സഞ്ജുവിന്റെ സെഞ്ച്വറിയ്ക്ക് പിന്നാലെ തരംഗമായി കാലിസ്, കാരണമിതാണ്
ദക്ഷിണാഫ്രിക്കയ്ക്കെതിരായ ആദ്യ ടി20യില്‍ സഞ്ജു സാംസണ്‍ സെഞ്ച്വറി നേടിയതിനു പിന്നാലെ സമൂഹമാധ്യമങ്ങളില്‍ തരംഗമായത് ജാക് കാലിസ്. ഇതിനു പിന്നിലെ കാരണം ഐസ്‌ലന്‍ഡ് ക്രിക്കറ്റ് എന്ന സോഷ്യല്‍ മീഡിയ പേജ് ഉന്നയിച്ച ഒരു ചോദ്യമാണ്.
'ഓസ്ട്രേലിയ, ഇന്ത്യ, ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ് ടീമുകളെ ഒഴിവാക്കിയാല്‍ ഏക്കാലത്തെയും മികച്ച താരം ആര്?' എന്നായിരുന്നു ചോദ്യം. ഇതിന് മറുപടിയായി 2,500 ഓളം കമന്റുകളാണ് ജാക് കാലിസിന്റെ പേര് നിര്‍ദ്ദേശിച്ചത്.
'ലോകത്തിലെ എല്ലാ ക്രിക്കറ്റ് കളിക്കുന്ന രാജ്യങ്ങളിലെയും എക്കാലത്തെയും മികച്ച ഇതിഹാസങ്ങളുടെ പേര് എടുത്താല്‍ അതില്‍ കാലിസിന്റെ പേരുണ്ടാവും,' എന്നും 'കാലിസിനെക്കാള്‍ മികച്ച മറ്റൊരു താരത്തെ കാണിച്ച് തരൂ, ജീവിതകാലം മുഴുവന്‍ ഞാന്‍ കാത്തിരിക്കാം,' എന്നുമൊക്കെയാണ് ആരാധകര്‍ കമന്റ് ചെയ്തത്.
ദക്ഷിണാഫ്രിക്കയുടെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളാണ് ജാക് കാലിസ്. ടെസ്റ്റ് ക്രിക്കറ്റില്‍ 13,289 റണ്‍സുമായി കാലിസ് എക്കാലത്തെയും മികച്ച റണ്‍വേട്ടക്കാരില്‍ മൂന്നാം സ്ഥാനത്താണ്. ഏകദിനത്തില്‍ 11,579 റണ്‍സും ടെസ്റ്റില്‍ 292 വിക്കറ്റുകളും ഏകദിനത്തില്‍ 213 വിക്കറ്റുകളും കാലിസ് നേടിയിട്ടുണ്ട്.
ഐസ്‌ലന്‍ഡ് ക്രിക്കറ്റിന്റെ ചോദ്യം കാലിസിന്റെ മഹത്വം വീണ്ടും ഓര്‍മ്മിപ്പിക്കുകയായിരുന്നു