ജയിക്കാമെന്ന് പ്രതീക്ഷിക്കണ്ട, ന്യൂസിലന്‍ഡിന് മരണ മുന്നറിയിപ്പുമായി സര്‍ഫറാസ്
ഇന്ത്യയ്‌ക്കെതിരായ ബെംഗളൂരു ടെസ്റ്റില്‍ ന്യൂസിലന്‍ഡിന് ജയത്തിലേക്ക് 107 റണ്‍സ് കൂടിയാണ് വേണ്ടത്. എന്നാല്‍, അവസാന ദിനം പിച്ചില്‍ നിന്ന് ഉയരുന്ന വെല്ലുവിളികള്‍ ന്യൂസിലന്‍ഡിന് ജയം ഒട്ടും എളുപ്പമാക്കില്ലെന്നാണ് ഇന്ത്യന്‍ താരം സര്‍ഫറാസ് ഖാന്‍ വിലയിരുത്തുന്നു.
പിച്ചില്‍ അപ്രതീക്ഷിതമായി പന്ത് കുത്തി തിരിയുന്നതും വിള്ളലുകളില്‍ പന്ത് പിച്ച് ചെയ്ത് ഗതി മാറുന്നതും ന്യൂസിലന്‍ഡിന് വെല്ലുവിളിയാകും. സ്പിന്നര്‍മാര്‍ക്ക് പിച്ചില്‍ നിന്ന് നല്ല ടേണ്‍ ലഭിക്കുന്നുണ്ടെന്നും സര്‍ഫറാസ് പറഞ്ഞു.
തുടക്കത്തില്‍ വിക്കറ്റുകള്‍ വീണാല്‍ ന്യൂസിലന്‍ഡിനും ഇന്ത്യ നേരിട്ടതുപോലുള്ള തകര്‍ച്ച നേരിടേണ്ടിവരുമെന്ന് സര്‍ഫറാസ് കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ടെസ്റ്റുകളില്‍ അവസരം ലഭിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തിന് കഠിനാധ്വാനത്തില്‍ മാത്രമാണ് താന്‍ വിശ്വസിക്കുന്നതെന്നും തനിക്ക് നിയന്ത്രിക്കാന്‍ കഴിയുന്ന കാര്യങ്ങളെക്കുറിച്ച് മാത്രമേ ചിന്തിക്കാറുള്ളൂവെന്നും സര്‍ഫറാസ് മറുപടി നല്‍കി.
ഇന്ത്യക്കായി ടെസ്റ്റില്‍ സെഞ്ച്വറി അടിക്കുക എന്ന ബാല്യകാല സ്വപ്നം സാക്ഷാത്കരിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും സര്‍ഫറാസ് പറഞ്ഞു.
വിരാട് കോലിക്കൊപ്പം 136 റണ്‍സിന്റെയും റിഷഭ് പന്തിനൊപ്പം 177 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ സര്‍ഫറാസ് 150 റണ്‍സ് നേടി പുറത്തായി. പിന്നാലെ ഇന്ത്യന്‍ ബാറ്റിംഗ് നിര തകര്‍ന്നടിഞ്ഞു.