ലക്ഷ്യം സഞ്ജുവിന്റെ സ്ഥാനം, ചരട് വലി തുടങ്ങി ഇഷാന്‍ കിഷന്‍, ഇനി വലിയ കളികള്‍
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് കൂടുതല്‍ യുവതാരങ്ങളെ ഉള്‍പ്പെടുത്തുന്നതില്‍ പുതിയ പരിശീലകന്‍ ഗൗതം ഗംഭീര്‍ കൃത്യമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. രാഹുല്‍ ദ്രാവിഡിന്റെ കാലത്ത് അവഗണിക്കപ്പെട്ട പലര്‍ക്കും ഗംഭീര്‍ അവസരം നല്‍കാന്‍ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്.
ഇതിന് ഉദാഹരണമാണ് ഇഷാന്‍ കിഷന്‍. ദ്രാവിഡിന്റെ കീഴില്‍ ബിസിസിഐ കരാറില്‍ നിന്ന് പുറത്തായ കിഷന്‍, ഗംഭീറിന്റെ വരവോടെ തിരിച്ചുവരവിന്റെ പാതയിലാണ്. ടി20, ഏകദിന ഫോര്‍മാറ്റുകളില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുള്ള കിഷന്‍, അരങ്ങേറ്റ ടി20യില്‍ അര്‍ദ്ധസെഞ്ച്വറിയും ഏകദിനത്തില്‍ ഇരട്ട സെഞ്ച്വറിയും നേടിയിട്ടുണ്ട്.
ആഭ്യന്തര ക്രിക്കറ്റ് കളിക്കാനുള്ള നിര്‍ദ്ദേശം അവഗണിച്ചതിനെ തുടര്‍ന്നാണ് കിഷന്‍ ടീമില്‍ നിന്ന് പുറത്തായത്. ഇപ്പോള്‍ ഇന്ത്യ എ ടീമിനൊപ്പം ഓസ്‌ട്രേലിയന്‍ പര്യടനം നടത്തുന്ന കിഷന്‍, തിരിച്ചുവരവിന് ആത്മവിശ്വാസം പ്രകടിപ്പിച്ചിട്ടുണ്ട്.
ടീമിലെ സ്ഥാനത്തിനായുള്ള മത്സരം ആസ്വദിക്കുന്നതായും മൂന്ന് ഫോര്‍മാറ്റുകളിലും മികവ് തെളിയിക്കാന്‍ കഴിയുമെന്നും കിഷന്‍ പറയുന്നു.
സഞ്ജു സാംസണില്‍ നിന്ന് ഓപ്പണര്‍ സ്ഥാനം തിരിച്ചുപിടിക്കാനാണ് കിഷന്റെ ലക്ഷ്യം. സഞ്ജു സാംസണ്‍ നിലവില്‍ ഇന്ത്യയുടെ ടി20 ഓപ്പണറാണ്. ബംഗ്ലാദേശിനെതിരായ പ്രകടനം വിലയിരുത്തിയാണ് സഞ്ജുവിന് ദക്ഷിണാഫ്രിക്കയിലും ഓപ്പണര്‍ റോള്‍ നല്‍കിയിരിക്കുന്നത്. എന്നാല്‍ ഇത് മുതലാക്കാന്‍ സാധിക്കാതെ പോയാല്‍ സഞ്ജു സാംസണിന് വഴിമാറിക്കൊടുക്കേണ്ടി വരും. മികച്ച ഫോമില്‍ കളിച്ച് ശക്തമായി തിരിച്ചെത്താനാണ് ഇഷാന്‍ കിഷന്റെ പദ്ധതി. അതുകൊണ്ടുതന്നെ സഞ്ജുവിന് ദക്ഷിണാഫ്രിക്കന്‍ പരമ്പരയില്‍ തിളങ്ങേണ്ടത് അത്യാവശ്യമാണെന്ന് പറയാം.