സ്റ്റാര്‍ക്കിനും കമ്മിന്‍സനും മുട്ടന്‍ പണിയുമായി ബിസിസിഐ
മിച്ചല്‍ സ്റ്റാര്‍ക്കും പാറ്റ് കമ്മിന്‍സും പോലുള്ള വിദേശ താരങ്ങള്‍ക്ക് കഴിഞ്ഞ ഐപിഎല്‍ സീസണില്‍ ലഭിച്ച അപ്രതീക്ഷിത കോടികള്‍ ഇനി സ്വപ്നം മാത്രമാകും. ബിസിസിഐ പുതിയതായി കൊണ്ടുവരുന്ന ലേല നിയമ ഭേദഗതി പ്രകാരം, മിനി ലേലത്തില്‍ വിദേശ താരങ്ങള്‍ക്ക് ലഭിക്കുന്ന പരമാവധി തുക മെഗാ ലേലത്തില്‍ ലഭിച്ചതിനേക്കാള്‍ കൂടാന്‍ പാടില്ല.
കഴിഞ്ഞ ഐപിഎല്‍ ലേലത്തില്‍ സ്റ്റാര്‍ക്കിനും കമ്മിന്‍സിനും ലഭിച്ചത് യഥാക്രമം 24.75 കോടിയും 20.4 കോടിയും ആയിരുന്നു. ഐപിഎല്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുകകളായിരുന്നു ഇവ. എന്നാല്‍, ഇരുവരുടെയും മുന്‍ പ്രകടനങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ ഈ തുക അമിതമാണെന്ന വിമര്‍ശനവും ഉയര്‍ന്നിരുന്നു. പരിക്കും മറ്റ് വ്യക്തിപരമായ കാരണങ്ങളും മൂലം സ്റ്റാര്‍ക്ക് മുന്‍ സീസണുകളില്‍ പലപ്പോഴും ടീമിനൊപ്പം ചേരാന്‍ കഴിയാതിരുന്ന ചരിത്രവുമുണ്ട്.
ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാനാണ് ബിസിസിഐ പുതിയ നിയമ ഭേദഗതി കൊണ്ടുവരുന്നത്. 2026 മുതല്‍ മിനി ലേലത്തില്‍ വിദേശ താരങ്ങളുടെ പ്രതിഫലം നിശ്ചയിക്കുന്നത് ടീമുകളുടെ ഉയര്‍ന്ന റീടെന്‍ഷന്‍ തുകയോ മെഗാ ലേലത്തിലെ ഉയര്‍ന്ന തുകയോ അടിസ്ഥാനമാക്കിയായിരിക്കും. ഇതോടെ മിനി ലേലത്തില്‍ ഒരു വിദേശ താരത്തിന് പരമാവധി ലഭിക്കാവുന്ന തുക 18 കോടി രൂപയായി പരിമിതപ്പെടും.
ലേലത്തില്‍ ഫ്രാഞ്ചൈസികള്‍ക്ക് ഇഷ്ടമുള്ളത്ര തുക വിദേശ താരങ്ങള്‍ക്കായി വിളിക്കാം. എന്നാല്‍, നിശ്ചിത തുകയ്ക്ക് മുകളില്‍ വിളിക്കുന്ന തുക ബിസിസിഐയുടെ അക്കൗണ്ടിലേക്ക് പോകും. ഈ നിയമ ഭേദഗതി മിനി ലേലത്തിലെ അമിത വില വര്‍ദ്ധനവ് തടയാന്‍ സഹായിക്കുമെന്ന് ബിസിസിഐ പ്രതീക്ഷിക്കുന്നു.