ജഡേജയുടെ വാര്‍ത്ത സമ്മേളന വിവാദം: ക്രിക്കറ്റ് മത്സരം തന്നെ റദ്ദാക്കി
മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് മുന്നോടിയായി രവീന്ദ്ര ജഡേജ നടത്തിയ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ ഉടലെടുത്ത വിവാദം മറ്റൊരു തലത്തിലേക്ക് നീങ്ങുന്നു. ഇരു രാജ്യങ്ങളിലെയും മാധ്യമപ്രവര്‍ത്തകര്‍ തമ്മിലുള്ള ടി20 മത്സരം റദ്ദാക്കിയിരിക്കുകയാണ്.
ജഡേജ ഇംഗ്ലീഷില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ വിസമ്മതിച്ചുവെന്നും ഓസ്ട്രേലിയന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം നല്‍കുന്നതിന് മുമ്പ് വാര്‍ത്ത സമ്മേളനം അവസാനിപ്പിച്ചുവെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങളുടെ ഒരു വിഭാഗം ആരോപിച്ചിരുന്നു. എന്നാല്‍, ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരും ടീമിന്റെ മീഡിയ മാനേജരും ഈ ആരോപണം നിഷേധിച്ചു.
ഇതോടെയാണ് ക്രിക്കറ്റ് ഓസ്ട്രേലിയ ഒരുക്കിയ മാധ്യമപ്രവര്‍ത്തകരുടെ ക്രിക്കറ്റ് മത്സരം ഒരു വിഭാഗം ബഹിഷ്‌കരിക്കുമെന്ന് പ്രഖ്യാപിച്ചത്. ഇതോടെ മത്സരം തന്നെ റദ്ദാക്കുകയും ചെയ്തു. മെല്‍ബണിലെ ജംഗ്ഷന്‍ ഓവലില്‍ ഞായറാഴ്ച ഉച്ചതിരിഞ്ഞ് നടക്കേണ്ടിയിരുന്ന മത്സരത്തില്‍ നിന്ന് ഇന്ത്യന്‍ ടീമിന്റെ മീഡിയ മാനേജരും മറ്റ് ചിലരും പിന്മാറിയതാണ് മത്സരം റദ്ദാക്കാന്‍ കാരണമെന്ന് ആരോപിക്കപ്പെടുന്നു.
ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മാത്രമായി നടത്തിയ പത്രസമ്മേളനത്തില്‍ ഹിന്ദിയില്‍ ചോദ്യങ്ങള്‍ ചോദിച്ചതിനാല്‍ ജഡേജ ഹിന്ദിയില്‍ മറുപടി നല്‍കിയെന്നും ഓസ്ട്രേലിയന്‍ മാധ്യമങ്ങള്‍ ആരോപിക്കുന്നതുപോലെ ഇംഗ്ലീഷില്‍ സംസാരിക്കാന്‍ അദ്ദേഹം വിസമ്മതിച്ചിട്ടില്ലെന്നും ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകര്‍ വാദിക്കുന്നു.
ഡിസംബര്‍ 26 ന് മെല്‍ബണ്‍ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടെസ്റ്റിന് മുന്നോടിയായി ഈ വിവാദം കൂടുതല്‍ ചൂടുപിടിച്ചിരിക്കുകയാണ്.