍ ഒരു സെഞ്ച്വറിയും ഒരു അര്‍ധ സെഞ്ച്വറിയും നേടിയാണ് വരവറിയിച്ചത്. ഇപ്പോള്‍ പരിശീലന മത്സരത്തിലെ ഈ തകര്‍പ്പന്‍ പ്രകടനത്തോടെ, ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഭാവി വാഗ്ദാനമായി തന്റെ പേര് സ്വര്‍ണ്ണലിപികളില്‍ എഴുതിച്ചേര്‍ക്കുകയാണ് വൈഭവ്.

Advertisement
Next Article