കോഹ്ലിയുടെ വിരമിക്കല്‍, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രവി ശാസ്ത്രി
വിരാട് കോലിയുടെ അപ്രതീക്ഷിതമായ ടെസ്റ്റ് ക്രിക്കറ്റ് വിരമിക്കലിനെക്കുറിച്ച് നിര്‍ണായക വെളിപ്പെടുത്തലുകള്‍ നടത്തി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുന്‍ പരിശീലകനായ രവി ശാസ്ത്രി. കോലിയ്ക്ക് തന്റെ കരിയറിനെക്കുറിച്ച് യാതൊരു ഖേദവുമില്ലെന്നും, രാജ്യത്തിനായി ടെസ്റ്റ് ക്രിക്കറ്റില്‍ തനിക്ക് കഴിയാവുന്നതെല്ലാം നല്‍കിയെന്നും വിരമിക്കല്‍ പ്രഖ്യാപിക്കുന്നതിന് ഒരാഴ്ച മുന്‍പ് താനുമായി സംസാരിച്ചതായി ശാസ്ത്രി വെളിപ്പെടുത്തി.
ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പര വരാനിരിക്കെയാണ് കോലിയുടെ ഈ അപ്രതീക്ഷിതമായ തീരുമാനം. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന കോലി, 9230 റണ്‍സുമായി ഇന്ത്യന്‍ ബാറ്റര്‍മാന്‍മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്താണ്. കൂടാതെ 30 ടെസ്റ്റ് സെഞ്ചുറികളും അദ്ദേഹം നേടിയിട്ടുണ്ട്.
കോലിയും ശാസ്ത്രിയും ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍-കോച്ച് കൂട്ടുകെട്ടുകളില്‍ ഒന്നായിരുന്നു. കോലി തന്റെ വിരമിക്കല്‍ തീരുമാനം ലോകത്തെ അറിയിക്കുന്നതിന് മുന്‍പ് താനുമായി സംസാരിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ ശാസ്ത്രി സ്ഥിരീകരിച്ചു
'ഞാന്‍ അവനോട് സംസാരിച്ചു, അവന്റെ പ്രഖ്യാപനത്തിന് ഏകദേശം ഒരാഴ്ച മുന്‍പ്. അവന്റെ മനസ്സ് വളരെ വ്യക്തമായിരുന്നു, അവന്‍ ഞങ്ങള്‍ക്ക് എല്ലാം നല്‍കിയിരുന്നു' ഐസിസി റിവ്യൂവിന് നല്‍കിയ അഭിമുഖത്തില്‍ ശാസ്ത്രി പറഞ്ഞു. 'അവന് ഖേദങ്ങളൊന്നും ഉണ്ടായിരുന്നില്ല. ഞാന്‍ ഒന്നോ രണ്ടോ ചോദ്യങ്ങള്‍ ചോദിച്ചു, അത് വ്യക്തിപരമായ സംഭാഷണമാണ്. അവന്‍ വളരെ വ്യക്തമായി പറഞ്ഞു, അവന് മനസ്സില്‍ ഒരു സംശയവുമില്ലായിരുന്നു. അപ്പോഴാണ് എനിക്ക് തോന്നിയത്, 'അതെ, ഇതാണ് ശരിയായ സമയം' ശാസ്ത്രി പറഞ്ഞു.
68 ടെസ്റ്റുകളില്‍ 40 വിജയങ്ങളുമായി ഇന്ത്യയുടെ ഏറ്റവും കൂടുതല്‍ ടെസ്റ്റ് വിജയങ്ങള്‍ നേടിയ ക്യാപ്റ്റനാണ് കോലി. കളിക്കാരനെന്ന നിലയില്‍, കളിയോടുള്ള അദ്ദേഹത്തിന്റെ തീവ്രവും ഹൃദയം നിറഞ്ഞതുമായ സമീപനം ശ്രദ്ധേയമാണ്. എന്നാല്‍ ഇത്തരമൊരു സമീപനത്തിന് ഒരു പരിധിയുണ്ടെന്ന് ശാസ്ത്രി വിശ്വസിക്കുന്നു.
'അവന്‍ എന്തെങ്കിലും ചെയ്യാന്‍ തീരുമാനിച്ചാല്‍, അവന്‍ അതിന് 100 ശതമാനം നല്‍കും, അത് അത്ര എളുപ്പത്തില്‍ മറ്റൊരാള്‍ക്ക് എത്തിപ്പിടിക്കാന്‍ കഴിയില്ല,' ശാസ്ത്രി പറഞ്ഞു.
'ഒറ്റയ്ക്ക് ഒരു ക്യാപ്റ്റനായും ബാറ്റ്‌സ്മാനായും അവന്‍ മികവ് പുലര്‍ത്തി. ഒരു കളിക്കാരന്‍ തന്റെ ജോലി ചെയ്യും, പിന്നീട് നിങ്ങള്‍ വിശ്രമിക്കും. എന്നാല്‍ കോലിയുടെ കാര്യത്തില്‍, ടീം കളിക്കാന്‍ ഇറങ്ങുമ്പോള്‍, എല്ലാ വിക്കറ്റുകളും അവന് എടുക്കണം, എല്ലാ ക്യാച്ചുകളും അവന്‍ എടുക്കണം, ഫീല്‍ഡിലെ എല്ലാ തീരുമാനങ്ങളും അവന്‍ എടുക്കണം എന്ന മട്ടിലാണ്' ശാസ്ത്രി വിലയിരുത്തുന്നു.
കോലിയുടെ താരപദവിയും, അവനിലേക്ക് എപ്പോഴും ശ്രദ്ധയെത്തുന്നതും ഈ 'burnout' ന് കാരണമായേക്കാമെന്ന് ശാസ്ത്രി ചൂണ്ടിക്കാട്ടി. 'ലോകമെമ്പാടും അവന് ആരാധകരുണ്ട്. കഴിഞ്ഞ ദശകത്തില്‍ മറ്റേതൊരു ക്രിക്കറ്റ് കളിക്കാരനേക്കാളും വലിയ ആരാധകവൃന്ദം അവനുണ്ട്,' ശാസ്ത്രി പറഞ്ഞു.
എങ്കിലും, കോലിയുടെ തീരുമാനം തന്നെ അത്ഭുതപ്പെടുത്തിയെന്ന് ശാസ്ത്രി സമ്മതിച്ചു. 'വിരാട് എന്നെ അത്ഭുതപ്പെടുത്തി, കാരണം അവന് ഇനിയും രണ്ടോ മൂന്നോ വര്‍ഷത്തെ ടെസ്റ്റ് ക്രിക്കറ്റ് ബാക്കിയുണ്ടെന്ന് ഞാന്‍ കരുതി,' അദ്ദേഹം പറഞ്ഞു. 'പക്ഷേ, നിങ്ങള്‍ മാനസികമായി തളര്‍ന്നുപോകുമ്പോള്‍, അതാണ് നിങ്ങളുടെ ശരീരത്തോട് പറയുന്നത്. നിങ്ങള്‍ ഒരുപക്ഷേ ഏറ്റവും ഫിറ്റായ വ്യക്തിയായിരിക്കാം, നിങ്ങളുടെ ടീമിലെ പകുതി കളിക്കാരെക്കാളും ഫിറ്റായിരിക്കാം, പക്ഷേ മാനസികമായി നിങ്ങള്‍ 'well done' ആണെങ്കില്‍, അത് ശരീരത്തിന് ഒരു സന്ദേശം നല്‍കും. അതാണ് അവസാനമെന്ന് അത് പറയും' ശാസ്ത്രി പറഞ്ഞു നിര്‍ത്തി.