നമ്മുടെ ക്രിക്കറ്റ് സിസ്റ്റം നശിപ്പിച്ച് കളഞ്ഞതാണ് അയാളെ, ഇതിഹാസങ്ങളുടെ ഇതിഹാസമായി വിരമിക്കേണ്ട ആളായിരുന്നു
സംഗീത് ശേഖര്‍
പൂര്‍ണതയില്‍ എത്താതെ പോയ കരിയറുകള്‍ സമ്മാനിച്ച നഷ്ടങ്ങളുടെ ആഴം ഒന്നുകൂടെ ഓര്‍മിപ്പിച്ചു കൊണ്ടാണ് പലപ്പോഴും ലെജന്‍ഡ്സ് ടൂര്‍ണമെന്റുകള്‍ കടന്നു പോകുന്നത്. ഇന്ത്യയെ സംബന്ധിച്ച് ഏറ്റവും വലിയ നഷ്ടങ്ങളില്‍ ഒന്നിന് ഇര്‍ഫാന്‍ പത്താനെന്ന പേരാണ്. 2003/04 പാക്കിസ്ഥാന്‍ പര്യടനത്തിനു മുന്നെ അന്നത്തെ പാക് കോച്ച് ജാവേദ് മിയാന്‍ ദാദ് അട്ടര്‍ നോണ്‍സെന്‍സ് എന്ന് കണ്ണുമടച്ചു വിശേഷിപ്പിക്കാവുന്ന ഒരു കമന്റ് പറയുന്നുണ്ട്. പാകിസ്ഥാനിലെ ഓരോ ഗലികളിലും ഇര്‍ഫാന്‍ പത്താനെ പോലൊരു ബൗളറെ കണ്ടെടുക്കാന്‍ സാധിക്കും എന്ന കമന്റ് അന്ന് വെറും 19 വയസ്സുള്ള ഒരു ബൗളറെ സംബന്ധിച്ചിടത്തോളം ഹാര്‍ട്ട് ബ്രെക്കിങ് മൊമന്റ് തന്നെയായിരിക്കും. അനില്‍ കുംബ്ലെക്ക് മാത്രം പുറകില്‍ സീരീസിലെ രണ്ടാമത്തെ മികച്ച ബൗളര്‍ ആയിട്ടാണ് ഇര്‍ഫാന്‍ ആ ടെസ്റ്റ് പരമ്പര അവസാനിപ്പിച്ചത്. ജാവേദിന്റെ കമന്റിനു അതൊരു ഫിറ്റിങ് റിപ്ലൈ തന്നെയായിരുന്നെങ്കിലും അതിലും തീക്ഷ്ണതയുള്ളൊരു മറുപടി വരുന്നുണ്ടായിരുന്നു.
2006 കറാച്ചി. വീണ്ടും പാക്കിസ്ഥാനെതിരെയുള്ള ഒരു ടെസ്റ്റ് പരമ്പര. ഫ്‌ലാറ്റ് വിക്കറ്റുകളില്‍ നടന്ന ആദ്യ 2 ടെസ്റ്റുകളില്‍ ഇന്‍ എഫക്ടീവ് ആയിരുന്ന ഇര്‍ഫാന്‍ പത്താന്‍ കറാച്ചിയില്‍ ആദ്യ പന്തെറിയാന്‍ തയ്യാറെടുക്കുമ്പോള്‍ സ്വിങ്ങിനു അനുകൂലമായ സാഹചര്യമാണ് . ആന്‍ഡ് സഡ്ഡന്‍ലി ദ ബോള്‍ സ്റ്റാര്‍ട്ടഡ് ടോക്കിങ്.
ആദ്യഓവറിലെ മൂന്നു പന്തും സല്‍മാന്‍ ബട്ട് അനായാസം ഒഴിവാക്കി വിടുന്നു. നാലാമത്തെ പന്ത് ഫുള്‍ ലെംഗ്ത് ആണ് ,മിഡിലില്‍ പിച്ച് ചെയ്തു പുറത്തേക്ക് ലേറ്റ് ആയി സ്വിംഗ് ചെയ്ത പന്ത് ,ബാറ്റ് വക്കാതിരിക്കാന്‍ ബട്ടിന് കഴിയുന്നില്ല. എഡ്ജ് എടുത്തു നേരെ ദ്രാവിഡിന്റെ കൈകളില്‍ ബട്ട് അവസാനിക്കുന്നു. അടുത്തതായി ക്രീസിലെത്തുന്ന പാകിസ്ഥാന്‍ മധ്യനിരയിലെ ശക്തിദുര്‍ഗം യൂനിസ് ഖാന്‍ ക്രീസില്‍ അറ്റ കുറ്റ പണികള്‍ നടത്താനും ഗാര്‍ഡ് എടുക്കാനും കുറച്ചധികം സമയമെടുക്കുന്നുണ്ട്. അത്രയും സമയം മാത്രമേ ക്രീസില്‍ യൂനിസ് ഖാന് ലഭിക്കുന്നുള്ളൂ.. ഒന്നാന്തരമൊരു ഇന്‍സ്വിംഗര്‍ വായിച്ചെടുക്കാന്‍ കഴിയാതെ വിക്കറ്റിനു മുന്നില്‍ കുടുങ്ങി യൂനിസ് ഖാനും വീണു. പ്ലംബ് ..
അടുത്ത പന്ത് സ്വീകരിച്ചത് 50 നു അടുത്ത് അന്ന് ബാറ്റിംഗ് ശരാശരി ഉണ്ടായിരുന്ന മുഹമ്മദ് യൂസഫ്. ഇന്നിംഗ്സിന്റെ തുടക്കത്തില്‍ യൂസഫിന്റെ ഫുട് വര്‍ക്ക് അല്പം അലസമായിരിക്കുമെന്നത് കൊണ്ട് തന്നെ ഇന്‍ സ്വിങ്ങര്‍ തന്നെയായിരിക്കണം അദ്ദേഹത്തിന്നെതിരെയുള്ള ബസ്റ്റ് ഓപ്ഷനും. ആ വിക്കറ്റിന്റെ പ്രത്യേകത ഇന്‍സ്വിങ്ങര്‍ തന്നെ പ്രതീക്ഷിച്ചു തന്നെ നില്‍ക്കുന്ന മുഹമ്മദ് യൂസഫിനു ലഭിക്കുന്നതൊരു പെര്‍ഫെക്റ്റ് ഇന്‍ സ്വിങ്ങര്‍ തന്നെയായിരുന്നു എന്നതാണ് .ഓഫ് സ്റ്റമ്പില്‍ പിച്ച് ചെയ്തതിനു ശേഷം പന്ത് അസാധാരണമാം വിധം സ്വിങ് ചെയ്ത് അകത്തേക്ക് വരുമ്പോള്‍ ഫ്രണ്ട് ഫുട്ട് പന്തിന്റെ ലൈനിലേക്ക് മൂവ് ചെയ്യിക്കാതെ പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന യൂസഫ് തികച്ചും ക്ലൂ ലസാണ്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ തന്നെ ഇന്ത്യന്‍ പേസര്‍മാര്‍ എറിഞ്ഞിട്ടുള്ള ഏറ്റവും മികച്ച പന്തുകളില്‍ ഒന്ന്. മിഡില്‍ സ്റ്റമ്പ് തെറിക്കുമ്പോള്‍ സഹകളിക്കാര്‍ എടുത്തുയര്‍ത്തുന്ന ഇര്‍ഫാന്റെ ആഹ്‌ളാദത്തില്‍ വിടര്‍ന്ന മുഖത്തിന്റെയൊരു കോണില്‍ പ്രകടമായി കണ്ട പുച്ഛം പെട്ടെന്ന് മറക്കാന്‍ സാധിക്കുന്നതല്ല.
പാക്കിസ്ഥാനിലെ ഏതൊരു ഗലിയിലും സുലഭമായി ലഭിക്കുന്ന ഒരു ബ്രീഡ് അല്ല താനെന്നുള്ള വ്യക്തമായ സന്ദേശം . ഇന്ത്യക്കവരുടെ പ്രതിഭാശാലിയായ ന്യു ബോള്‍ ബൗളറെ ലഭിച്ചു കഴിഞ്ഞു. വസിം അക്രത്തിന്റെ വിസ്മയിപ്പിക്കുന്ന പ്രതിഭയെ ആദരവോടെയും അസൂയയോടെയും കണ്ടിരുന്നവര്‍ക്ക് ,അക്രത്തിലേക്കുള്ള യാത്രക്ക് ഒരുപാടു ദൂരമുണ്ടെങ്കിലും ഇന്ത്യയുടെ അക്രമാകാന്‍ കെല്‍പ്പുള്ളൊരു ബൗളര്‍ പിറക്കുകയാണ് .
5 കൊല്ലം കഴിഞ്ഞു ഇര്‍ഫാന്‍ പത്താന്‍ തന്റെ അവസാന ടെസ്റ്റ് കളിച്ചു കഴിയുമ്പോള്‍ കളിച്ചതാകെ 29 ടെസ്റ്റുകളാണ് .എവിടെയാണ് പിഴച്ചതെന്ന ചോദ്യത്തിന് ഒരുപാട് ഉത്തരങ്ങളുണ്ട്. തന്നെ ദേശീയ ശ്രദ്ധയിലെത്തിക്കാന്‍ കാരണമായ ഗ്രിപ്പ് ചേഞ്ച് ചെയ്ത് ആക്ഷന്‍ ചെറുതായി റീ മോഡല്‍ ചെയ്‌തെടുത്ത ശേഷം സ്വിങ്ങില്‍ നിയന്ത്രണവും പേസും നഷ്ടപ്പെട്ടു. തന്റെ തന്നെ നിഴലായി മാറുന്ന ഇര്‍ഫാനെ വേണ്ട സമയത്ത് പിന്തുണക്കാതെ വന്നതിലും വേഗത്തില്‍ താഴോട്ട് പോകാന്‍ അനുവദിച്ച നമ്മുടെ ക്രിക്കറ്റിങ് സിസ്റ്റം തന്നെയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. പിന്തുണ ലഭിക്കേണ്ടിടത്ത് അത് ലഭിക്കാതെ പകരം അവഗണനയാണ് പലപ്പോഴും ഇര്‍ഫാന് ലഭിച്ചത് . സഹീറിന്റെ ഭാരം പങ്കിടാന്‍ ഇന്ത്യക്കൊരു നിലവാരമുള്ള പേസര്‍ എന്ന യാഥാര്‍ഥ്യത്തെ അംഗീകരിക്കുന്നതിന് പകരം സാമാന്യം ബാറ്റ് ചെയ്യാനറിയാവുന്ന ഏതൊരു ബൗളറെ കുറിച്ചും കാണുന്ന കപില്‍ദേവിനു ശേഷം ഇന്ത്യക്ക് ലഭിക്കാന്‍ പോകുന്ന മികച്ച ഓള്‍ റൌണ്ടര്‍ എന്ന സ്വപ്നമാണ് പലരും കണ്ടത് .
ബാറ്റിംഗില്‍ കിട്ടുന്ന റണ്‍സ് ഒരു പ്ലസ് പോയന്റായി മാത്രം കരുതുന്നതിനു പകരം ഇര്‍ഫാനെ തികഞ്ഞൊരു ഓള്‍ റൌണ്ടറായി കാണാനായിരുന്നു എല്ലാവര്‍ക്കും താല്പര്യം. ഗ്രെഗ് ചാപ്പലിന്റെ വകയായിട്ടുള്ള ബാറ്റിംഗ് ഓര്‍ഡറിലെ സ്ഥാനക്കയറ്റങ്ങള്‍ തുടര്‍ക്കഥയാവുകയും കൃത്യതക്ക് വേണ്ടി പേസ് ബലി കഴിക്കേണ്ടി വരുന്നതും ഏകദേശം ഒരേ കാലയളവിലാണ് സംഭവിക്കുന്നത് . രസകരമായ കാര്യം ഇര്‍ഫാന്റെ ബൗളിംഗ് നിലവാരം മോശമായപ്പോഴാണ് ആത്യന്തികമായി ഇര്‍ഫാനില്‍ നിന്നും പ്രതീക്ഷിച്ചത് റണ്‍സുകളല്ല വിക്കറ്റുകള്‍ തന്നെയായിരുന്നു എന്ന യാഥാര്‍ഥ്യം പലരും തിരിച്ചറിയുന്നത് എന്നതാണ് .
ഇര്‍ഫാന്റെ ടെസ്റ്റ് കരിയര്‍ നീണ്ടു നിന്ന 5 വര്‍ഷങ്ങളില്‍ ഇന്ത്യ കളിച്ച 17 ടെസ്റ്റ് പരമ്പരകളില്‍ പതിനൊന്നും ഉപഭൂഖണ്ഡത്തിലെ ഫ്‌ലാറ്റ് ട്രാക്കുകളിലായിരുന്നു എന്നതാണ് ഇര്‍ഫാന്റെ വീഴ്ചയിലേക്ക് നയിച്ച പ്രശ്‌നങ്ങളില്‍ തിരിച്ചറിയപ്പെടാത്ത കാരണങ്ങളില്‍ പ്രധാനപ്പെട്ട ഒന്ന് . 6 ഓവര്‍സീസ് പരമ്പരകളില്‍ 3 എണ്ണത്തില്‍ മാത്രമാണ് പത്താന്‍ കളിച്ചതും . ഇംഗ്ലണ്ട്, ന്യുസിലാന്റ് , സൗത്ത് ആഫ്രിക്ക എന്നിവിടങ്ങളില്‍ ടെസ്റ്റ് കളിച്ചിട്ടില്ല. വെസ്റ്റ് ഇന്‍ഡീസില്‍ ആകെ കളിച്ചത് ഒരേയൊരു ടെസ്റ്റും. ,അവസരം കിട്ടിയ ഓസ്ട്രേലിയയില്‍ പെര്‍ത്തില്‍ അവരുടെ 16 മത്സരത്തിന്റെ വിന്നിങ് സ്ട്രീക് അവസാനിപ്പിച്ചു കൊണ്ടുള്ള ഒരു മാന്‍ ഓഫ് ദ മാച്ച് പ്രകടനമായിരുന്നു മറുപടി.
സ്വിങ് ബൗളര്‍ എന്ന നിലയില്‍ കിട്ടാവുന്നതില്‍ വച്ചേറ്റവും മോശമായ സാഹചര്യങ്ങളാണ് ഇര്‍ഫാന് ലഭിച്ചതെന്ന് വ്യക്തമാക്കുന്ന കണക്കുകളാണിത് . അങ്ങനെ കരിയറിന്റെ അവസാന പാതിയിലേക്കടുക്കുമ്പോള്‍ ഇര്‍ഫാനിലെ ബാറ്റ്‌സ്മാന്‍ മെച്ചപ്പെടുകയും ബൗളര്‍ ശരാശരിക്ക് താഴേക്ക് വീണുപോവുകയും ചെയ്തിരുന്നു. ടെസ്റ്റ് ക്രിക്കറ്റിലെ പെട്ടെന്നുള്ള പതനത്തിനിടയിലും മികച്ചൊരു ഔട്ട് ഫീല്‍ഡര്‍ കൂടെയായിരുന്ന ഇര്‍ഫാന് ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റില്‍ കൂടുതല്‍ നീണ്ടൊരു യാത്ര സാധ്യമായിരുന്നു. 2007 ടി ട്വന്റി ലോകകപ്പ് ഫൈനലില്‍ പാക്കിസ്ഥാനെതിരെ എറിഞ്ഞ ടോപ് ക്ളാസ് സ്‌പെല്‍ അവിസ്മരണീയമായിരുന്നു. ഐ.പി.എല്ലിന്റെ വരവോടെ ആഭ്യന്തര ക്രിക്കറ്റില്‍ നിന്നും പുതിയ പ്രതിഭകള്‍ ഉയര്‍ന്നു വന്നതിനൊപ്പം തിരിച്ചുവരവിനുള്ള ഓരോ ശ്രമത്തിലും പരിക്കുകള്‍ കൂടെ വിടാതെ പിന്തുടരുമ്പോള്‍ ഇര്‍ഫാന്‍ പതിയെ ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് മാഞ്ഞു പോവുകയാണ്.
ഗ്രെഗ് ചാപ്പല്‍ എന്ന കോച്ചും ഇന്ത്യന്‍ ക്രിക്കറ്റിലെ സൂപ്പര്‍ താരങ്ങളുമായിട്ടുണ്ടായിരുന്ന ഈഗോ ക്ളാഷില്‍ അതിവിദഗ്ദ്ധമായി ഉപയോഗിക്കപ്പെട്ടതാണ് ഇര്‍ഫാന്റെ കരിയര്‍ എന്നാണ് വ്യക്തിപരമായ നിരീക്ഷണം. ചാപ്പല്‍ സൂപ്പര്‍താരങ്ങള്‍ക്ക് മുന്നറിയിപ്പെന്ന രീതിയിലാണ് ഇര്‍ഫാന്റെ ബാറ്റിംഗ് പ്രൊമോഷനുകള്‍ ഉപയോഗിച്ചതും തന്റെ വീഴ്ചയെ പറ്റി വിലയിരുത്തുമ്പോള്‍ ഇര്‍ഫാന് ചാപ്പല്‍ ഏറയെ കുറിച്ച് പരാതികളുണ്ടാവാന്‍ ഒരു സാധ്യതയുമില്ല. കാരണം അയാള്‍ക്ക് ബാറ്റിങ്ങിലും ബൗളിങ്ങിലും കൂടുതല്‍ അവസരങ്ങള്‍ ലഭിച്ചു കൊണ്ടിരുന്ന ഒരു കാലഘട്ടമായിരുന്നല്ലോ അത് . എതിര്‍പ്പുകള്‍ ഉയര്‍ത്തിയ സൂപ്പര്‍താരങ്ങളെ നിലക്ക് നിര്‍ത്താന്‍ ആ കാലഘട്ടത്തില്‍ തനിക്ക് ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്നും ലഭിക്കാവുന്ന ഏറ്റവും മികച്ച ആയുധമാണ് ഇര്‍ഫാനെന്നു തിരിച്ചറിഞ്ഞ ചാപ്പല്‍ ടെസ്റ്റില്‍ പോലും ബാറ്റിംഗ് ഓര്‍ഡറില്‍ സ്ഥാനക്കയറ്റം നല്‍കി ഒരു ഹ്രസ്വ കാലഘട്ടത്തില്‍ ഇര്‍ഫാനെ അമിതമായി ഉപയോഗിക്കുകയും തന്റെ തന്നെ കോച്ചിങ് കരിയറിന്റെ അവസാന ഘട്ടമാവുമ്പോഴേക്കും പഴയ മൂര്‍ച്ച നഷ്ടപ്പെട്ട ഇര്‍ഫാനെ കറിവേപ്പില പോലെ വലിച്ചെറിയുകയും ചെയ്തതിനപ്പുറമൊന്നും ആ കാലഘട്ടത്തില്‍ സംഭവിച്ചിട്ടില്ല.
വിരമിക്കലെന്ന അനിവാര്യതയിലെത്തിയ ശേഷം തന്റെ കരിയറിലേക്ക് തിരിഞ്ഞു നോക്കുമ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ അസ്വസ്ഥനായില്ലെങ്കിലാണ് അദ്ഭുതം. ധോണിയെ ഉള്‍പ്പെടെ കുറ്റപ്പെടുത്തുന്നുണ്ട്. ഉള്ളിലടക്കി പിടിച്ചിരുന്ന നിരാശയും ദേഷ്യവും പലപ്പോഴും പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. ഒരര്‍ത്ഥത്തില്‍ അയാള്‍ക്കതിനുള്ള അവകാശമുണ്ട് എന്നതാണ് സത്യം . ഗ്ലോറിയസ് എന്ന വിശേഷണവുമായി അവസാനിപ്പിക്കേണ്ടിയിരുന്ന കരിയറില്‍ ലോട്ട്‌സ് ഓഫ് ഇഫ്സ് & ബട്ട്‌സ് മാത്രം ബാക്കിയാവുമ്പോള്‍ വേദന സ്വാഭാവികമാണ്. ഇന്ത്യന്‍ ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഇടതുകയ്യന്‍ പേസറുടെയോ ഓള്‍ റൗണ്ടറുടെയോ കഥ വായിച്ചറിയേണ്ട പിന്‍തലമുറക്ക് രാജ്യത്തെ ക്രിക്കറ്റിങ്ങ് സിസ്റ്റം നശിപ്പിച്ചു കളഞ്ഞൊരു പ്രോമിസിംഗ് കരിയറെന്ന് വായിച്ചെടുക്കേണ്ടി വരുന്നത് സത്യത്തില്‍ ദുഖകരമാണ് .
റിഷഭ് പന്തിനെ പോലൊരു യുവപ്രതിഭയെ തിരിച്ചടികളിലും സപ്പോര്‍ട്ട് ചെയ്ത് അതീവ ശ്രദ്ധയോടെ വളര്‍ത്തിയെടുത്ത സിസ്റ്റം ഇര്‍ഫാന്‍ പത്താനെന്ന യുവ ക്രിക്കറ്ററുടെ കരിയര്‍ ഉയരങ്ങളിലേക്ക് നയിക്കുന്നതില്‍ പരാജയപ്പെട്ടപ്പോള്‍ ഇര്‍ഫാന്‍ പത്താന്‍ പ്രതിഭയുണ്ടായിട്ടും എത്തേണ്ടിടത്ത് എത്താത്തവരുടെ ലിസ്റ്റിലേക്കാണ് നടന്നുകയറിയത്. കളിക്കുന്ന അവസാനത്തെ ഏകദിന മത്സരത്തില്‍ ശ്രീലങ്കക്കെതിരെ 5 വിക്കറ്റ് നേട്ടവും മാന്‍ ഓഫ് ദ മാച്ച് ബഹുമതിയുമായി നിന്ന ഇര്‍ഫാന്‍ പത്താന്‍ പിന്നീടൊരു ഏകദിന മത്സരം പോലും കളിച്ചില്ല എന്നതില്‍ നിന്ന് മാത്രം വായിച്ചെടുക്കാവുന്നതാണ് മിസ് മാനേജ്മെന്റിന്റെയും അവഗണനയുടെയും ബാക്കിപത്രമായ ഒരു കരിയറായിരുന്നു അയാളുടേത് എന്ന സത്യം.
301 അന്താരാഷ്ട്ര വിക്കറ്റുകള്‍ ,13 മാന്‍ ഓഫ് ദ മാച്ച് അവാര്‍ഡുകള്‍ ,മൂവായിരത്തിലധികം കരിയര്‍ റണ്‍സുകള്‍ ,ഒട്ടും നിസ്സാരമായ കണക്കുകളല്ല ഇതൊന്നും എന്നിരിക്കെയും പൂര്‍ണതയിലേക്കെത്തിച്ചേര്‍ന്നിരുന്നെങ്കില്‍ ഇര്‍ഫാന്‍ പത്താന്റെ കരിയര്‍ നല്‍കുമായിരുന്ന നമ്പേഴ്സ് എന്താകുമായിരുന്നു എന്നാലോചിക്കുമ്പോഴേ നഷ്ടത്തിന്റെ ആഴം വ്യക്തമാവൂ . അസാധാരണമാം വിധം പ്രതിഭാശാലിയായിരുന്ന അതിലേറെ നിര്‍ഭാഗ്യവാനായിരുന്ന ക്രിക്കറ്റര്‍.