വെടിനിര്‍ത്തല്‍, ഐപിഎല്ലിന് ജീവന്‍ വെക്കുന്നു, പഞ്ചാബ് - ഡല്‍ഹി പോരാട്ടത്തിന് കളമൊരുങ്ങുന്നു
ഇന്ത്യ - പാക് സംഘര്‍ഷത്തിന് താല്‍ക്കാലിക വിരാമമായതോടെ, ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) മത്സരങ്ങള്‍ക്ക് വീണ്ടും ജീവന്‍ വെക്കുകയാണ്. ഈ മാസം 15നോ 16നോ ടൂര്‍ണമെന്റ് പുനരാരംഭിക്കാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ് (ബിസിസിഐ) ആലോചിക്കുന്നതായി ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു.
സംഘര്‍ഷം രൂക്ഷമായ ധരംശാല ഒഴികെയുള്ള വേദികളില്‍ മത്സരങ്ങള്‍ പഴയപടിയും നടക്കും. ആരാധകര്‍ക്ക് ആശ്വാസം പകരുന്ന ഈ തീരുമാനത്തിനൊപ്പം, പാതിവഴിയില്‍ നിര്‍ത്തിവെച്ച പഞ്ചാബ് കിംഗ്സ്-ഡല്‍ഹി ക്യാപിറ്റല്‍സ് പോരാട്ടം പുനഃരാരംഭിക്കാനും ബിസിസിഐ തീരുമാനിച്ചിട്ടുണ്ട്.
സംഘര്‍ഷത്തെത്തുടര്‍ന്ന് നാട്ടിലേക്ക് മടങ്ങിയ വിദേശ താരങ്ങളോട് അതാത് ടീമുകള്‍ ഉടന്‍ തിരിച്ചെത്താന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഏകദേശം 60 ഓളം വിദേശ കളിക്കാര്‍ വിവിധ ഫ്രാഞ്ചൈസികള്‍ക്കായി കളിക്കുന്നുണ്ട്. ഇതുവരെ 57 മത്സരങ്ങള്‍ പൂര്‍ത്തിയായ ഐപിഎല്ലില്‍ ഇനി 17 മത്സരങ്ങളാണ് ബാക്കിയുള്ളത്.
ഒരാഴ്ചത്തേക്കാണ് ബിസിസിഐ ഐപിഎല്‍ മത്സരങ്ങള്‍ നിര്‍ത്തിവെച്ചത്. എന്നാല്‍, ടൂര്‍ണമെന്റ് സെപ്റ്റംബറിലേക്ക് മാറ്റുന്നതിനെക്കുറിച്ചും, സുരക്ഷിതമായ മറ്റേതെങ്കിലും രാജ്യത്ത് ബാക്കിയുള്ള മത്സരങ്ങള്‍ പൂര്‍ത്തിയാക്കുന്നതിനെക്കുറിച്ചും ബിസിസിഐ ഗൗരവമായി ആലോചിച്ചിരുന്നു. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് പോലും ഐപിഎല്ലിന് ആതിഥേയത്വം വഹിക്കാന്‍ സന്നദ്ധത അറിയിച്ചത് ശ്രദ്ധേയമായിരുന്നു. സംഘര്‍ഷ സാധ്യത കുറഞ്ഞ ചെന്നൈ, ബെംഗളൂരു, ഹൈദരാബാദ്, കൊല്‍ക്കത്ത എന്നീ നഗരങ്ങളില്‍ മത്സരങ്ങള്‍ പരിമിതപ്പെടുത്തി ടൂര്‍ണമെന്റ് പൂര്‍ത്തിയാക്കുന്നതിനുള്ള ആലോചനകളും നടന്നിരുന്നു.
പ്ലേ ഓഫിലേക്കുള്ള വാതില്‍ തുറക്കാനുള്ള അവസാന ഘട്ട പോരാട്ടങ്ങള്‍ പുരോഗമിക്കുമ്പോള്‍, പോയിന്റ് പട്ടികയില്‍ ഗുജറാത്ത് ടൈറ്റന്‍സ് ആണ് ഒന്നാം സ്ഥാനത്ത്. 11 മത്സരങ്ങളില്‍ നിന്ന് 16 പോയിന്റാണ് അവര്‍ക്കുള്ളത്. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ (ആര്‍സിബി) ഇത്രയും തന്നെ മത്സരങ്ങളില്‍ നിന്ന് 16 പോയിന്റുമായി രണ്ടാം സ്ഥാനത്തും, പഞ്ചാബ് കിംഗ്സ് 11 മത്സരങ്ങളില്‍ നിന്ന് 15 പോയിന്റുമായി മൂന്നാം സ്ഥാനത്തും നില്‍ക്കുന്നു. 12 മത്സരങ്ങളില്‍ നിന്ന് 14 പോയിന്റുള്ള മുംബൈ ഇന്ത്യന്‍സാണ് നാലാം സ്ഥാനത്ത്. ഡല്‍ഹി ക്യാപിറ്റല്‍സ് (13 പോയിന്റ്), കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (11 പോയിന്റ്), ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് (10 പോയിന്റ്) എന്നീ ടീമുകള്‍ക്കും പ്ലേ ഓഫ് സാധ്യതകള്‍ ഇപ്പോഴുമുണ്ട്. എന്നാല്‍, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് (7 പോയിന്റ്), രാജസ്ഥാന്‍ റോയല്‍സ് (6 പോയിന്റ്), ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (6 പോയിന്റ്) എന്നീ ടീമുകള്‍ പ്ലേ ഓഫ് മത്സരങ്ങളില്‍ നിന്ന് ഏറെക്കുറെ പുറത്തായി കഴിഞ്ഞു.