വിചിത്രമായ പുറത്താകല്‍; അപ്പീല്‍ പോലുമില്ലാതെ കിഷന്‍ ക്രീസ് വിട്ടിറങ്ങി, ഒടുവില്‍ നാടകീയ രംഗങ്ങള്‍
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ബുധനാഴ്ച നടന്ന മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് ബൗളര്‍ ദീപക് ചാഹറിന്റെ പന്തില്‍ സണ്‍റൈസേഴ്‌സ് ബാറ്റര്‍ ഇഷാന്‍ കിഷന്‍ പുറത്തായത് അവിശ്വസനീയമായ രീതിയില്‍. അമ്പയറുടെ ഭാഗത്തുനിന്നോ മുംബൈ താരങ്ങളുടെ ഭാഗത്തുനിന്നോ യാതൊരു അപ്പീലുമില്ലാതിരുന്നിട്ടും ഇഷാന്‍ ക്രീസ് വിട്ടിറങ്ങിയത് അമ്പരപ്പിനും പിന്നീട് നാടകീയ രംഗങ്ങള്‍ക്കും വഴിവെച്ചു.
സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചാവിഷയമാവുകയും ഇഷാന്റെ സത്യസന്ധതയെ ചോദ്യം ചെയ്തുകൊണ്ട് നിരവധി ആരാധകര്‍ രംഗത്തെത്തുകയും ചെയ്തു.
മത്സരത്തിന്റെ മൂന്നാം ഓവറിലെ ആദ്യ പന്തിലായിരുന്നു ഈ വിചിത്ര സംഭവം അരങ്ങേറിയത്. ദീപക് ചാഹറിന്റെ ലെഗ് സ്റ്റമ്പിന് പുറത്തുകൂടി പോയ ലെങ്ത് ബോള്‍ കീപ്പര്‍ പിടിച്ചതിന് ശേഷം തിരികെ എറിയാന്‍ തയ്യാറെടുക്കുമ്പോഴാണ് അമ്പയര്‍ അത് വൈഡ് ബോള്‍ എന്ന് വിളിച്ചത്. എന്നാല്‍ തൊട്ടടുത്ത നിമിഷം തന്നെ ഇഷാന്‍ ക്രീസ് വിട്ടിറങ്ങുന്നത് കണ്ട അമ്പയര്‍ തന്റെ തീരുമാനം മാറ്റി ഔട്ട് വിളിക്കുകയായിരുന്നു. ദീപക് ചാഹറോ ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയോ മറ്റ് മുംബൈ താരങ്ങളോ കാര്യമായ അപ്പീലൊന്നും ഉന്നയിച്ചിരുന്നില്ല. അവര്‍ പന്ത് വൈഡ് ആയിരുന്നോ അല്ലയോ എന്ന ചിന്തയിലായിരുന്നു കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്.
ഇഷാന്‍ പുറത്തായതിന് പിന്നാലെ ഹാര്‍ദിക് പാണ്ഡ്യ അദ്ദേഹത്തെ അഭിനന്ദിക്കാനായി ഓടിയെത്തുകയും 'സ്പിരിറ്റ് ഓഫ് ക്രിക്കറ്റ്' പ്രകടിപ്പിച്ചതിന് തോളില്‍ തട്ടുകയും ചെയ്തു. എന്നാല്‍ റീപ്ലേയില്‍ പന്തില്‍ ബാറ്റുകൊണ്ടതായി യാതൊരു സൂചനയുമില്ലായിരുന്നു. ഇതോടെ ഡ്രസ്സിംഗ് റൂമിലിരുന്ന ഇഷാന്‍ നിരാശയും ദേഷ്യവും കൊണ്ട് സ്വയം പഴിക്കുകയായിരുന്നു.
ഈ അസാധാരണമായ സംഭവം ആരാധകരെ ആദ്യം ആശയക്കുഴപ്പത്തിലാക്കുകയും പിന്നീട് രോഷാകുലരാക്കുകയും ചെയ്തു. ചിലര്‍ ഇഷാനെ 'ഒത്തുകളി' ആരോപിച്ചു വരെ രംഗത്തെത്തി.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സിന് തുടക്കം തകര്‍ച്ചയായിരുന്നു. പവര്‍പ്ലേയില്‍ അവര്‍ക്ക് നാല് വിക്കറ്റ് നഷ്ടത്തില്‍ നേടാനായത് വെറും 24 റണ്‍സ് മാത്രമാണ്. ഐപിഎല്‍ ചരിത്രത്തില്‍ ആദ്യ നാല് വിക്കറ്റുകള്‍ 20 റണ്‍സില്‍ താഴെ നഷ്ടപ്പെടുന്ന ആദ്യത്തെ സംഭവമായിരുന്നു ഇത്. ഒരു ഘട്ടത്തില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും മോശം ബാറ്റിംഗ് പ്രകടനത്തിലേക്ക് അവര്‍ നീങ്ങുകയാണെന്ന് തോന്നിപ്പിച്ചു.
എന്നാല്‍ പിന്നീട് ഹെന്റിച്ച് ക്ലാസന്‍ (44 പന്തില്‍ 71 റണ്‍സ്) തകര്‍പ്പന്‍ പ്രകടനം കാഴ്ചവെക്കുകയും അഭിനവ് മനോഹറിനൊപ്പം (37 പന്തില്‍ 43 റണ്‍സ്) 99 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കുകയും ചെയ്തതോടെ സണ്‍റൈസേഴ്‌സ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 143 റണ്‍സിലെത്തി. എന്നാല്‍ ഇഷാന്‍ കിഷന്റെ ഈ വിചിത്രമായ പുറത്താകല്‍ മത്സരത്തിന്റെ ഗതിയെയും ചര്‍ച്ചകളെയും മാറ്റിമറിച്ചു.