കൊതിപ്പിക്കുന്ന ഒന്നാം സ്ഥാനം തൊട്ടരികെ, ആര്‍സിബി രണ്ടും കല്‍പിച്ച്
ഐപിഎല്ലില്‍ ഇന്ന് തീപാറും പോരാട്ടം! റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ നേരിടും. ലക്‌നൗവിലെ ഏകാന ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ രാത്രി 7:30-നാണ് മത്സരം ആരംഭിക്കുക. ബെംഗളൂരുവില്‍ മഴ ഭീഷണി നിലനില്‍ക്കുന്നതിനാലാണ് ആര്‍സിബിയുടെ ഹോം മത്സരം ലക്‌നൗവിലേക്ക് മാറ്റിയത്.
പ്ലേ ഓഫ് ഉറപ്പിച്ച് ആര്‍സിബി, ലക്ഷ്യം പോയിന്റ് പട്ടികയിലെ തലപ്പത്ത്
ഇതിനോടകം തന്നെ പ്ലേ ഓഫ് ഉറപ്പിച്ച ആര്‍സിബിയുടെ പ്രധാന ലക്ഷ്യം പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തുക എന്നതാണ്. 12 കളികളില്‍ നിന്ന് 17 പോയിന്റുമായി നിലവില്‍ രണ്ടാം സ്ഥാനത്താണ് അവര്‍. 18 പോയിന്റുള്ള ഗുജറാത്ത് ടൈറ്റന്‍സ് ആണ് ഒന്നാം സ്ഥാനത്ത്. ഈ മത്സരം ജയിച്ചാല്‍ ആര്‍സിബിക്ക് ഒന്നാം സ്ഥാനത്തേക്ക് കുതിക്കാനാകും. കഴിഞ്ഞ മത്സരം മഴമൂലം ഉപേക്ഷിച്ചെങ്കിലും, തുടര്‍ച്ചയായ വിജയങ്ങളുടെ ആത്മവിശ്വാസത്തിലാണ് ബെംഗളൂരു ഇന്ന് കളത്തിലിറങ്ങുന്നത്.
ഹൈദരാബാദിന് അഭിമാന പോരാട്ടം
ഇതിനോടകം പ്ലേ ഓഫ് കാണാതെ പുറത്തായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പോയിന്റ് പട്ടികയിലെ തങ്ങളുടെ നില മെച്ചപ്പെടുത്താനുള്ള അവസരമാണിത്. ശേഷിക്കുന്ന മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് തലയുയര്‍ത്തി സീസണ്‍ അവസാനിപ്പിക്കാനാകും അവര്‍ ശ്രമിക്കുക.
ആര്‍സിബിക്ക് ആശ്വാസമായി രജത് പാട്ടീദാറിന്റെ തിരിച്ചുവരവ്
നായകന്‍ രജത് പാട്ടീദാര്‍ പരിക്കില്‍ നിന്ന് മുക്തനായി ടീമിലേക്ക് മടങ്ങിയെത്തുന്നത് ആര്‍സിബിക്ക് വലിയ ആശ്വാസമാണ്. ജോഷ് ഹേസല്‍വുഡിന്റെ അഭാവത്തില്‍ പേസ് നിരയെ നയിക്കാനുള്ള ചുമതല ഭുവനേശ്വര്‍ കുമാറിനായിരിക്കും. ടീമിന്റെ ബോളിംഗ് കരുത്തില്‍ ഇത് നിര്‍ണ്ണായകമാകും.
നേര്‍ക്കുനേര്‍ കണക്കുകള്‍: ആര്‍സിബിക്ക് മുന്‍തൂക്കം
ഐപിഎല്ലില്‍ ഇരു ടീമുകളും 24 തവണ ഏറ്റുമുട്ടിയപ്പോള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് 13 മത്സരങ്ങളിലും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു 11 മത്സരങ്ങളിലും വിജയിച്ചു. എന്നാല്‍, അവസാന അഞ്ച് മത്സരങ്ങളില്‍ ആര്‍സിബിക്ക് 3-2 എന്ന മുന്‍തൂക്കമുണ്ട്. ഇത് ഇന്നത്തെ മത്സരത്തിന് ആര്‍സിബിക്ക് കൂടുതല്‍ ആത്മവിശ്വാസം നല്‍കും.
സാധ്യതാ ഇലവനുകള്‍
റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു സാധ്യതാ ഇലവന്‍: വിരാട് കോലി, ഫില്‍ സാള്‍ട്ട്, ജേക്കബ് ബെഥേല്‍, രജത് പതിദാര്‍ (ക്യാപ്റ്റന്‍), ജിതേഷ് ശര്‍മ, ടിം ഡേവിഡ്, റൊമാരിയോ ഷെപ്പേര്‍ഡ്, ക്രുനാല്‍ പാണ്ഡ്യ, ഭുവനേശ്വര്‍ കുമാര്‍, റാസിഖ് സലാം, യാഷ് ദയാല്‍, സുയാഷ് ശര്‍മ്മ.
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് സാധ്യതാ ഇലവന്‍: അഥര്‍വ ടൈഡെ, അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, ഹെന്റിച്ച് ക്ലാസന്‍, കാമിന്ദു മെന്‍ഡിസ്, അനികേത് വര്‍മ, നിതീഷ് റെഡ്ഡി, പാറ്റ് കമ്മിന്‍സ്, ഹര്‍ഷല്‍ പട്ടേല്‍, ഹര്‍ഷ് ദുബെ, സീഷന്‍ അന്‍സാരി, ഇഷാന്‍ മലിംഗ.