സഞ്ജുവിന്റെ കാര്യത്തില്‍ സന്തോഷ വാര്‍ത്ത, ബുംറ കാത്തിരിക്കുന്നു, ലഖ്നൗ ആശങ്കയില്‍
ഐ.പി.എല്‍ 18ാം സീസണില്‍ കളിക്കാന്‍ നിരവധി ഇന്ത്യന്‍ താരങ്ങള്‍ ദേശീയ ക്രിക്കറ്റ് അക്കാദമിയുടെ (എന്‍.സി.എ) അനുമതിക്കായി കാത്തിരിക്കുകയാണ്. ജസ്പ്രീത് ബുംറ മുതല്‍ സഞ്ജു സാംസണ്‍ വരെ ആ പട്ടികയിലുണ്ട്. ഇരുവരേയും കൂടാതെ മായങ്ക് യാദവ്, മൊഹ്സിന്‍ ഖാന്‍, ആവേശ് ഖാന്‍ എന്നിവര്‍ ബുംറയ്ക്കൊപ്പം ബി.സി.സി.ഐയുടെ ബംഗളൂരു കേന്ദ്രത്തില്‍ നിന്നുള്ള അനുമതി തേടുന്നു.
എല്ലാവരുടെയും ശ്രദ്ധ പ്രധാനമായും ബുംറയിലാണ്. ജനുവരിയില്‍ ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ സിഡ്നി ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സിന് ശേഷം പുറത്തിരിക്കുന്ന ഇന്ത്യന്‍ പേസര്‍ ബംഗളൂരുവില്‍ പുനരധിവാസത്തിലാണ്. പുറംവേദനയെ തുടര്‍ന്നാണ് ബുംറ പുറത്തിരിക്കുന്നത്. 2023-ന്റെ തുടക്കത്തില്‍ പുറം വേദനയ്ക്ക് ബുംറ ശസ്ത്രക്രിയയ്ക്ക് വിധേയനായതിനാല്‍ അവിടെ തന്നെയുളള പരിക്ക് ആശങ്കപ്പെടുത്തുന്നതാണ്്.
അതെസമയം ഈ മാസാവസാനത്തോടെ ബുംറക്ക് കളിക്കാന്‍ അനുമതി ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് ബി.സി.സി.ഐ സ്പോര്‍ട്സ് സയന്‍സ് മേധാവി നിതിന്‍ പട്ടേല്‍ വിലയിരുത്തുന്നത്. എങ്കിലും മുംബൈ ഇന്ത്യന്‍സ് ജേഴ്സി എപ്പോള്‍ അണിയാന്‍ കഴിയുമെന്ന് ഉറപ്പില്ല.
മാര്‍ച്ച് 23-ന് ചെന്നൈയില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെതിരെയും മാര്‍ച്ച് 29-ന് അഹമ്മദാബാദില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും മുംബൈ കളിക്കുന്നുണ്ട്. മാര്‍ച്ച് 31-ന് കൊല്‍ക്കത്തയ്ക്കെതിരെയാണ് അവരുടെ ആദ്യ ഹോം മത്സരം. ഈ മത്സരത്തില്‍ ബുംറ കളിക്കാന്‍ സാധ്യതയുണ്ട്.
ഐപിഎല്‍ കളിക്കാന്‍ കാത്തിരിക്കുന്ന മറ്റൊരാള്‍ സഞ്ജു സാംസനാണ്. കഴിഞ്ഞ മാസം ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയില്‍ വലത് ചൂണ്ടുവിരലിന് പൊട്ടലേറ്റതിനെ തുടര്‍ന്ന് സഞ്ജുവിനെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. എന്നാല്‍ സഞ്ജു സാംസണ് ഉടന്‍ കളിക്കാന്‍ അനുമതി ലഭിക്കാന്‍ സാധ്യതയുണ്ട്.
നിലവില്‍ ബാറ്റിംഗിനുള്ള ഫിറ്റ്നസ് ടെസ്റ്റില്‍ സഞ്ജു വിജയിച്ചു കഴിഞ്ഞു. ഇനി വിക്കറ്റ് കീപ്പിംഗിനുള്ള എന്‍.സി.എയുടെ പരിശോധനയില്‍ വിജയിക്കേണ്ടതുണ്ട്. രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന് പൂര്‍ണ്ണമായോ ഭാഗികമായോ അനുമതി ലഭിക്കുന്നതിന് മുമ്പ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കീപ്പിംഗിനായി ചില അധിക പരിശോധനകള്‍ ഉണ്ടാകാം. ഏതായാലും, ഇന്ത്യക്കായി വിക്കറ്റ് കീപ്പ് ചെയ്ത ധ്രുവ് ജുറെല്‍ റോയല്‍സ് ടീമിലുണ്ട് എന്നത് രാജസ്ഥാന് ആശ്വാസമാണ്. മാര്‍ച്ച് 23-ന് ഹൈദരാബാദില്‍ എസ്.ആര്‍.എച്ചിനെതിരെയാണ് റോയല്‍സിന്റെ ആദ്യ മത്സരം.
അതേസമയം, ലഖ്നൗ സൂപ്പര്‍ ജയന്റ്സ് അവരുടെ മൂന്ന് പേസര്‍മാരായ മായങ്ക്, മൊഹ്സിന്‍, ആവേശ് എന്നിവരുടെ അനുമതിക്കായി കാത്തിരിക്കുന്നു. മായങ്ക് പുറംവേദനയെ തുടര്‍ന്ന് 2024 ഒക്ടോബര്‍ മുതല്‍ പുറത്താണ്. ആവേശ് കാല്‍മുട്ടിലെ തരുണാസ്ഥികള്‍ക്ക് പരിക്കേറ്റതിനാല്‍ എന്‍സിഎയില്‍ ചികിത്സയിലാണ്. രഞ്ജിയില്‍ കേരളത്തിനെതിരായ അവസാന മത്സരം ജനുവരിയില്‍ പൂര്‍ത്തിയാക്കിയ ശേഷം എന്‍.സി.എയിലേക്ക് റഫര്‍ ചെയ്തപ്പോള്‍ ആവേശ് ഈ പ്രശ്നത്തിന് കുത്തിവയ്പ്പ് എടുത്തതായി അറിയുന്നു. അതിനുശേഷം അദ്ദേഹം ചികിത്സയിലാണ്.
മൊഹ്സിന്റെ പരിക്കിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല. ഇടംകൈയ്യന്‍ പേസര്‍ അവസാനമായി ഡിസംബര്‍ 31-ന് യു.പി-ചണ്ഡീഗഢ് വിജയ് ഹസാരെ മത്സരത്തിലാണ് കളിച്ചത്. ആ മത്സരത്തില്‍ 26-കാരനായ പേസര്‍ 5.5 ഓവറുകള്‍ മാത്രമാണ് എറിഞ്ഞത്, അതിനുശേഷം അദ്ദേഹത്തിന്റെ അവസ്ഥയെക്കുറിച്ച് വിവരങ്ങള്‍ കുറവാണ്.
മാര്‍ച്ച് 24-ന് വിശാഖപട്ടണത്ത് ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ അവരുടെ ആദ്യ മത്സരത്തിന് മുമ്പ് മൂന്ന് പേരില്‍ രണ്ടു പേരെങ്കിലും കളിക്കാനുളള അനുമതി ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ടീമിന്റെ പേസ് ആക്രമണത്തിന്റെ നട്ടെല്ലായ ഈ പേസര്‍മാരില്‍ എല്‍.എസ്.ജി വലിയ നിക്ഷേപം നടത്തിയിട്ടുണ്ട്.