അവഗണിക്കപ്പെട്ട ഇന്ത്യന്‍ താരം ഒരേ മത്സരത്തില്‍ തുടര്‍ച്ചയായി ഫിഫ്റ്റി നേടി, ബിസിസിഐക്ക് മറുപടി
സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ വരാനിരിക്കുന്ന ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് അതിനിര്‍ണ്ണായകമാണ്. ഇന്ത്യന്‍ ടീമിന്റെ സെലക്ഷന്‍ റഡാറില്‍ നിന്നും പുറത്തായ ഇഷാന്‍ ഐപിഎല്ലില്‍ മികച്ച ഫോം പ്രദശിപ്പിച്ചാല്‍ മാത്രമാണ് നീലക്കുപ്പായത്തിലേക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകൂ.
അതെസമയം ഐപിഎല്ലിന് മുന്നോടിയായി ശനിയാഴ്ച നടന്ന ടീമിന്റെ പരിശീലന മത്സരത്തില്‍ ഒരേ ഇന്നിംഗ്സില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടി താന്‍ മിന്നുന്ന ഫോമിലാണെന്ന് തെളിയിച്ചു. ടൂര്‍ണമെന്റ് ആരംഭിക്കാന്‍ ഒരാഴ്ചയില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ, ഇന്ത്യയുടെ ടി20 ടീം അംഗം അഭിഷേക് ശര്‍മ്മ ഉള്‍പ്പെടെയുള്ള സഹതാരങ്ങളെ പിന്തള്ളിയാണ് കിഷന്‍ തിളങ്ങിയത്. മത്സരത്തില്‍ രണ്ട് ഇന്നിംഗ്‌സിലും ബാറ്റ് ചെയ്ത കിഷന്‍ ആദ്യം 23 പന്തില്‍ 64 റണ്‍സ് നേടിയ ശേഷം രണ്ടാം ഇന്നിംഗ്‌സില്‍ 30 പന്തില്‍ 73 റണ്‍സും നേടി.
ഇഷാന്‍ കിഷന്റെ തകര്‍പ്പന്‍ പ്രകടനം
ആദ്യ ഇന്നിംഗ്സില്‍ അഭിഷേകിനൊപ്പം കിഷന്‍ ഓപ്പണ്‍ ചെയ്യുകയും പവര്‍പ്ലേയില്‍ ഇരുവരും തകര്‍പ്പന്‍ തുടക്കം നല്‍കുകയും ചെയ്തു. എന്നാല്‍ 8 പന്തില്‍ 28 റണ്‍സ് നേടി ഡീപ് കവറില്‍ ക്യാച്ച് നല്‍കി അഭിഷേക് ആദ്യം പുറത്തായി. സഹ ഓപ്പണര്‍ പുറത്തായതില്‍ പതറാതെ കിഷന്‍ തന്റെ ആക്രമണം തുടര്‍ന്ന് അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. എട്ടാം ഓവറില്‍ മെന്റിസിന്റെ പന്തില്‍ ക്യാച്ച് നല്‍കി അദ്ദേഹം പുറത്തായി.
രണ്ടാം ഇന്നിംഗ്സില്‍ 261 റണ്‍സ് വിജയലക്ഷ്യവുമായി കിഷന്‍ വീണ്ടും ബാറ്റിംഗിന് ഇറങ്ങി. എന്നാല്‍ കിഷന്‍ ഒരിക്കല്‍ കൂടി തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. രണ്ടാം ഇന്നിംഗ്സില്‍ പന്തെറിഞ്ഞ അഭിഷേകിനെ വരെ കിഷന്‍ ആക്രമിച്ചു.
അതെസമയം വരാനിരിക്കുന്ന സീസണില്‍ എസ്ആര്‍എച്ചിനായി കിഷന്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യാനാണ് സാധ്യത. അഭിഷേകും ട്രാവിസ് ഹെഡും ഓപ്പണിംഗ് സ്ഥാനത്ത് തുടരും.
മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ കിഷനെ കഴിഞ്ഞ നവംബറിലെ ഐപിഎല്‍ ലേലത്തില്‍ 11.25 കോടി രൂപയ്ക്കാണ് എസ്ആര്‍എച്ച് വാങ്ങിയത്. എന്നാല്‍ കഴിഞ്ഞ സീസണിലെ ഏറ്റവും അപകടകാരികളായ ഓപ്പണര്‍മാരില്‍ ഒരാളായ അഭിഷേക് ശര്‍മ്മയും ട്രാവിസ് ഹെഡും എസ്ആര്‍എച്ചിന് ശക്തമായ ഓപ്പണിംഗ് കൂട്ടുകെട്ടുണ്ട്. അതിനാല്‍ കിഷനെ മൂന്നാം സ്ഥാനത്തേക്ക് മാറി ബാറ്റ് ചെയ്യുന്നത്.
അവഗണനയും തിരിച്ചുവരവും
2022 ഡിസംബറില്‍ ബംഗ്ലാദേശിനെതിരെ ഏകദിനത്തില്‍ ഇരട്ട സെഞ്ചുറി (131 പന്തില്‍ 210) നേടി റെക്കോര്‍ഡ് ഇട്ടിട്ടും കിഷനെ പ്ലേയിംഗ് ഇലവനില്‍ നിന്ന് ഒഴിവാക്കി. ശുഭ്മാന്‍ ഗില്ലിനെ ഓപ്പണറായി പരിഗണിച്ചതാണ് കാരണം. അതിനുശേഷം എല്ലാ ഫോര്‍മാറ്റുകളിലും ടീമില്‍ സ്ഥാനം കണ്ടെത്താന്‍ അദ്ദേഹം പാടുപെടുകയാണ്.
വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ വിഭാഗത്തില്‍ ഋഷഭ് പന്ത്, കെ എല്‍ രാഹുല്‍, സഞ്ജു സാംസണ്‍ എന്നിവര്‍ക്കാണ് അന്താരാഷ്ട്ര ക്രിക്കറ്റില്‍ മുന്‍ഗണന നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം കിഷന് ബിസിസിഐയുടെ സെന്‍ട്രല്‍ കരാറും നഷ്ടപ്പെട്ടു.
വരാനിരിക്കുന്ന ഐപിഎല്ലില്‍ ഇഷാന്‍ കിഷന് കരിയര്‍ തിരിച്ചുപിടിക്കാന്‍ ഏറ്റവും വലിയ അവസരമുണ്ടെന്ന് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ആകാശ് ചോപ്ര അടുത്തിടെ അഭിപ്രായപ്പെട്ടിരുന്നു.
'എന്തുകൊണ്ടോ അദ്ദേഹം റഡാറില്‍ നിന്ന് പൂര്‍ണ്ണമായും അപ്രത്യക്ഷനായി. അദ്ദേഹത്തെക്കുറിച്ച് ആരും സംസാരിക്കുകയോ അദ്ദേഹത്തിന്റെ പ്രാധാന്യം മനസ്സിലാക്കുകയോ ചെയ്യുന്നില്ലെന്ന് തോന്നുന്നു. അദ്ദേഹം രഞ്ജി ട്രോഫിയില്‍ കളിക്കുകയും അവിടെ റണ്‍സ് നേടുകയും ചെയ്തു, അദ്ദേഹം എല്ലാം ചെയ്യുന്നു, പക്ഷേ ആരും അദ്ദേഹത്തെക്കുറിച്ച് സംസാരിക്കുന്നില്ല,' ചോപ്ര തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.