പത്താനെ കമന്ററി റോള്‍ ഒഴിവാക്കിയത് കളിക്കാരോടുള്ള പക്ഷപാതിത്വം മൂലമോ?
മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താനെ ഐപിഎല്‍ 18ാം സീസണിലെ കമന്ററി പാനലില്‍ നിന്ന് സംപ്രേഷകര്‍ ഒഴിവാക്കിയത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്.. ചില കളിക്കാരെ പക്ഷപാതപരമായി പരിഹസിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് ഇര്‍ഫാനെതിരെയുളള ഈ നടപടിയെന്നാണ് റിപ്പോര്‍ട്ട്.
വിരമിച്ചതിന് ശേഷം ഐ.പി.എല്‍ മത്സരങ്ങളിലും ഇന്ത്യയുടെ അന്താരാഷ്ട്ര മത്സരങ്ങളിലും ഇംഗ്ലീഷിലും ഹിന്ദിയിലും പത്താന്‍ സ്ഥിരമായി കമന്ററി പറയാറുണ്ടായിരുന്നു. എന്നാല്‍ ഐ.പി.എല്‍ 2025-ന് മുന്നോടിയായി അദ്ദേഹത്തെ ഈ റോളിലേക്ക് പരിഗണിച്ചില്ല. ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍, ചില കളിക്കാരെ ലക്ഷ്യമിട്ട് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റുകള്‍ ഇട്ടതിനും വ്യക്തിപരമായ വിരോധം സംപ്രേഷണത്തില്‍ കൊണ്ടുവന്നതിനും സംപ്രേഷകര്‍ക്ക് അതൃപ്തിയുണ്ടായതിനെ തുടര്‍ന്നാണ് പത്താനെ ഒഴിവാക്കിയതെന്ന് പറയുന്നു. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കളിക്കാരുമായി പത്താന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
'വര്‍ഷങ്ങള്‍ക്ക് മുമ്പ് ചില കളിക്കാരുമായി പത്താന് അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. അതിനുശേഷം അവര്‍ക്കെതിരെ അക്രമണോത്സുകമായി പരാമര്‍ശിക്കുന്നതില്‍ അദ്ദേഹം ഒട്ടും മടി കാണിച്ചിട്ടില്ല. ജൂനിയര്‍ കളിക്കാര്‍ ഇതില്‍ പെട്ടുപോയെന്ന് ആരോപണമുയര്‍ന്നു. പേരെടുത്ത് പറഞ്ഞില്ലെങ്കിലും സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ അദ്ദേഹം അവരെ പരിഹസിച്ചുവെന്നും ആരോപണമുണ്ട്' പേര് വെളിപ്പെടുത്താത്ത ഒരു അടുത്ത വൃത്തം പറഞ്ഞു. അതേസമയം, പത്താന്‍ സ്വന്തമായി ഒരു യൂട്യൂബ് ചാനല്‍ ആരംഭിച്ചിട്ടുണ്ട്.
പത്താന്‍ മാത്രമല്ല, മുന്‍പ് സഞ്ജയ് മഞ്ജരേക്കറും നടപടി നേരിട്ടു
കളിക്കാരുടെ പരാതികളെ തുടര്‍ന്ന് സംപ്രേഷകര്‍ നടപടിയെടുത്ത പ്രമുഖ കമന്റേറ്റര്‍മാരില്‍ ഒരാളല്ല പത്താന്‍. 2019 ഏകദിന ലോകകപ്പില്‍ രവീന്ദ്ര ജഡേജയെ 'ബിറ്റ്സ് ആന്‍ഡ് പീസസ്' എന്ന് വിശേഷിപ്പിച്ചതിനെ തുടര്‍ന്ന് 2020-ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഇന്ത്യയുടെ ഏകദിന പരമ്പരയില്‍ നിന്ന് സഞ്ജയ് മഞ്ജരേക്കറെ ബി.സി.സി.ഐയുടെ കമന്ററി പാനലില്‍ നിന്ന് നീക്കം ചെയ്തിരുന്നു.
'കമന്ററിയെ ഞാന്‍ എപ്പോഴും വലിയൊരു പദവിയായി കണക്കാക്കിയിട്ടുണ്ട്, എന്നാല്‍ അതൊരിക്കലും അവകാശമായി കരുതിയിട്ടില്ല. എന്നെ നിലനിര്‍ത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് എന്റെ തൊഴിലുടമകളാണ്. ഞാന്‍ അതിനെ എപ്പോഴും മാനിക്കും. സമീപകാലത്ത് എന്റെ പ്രകടനത്തില്‍ ബി.സി.സി.ഐക്ക് അതൃപ്തിയുണ്ടാകാം. ഒരു പ്രൊഫഷണല്‍ എന്ന നിലയില്‍ ഞാന്‍ അത് അംഗീകരിക്കുന്നു' തീരുമാനത്തെ തുടര്‍ന്ന് മഞ്ജരേക്കര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു.