താരങ്ങളായി പന്തും അയ്യരും; ഏറ്റവും വാശിയേറിയ അഞ്ചു മെഗാ ലേലങ്ങൾ ഇങ്ങനെ
ജിദ്ദയിൽ രണ്ട് ദിവസങ്ങളിലായി നടന്ന ഐപിഎൽ 2025 മെഗാ ലേലം പൂർത്തിയായി. 182 കളിക്കാർക്കായി ടീമുകൾ മൊത്തം 639.15 കോടി രൂപയാണ് ലേലത്തിൽ ചിലവഴിച്ചത്. 62 വിദേശ കളിക്കാരും ലേലത്തിൽ ഇടം നേടി. എട്ട് റൈറ്റ്-ടു-മാച്ച് (ആർടിഎം) കാർഡുകൾ ഫ്രാഞ്ചൈസികൾ ഉപയോഗിച്ചത് ലേലത്തിന്റെ ആവേശം ഇരട്ടിയാക്കി.
ലേലത്തിൽ ചില താരങ്ങൾക്ക് ലഭിച്ച വമ്പൻ തുക അമ്പരപ്പിക്കുന്നതായിരുന്നു. ഋഷഭ് പന്ത്, ശ്രേയസ് അയ്യർ തുടങ്ങിയ താരങ്ങൾക്കായി നടന്ന ലേല പോരാട്ടം അര മണിക്കൂറിലധികം നീണ്ടുനിന്നു. 23 കോടിയിലധികം രൂപയ്ക്ക് മൂന്ന് കളിക്കാരെ വിറ്റഴിച്ചത് ലേലത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു.
ഏറ്റവും വലിയ ലേല പോരാട്ടങ്ങൾക്ക് കാരണമായ അഞ്ച് കളിക്കാർ ഇതാ:
1. ഋഷഭ് പന്ത് (27 കോടി രൂപ, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്)
ലേലത്തിലെ ഏറ്റവും വിലയേറിയ താരമായി പന്ത് മാറി. ലഖ്‌നൗ സൂപ്പർ ജയന്റ്‌സും സൺറൈസേഴ്‌സ് ഹൈദരാബാദും തമ്മിലായിരുന്നു പന്തിനായി പ്രധാന പോരാട്ടം നടന്നത്. ഡൽഹി ക്യാപിറ്റൽസ് ആർടിഎം കാർഡ് ഉപയോഗിച്ചെങ്കിലും ലഖ്‌നൗ ഓവർറൈഡ് ഓപ്ഷൻ ഉപയോഗിച്ച് പന്തിനെ സ്വന്തമാക്കി.
2. ശ്രേയസ് അയ്യർ (26.75 കോടി രൂപ, പഞ്ചാബ് കിംഗ്‌സ്)
കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ക്യാപ്റ്റനായിരുന്ന ശ്രേയസ് അയ്യർക്കായിരുന്നു രണ്ടാമത്തെ ഏറ്റവും വാശിയേറിയ ലേലം നടന്നത്. കെകെആറും പഞ്ചാബ് കിംഗ്‌സും തമ്മിലായിരുന്നു പ്രധാന പോരാട്ടം. ഡൽഹി ക്യാപിറ്റൽസ് പിന്മാറിയ ശേഷം പഞ്ചാബ് കിംഗ്‌സ് അയ്യരെ സ്വന്തമാക്കി.
3. വെങ്കിടേഷ് അയ്യർ (23.27 കോടി രൂപ, കെകെആർ)
കെകെആർ തങ്ങളുടെ ഓൾ റൗണ്ടർ വെങ്കിടേഷ് അയ്യരെ തിരിച്ചുപിടിക്കാൻ വാശിയോടെ ലേലം വിളിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സും, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരുമായിരുന്നു എതിരാളികൾ. വൻ തുക മുടക്കി കെകെആർ വെങ്കിടേഷ് അയ്യരെ തിരിച്ചുപിടിച്ചു.
4. അർഷ്ദീപ് സിംഗ് (18 കോടി രൂപ, പഞ്ചാബ് കിംഗ്‌സ്)
ഇടംകൈയ്യൻ പേസർ അർഷ്ദീപ് സിംഗിനായി നിരവധി ടീമുകൾ മത്സരിച്ചു. ഡൽഹി ക്യാപിറ്റൽസ്, ഗുജറാത്ത് ടൈറ്റൻസ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ്, പഞ്ചാബ് കിംഗ്‌സ്, രാജസ്ഥാൻ റോയൽസ് എന്നിവർ ലേലത്തിൽ പങ്കെടുത്തു. പഞ്ചാബ് കിംഗ്‌സ് ആർടിഎം കാർഡ് ഉപയോഗിച്ച് അർഷ്ദീപിനെ തിരിച്ചുപിടിച്ചു.
5. യുസ്‌വേന്ദ്ര ചാഹൽ (18 കോടി രൂപ, പഞ്ചാബ് കിംഗ്‌സ്)
ഐപിഎൽ ചരിത്രത്തിലെ ഏറ്റവും മികച്ച വിക്കറ്റ് വേട്ടക്കാരനായ ചഹലിനായി നിരവധി ടീമുകൾ വാശിയോടെ മത്സരിച്ചു. ഗുജറാത്ത് ടൈറ്റൻസ്, ചെന്നൈ സൂപ്പർ കിംഗ്‌സ്, പഞ്ചാബ് കിംഗ്‌സ്, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ്, റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ, സൺറൈസേഴ്‌സ് ഹൈദരാബാദ് എന്നിവർ ലേലത്തിൽ പങ്കെടുത്തു. ഒടുവിൽ പഞ്ചാബ് കിംഗ്‌സ് ചാഹലിനെ സ്വന്തമാക്കി.