Featured
Cricket | WorldcupFan ZoneIPLTeam IndiaCricket News
Football | La LigaChampions LeagueISLFIFA WORLDCUPFootball News
Advertisement

മന്ത്രികം, മാസ്മരികം, അത്യന്തം നാടകീയം; ഇറ്റലി യൂറോ ചാമ്പ്യന്മാർ

04:45 AM Jul 12, 2021 IST | admin
UpdateAt: 04:45 AM Jul 12, 2021 IST
Advertisement

വെംബ്ലിയിലെ തിങ്ങിനിറഞ്ഞ പതിനായിരങ്ങൾക്ക് രണ്ടാമത്തെ മിനിറ്റിൽ തന്നെ പ്രതീക്ഷനൽകി ഇംഗ്ലണ്ട് ഫൈനലിൽ വീണുടഞ്ഞു. ഇംഗ്ലണ്ടിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്ന് ഇറ്റലി രണ്ടാമത്തെ യൂറോ ചൂടി. നിശ്ചിത സമയത്തും അധിക സമയത്തും ഓരോ ഗോളുകൾ വീതമടിച്ചു ഇരു ടീമുകളും സമനില പാലിച്ചതോടെയാണ് മത്സരം പെനാൽറ്റിയിലേക്ക് കടന്നത്. പെനാല്ടിയിൽ ഇംഗ്ലണ്ടിന്റെ യുവനിരക്ക് പിഴച്ചപ്പോൾ, ഇറ്റലിക്ക് പരിചയസമ്പത്ത് തുണയായി.

Advertisement

ആദ്യ യൂറോനേടാൻ ആവേശത്തോടെ ആക്രമിച്ചുകളിച്ച ഇംഗ്ലണ്ട് വെംബ്ലിയെ ഇളക്കിമറിച്ചു രണ്ടാമത്തെ മിനിറ്റിൽ തന്നെ ലൂക് ഷോയിലൂടെ മുന്നിലെത്തിയതാണ്. ഇറ്റാലിയൻ കോർണറിൽ നിന്നും വീണുകിട്ടിയ പന്തുമായി മുന്നേറിയ ഹാരി കെയ്ന്‍ വലത് വിങ്‌ബാക്ക് കീറണ്‍ ട്രിപ്പിയറിന് പന്ത് നൽകി. പന്തുമായി ഇറ്റാലിയൻ ബോക്സിന്റെ പരിസരത്തെത്തിയ ട്രിപ്പിയറിന്റെ വിങ്ടു വിങ് ക്രോസ് മാർക്ക് ചെയ്യപ്പെടാതെ നിന്ന ഇടതു വിങ് ബാക്ക് ലുക്ക് ഷായുടെ കാലുകളിലേക്ക്. ഹാഫ് വോളിയിൽ പന്ത് സ്റ്റോപ്പ് ചെയ്യാൻ പോലും ശ്രമിക്കാതെ ഷായുടെ ബുള്ളറ്റ് ഷോട്ട് നിമിഷാർദ്ധം കൊണ്ട് വലതുളച്ചു.

Advertisement

തുടർന്നും ആക്രമിച്ചു കളിച്ച ഇംഗ്ലണ്ടിന് ഏറെ നേരം ആധിപത്യം നിലനിർത്താനായില്ല. വേഗത കൊണ്ട്, പ്രായമായ ഇറ്റാലിയൻ ഡിഫൻസിനെ മറികടക്കാൻ ശ്രമിച്ച ഇംഗ്ലണ്ടിന് പരിചയസമ്പന്നത കൊണ്ടായിരുന്നു ഇറ്റലിയുടെ മറുപടി. മധ്യനിരയിൽ ഭാവനാസമ്പന്നമായ നീക്കങ്ങളിലൂടെ ഇറ്റലി പതിയെ മത്സരം തിരിച്ചുപിടിച്ചു.

എട്ടാം മിനിറ്റില്‍ ബോക്‌സിന് തൊട്ടുപുറത്ത് നിന്ന് ഇറ്റാലിയന്‍ താരം ലൊറന്‍സൊ ഇന്‍സീന്യെയുടെ ഫ്രീകിക്ക് ബാറിന് മുകളിലൂടെ പറന്നു. യൂറോയിലെ മോശം ഫ്രീകിക്ക് റെക്കോർഡിന് തുടർച്ച. 35-ാം മിനിറ്റില്‍ കിയേസയുടെ നിലംപറ്റെയുള്ള കനത്ത ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. ആദ്യ പകുതിയുടെ ഇഞ്ചുറി സമയത്തും ഇറ്റലി ഇംഗ്ലണ്ടിനെ വിറപ്പിച്ചു. ജിയോവാനി ഡി ലൊറന്‍സൊയുടെ പാസിൽ സിറൊ ഇമ്മൊബീൽ തൊടുത്ത കനത്ത ഷോട്ട് ജോണ്‍ സ്‌റ്റോണ്‍സിന്റെ ബ്ലോക്കിൽ തട്ടിയത് കൊണ്ട് മാത്രം ഇംഗ്ലണ്ട് രക്ഷപെട്ടു. ആദ്യ പകുതി ഇറ്റലി ഒരു ഗോളിന് പിന്നിൽ.

രണ്ടാ൦ പകുതിയിലും ആക്രമണം തുടർന്ന ഇറ്റലി മത്സരം നിയന്ത്രിച്ചു. 51-ാം മിനിറ്റില്‍ ഇന്‍സീന്യയുടെ മറ്റൊരു ഫ്രീകിക്കും ക്രോസ് ബാറിന് മുകളിലൂടെ പറന്നു. 57-ാം മിനിറ്റില്‍ അസാധ്യമായ ആംഗിളിൽ ഇന്‍സീന്യ തൊടുത്ത ഷോട്ട് ഇംഗ്ലീഷ് ഗോള്‍ കീപ്പര്‍ ജോര്‍ദാന്‍ പിക്‌ഫോര്‍ഡ് നിർവീര്യമാക്കി. 62-ാം മിനിറ്റിലും പിക്‌ഫോര്‍ഡിന്റെ ചോരാത്ത കൈകൾ ഇംഗ്ലണ്ടിന്റെ രക്ഷക്കെത്തി. കിയേസ മൂന്ന് പ്രതിരോധ താരങ്ങള്‍ക്കിടയിലൂടെ തൊടുത്ത കനത്ത ഷോട്ട് പിക്‌ഫോര്‍ഡ് അത്ഭുതകരമാം വണ്ണം തട്ടിയകറ്റി.

രണ്ടാ൦ മിനിറ്റിലെ ഗോളിന് ശേഷം 64-ാം മിനിറ്റില്‍ മാത്രമാണ് ഇംഗ്ലണ്ടിന് ഇറ്റാലിയൻ പ്രതിരോധത്തെ പരീക്ഷിക്കാനായത്. മേസണ്‍ മൗണ്ട് നൽകിയ ക്രോസില്‍ സ്‌റ്റോണ്‍സിന്റെ മികച്ച ഹെഡ്ഡര്‍ ഡോണറുമ തട്ടിയകറ്റി. 67-ാം മിനിറ്റില്‍ വെംബ്ലിയെ നിശബ്ദമാക്കി സമനില ഗോൾ പിറന്നു. ഇന്‍സീന്യ എടുത്ത കോര്‍ണര്‍ കിക്കിനെ തുടർന്ന് ഇംഗ്ലീഷ് പോസ്റ്റില്‍ രൂപം കൊണ്ട കൂട്ടപൊരിച്ചില്‍ മുതലാക്കി വെറ്ററൻ താരം ലിയോണാര്‍ഡൊ ബൊനൂച്ചി വലകുലുക്കി. പിന്നീട് വലിയ ചലനങ്ങൾ ഒന്നുമില്ലാതെ മത്സരം അധികസമയത്തേക്ക്.

അധിക സമയത്തിന്റെ 97-ാം മിനിറ്റില്‍ ഷോയുടെ കോര്‍ണറിൽ കാല്‍വിന്‍ ഫിലിപ്പിന്റെ നിലംപറ്റെയുള്ള ഷോട്ട് പോസ്റ്റിനെ തൊട്ടുരുമ്മി കടന്നുപോയി. 103-ാം മിനിറ്റിലും, 107-ാം മിനിറ്റിലും അവസരം മുതലാക്കാൻ ഇറ്റാലിയൻ താരങ്ങൾക്കുമായില്ല. മത്സരം പെനാൽറ്റി ഷൂട്ടൗട്ടിലേക്ക്.

പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യ കിക്കെടുത്ത ഇറ്റാലിയന്‍ താരം ഡൊമിനികോ ബെറാര്‍ഡിയും ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നും ലക്ഷ്യം കണ്ടു. എന്നാല്‍ അസൂറികളുടെ രണ്ടാം കിക്കെടുത്ത അന്ദ്രേ ബെലോട്ടിയുടെ കിക്ക് പിക്ക്‌ഫോര്‍ഡ് തട്ടിയകറ്റി. ഇംഗ്ലണ്ടിന്റെ രണ്ടാ൦ കിക്കെടുത്ത ഹാരി മഗൈ്വര്‍ ലക്‌ഷ്യം കണ്ടതോടെ ഇംഗ്ലണ്ടിന് മുൻ‌തൂക്കം. മൂന്നാം കിക്കില്‍ ലക്ഷ്യം കണ്ട ബൊനൂച്ചി ഇറ്റലിയെ മത്സരത്തിൽ നിലനിർത്തി. എന്നാൽ ഇംഗ്ലണ്ടിന്റെ മൂന്നാം കിക്കിൽ സൂപ്പർതാരം മാര്‍കസ് റാഷ് ഫോര്‍ഡിന് പിഴച്ചു. രാഷ്‌ഫോർഡിന്റെ ഷോട്ട് പോസ്റ്റില്‍ തട്ടിമടങ്ങി. അടുത്ത കിക്കിൽ ബെര്‍ണാഡേഷി ഇറ്റലിക്കായി ലക്ഷ്യം കണ്ടതോടെ സ്‌കോര്‍ 3-2ന് ഇറ്റലിക്ക് മുൻ‌തൂക്കം.

നാലാം കിക്കെടുത്ത ഇംഗ്ലീഷ് താരം ജെയ്ഡണ്‍ സാഞ്ചോയ്ക്കും പിഴച്ചു. സാഞ്ചോയുടെ കിക്ക് ഇറ്റാലിയന്‍ കീപ്പര്‍ ഡോണറുമ തട്ടിയകറ്റി. രണ്ട് ഗോളുകളുടെ ലീഡുമായി ഇറ്റലി മുന്നിൽ. അതോടെ അവസാന കിക്കെടുക്കാൻ വന്ന ജോര്‍ജിഞ്ഞോയിൽ വെംബ്ലിയിലെ മുഴുവൻ ആരാധകരും ഉറ്റുനോക്കുന്നു. പിക്‌ഫോര്‍ഡ് വീണ്ടും ഇംഗ്ലണ്ടിന്റെ രക്ഷകനായി. ജോര്‍ജിഞ്ഞോയുടെ കിക്ക് പിക്‌ഫോര്‍ഡ് തട്ടിയകറ്റിയതോടെ ബുക്കായ് സക്ക എടുക്കുന്ന അവസാന കിക്ക് വലയിലെത്തിയാൽ മത്സരം സഡൻ ഡെത്തിലേക്ക് കടക്കും. എന്നാൽ യുവതാരത്തിന് സമ്മർദ്ദം താങ്ങാനായില്ല. ആഴ്‌സനല്‍ താരത്തിന്റെ ദുർബലമായ കിക്ക് ഡോണറുമ തട്ടിയകറ്റിയതോടെ ഇറ്റലി രണ്ടാം യൂറോ കിരീടം മുത്തമിട്ടു.

 

Advertisement
Next Article