'എന്താ സ്റ്റാർക്കെ വയസ്സായോ? സ്പീഡൊക്കെ പോയല്ലോ?' സ്റ്റാർക്കിനെ കൊട്ടി ജയ്‌സ്വാൾ
ഓസ്ട്രേലിയയ്‌ക്കെതിരായ പെർത്ത് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ ഇന്ത്യക്ക് തകർപ്പൻ തുടക്കം നൽകി ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും, കെഎൽ രാഹുലും. ആദ്യ വിക്കറ്റിൽ ഇരുവരും ചേർന്ന് അപരാചിതമായ 100 റൺസ് കൂട്ടുകെട്ട് പടുത്തുയർത്തി. ബാറ്റിങിനിടെ ഓസ്‌ട്രേലിയയുടെ സ്റ്റാർ പേസർ മിച്ചൽ സ്റ്റാർക്കിനെ വാക്കുകൾ കൊണ്ട് ജയ്‌സ്വാൾ വെല്ലുവിളിച്ചത് ഓസ്‌ട്രേലിയയുടെ നിരാശ ഇരട്ടിയാക്കി.
സ്റ്റാർക്കിനെ സ്ക്വയർ ലെഗിലൂടെ ഫോർ അടിച്ചതിന് ശേഷം, ജയ്‌സ്വാൾ അതേ ഓവറിൽ തന്നെ ഒരു പന്ത് ബാക്ക് ഫൂട്ടിൽ ഡിഫൻഡ് ചെയ്തു. "പന്ത് സ്ലോ ആയിട്ടാണ് വരുന്നത്," അദ്ദേഹം സ്റ്റാർക്കിനോട് പറഞ്ഞു. ഇടംകൈയ്യൻ ഫാസ്റ്റ് ബൗളർ തന്റെ മാർക്കിലേക്ക് മടങ്ങുമ്പോൾ മുഖത്ത് ഒരു പുഞ്ചിരിയുണ്ടായിരുന്നു.
Jaiswal to Starc: ‘It’s coming too slow.’ 💀 #Confidence #INDvsAUS #Jaiswal pic.twitter.com/ilhgLUlmL6
— Raftar Ahmed (@raftar___21) November 23, 2024
ജയ്‌സ്വാൾ മനപൂർവ്വമാണ് സ്റ്റാർക്കിനെ പ്രകോപിപ്പിച്ചത്. ജയ്‌സ്വാളിന്റെ വാക്കുകൾക്ക് പിന്നിലെ സന്ദർഭം മനസ്സിലാക്കാൻ, രണ്ട് മണിക്കൂർ മുമ്പ് നടന്ന ഒരു സംഭവത്തിലേക്ക് തിരിച്ചുപോകണം. ശനിയാഴ്ച ആദ്യ സെഷനിൽ, ഇന്ത്യയുടെ അരങ്ങേറ്റ പേസർ ഹർഷിത് റാണയേക്കാൾ വേഗത്തിൽ പന്തെറിയുന്നയാളാണ് താനെന്ന് സ്റ്റാർക്ക് കമന്റ് ചെയ്തിരുന്നു. "ഞാൻ നിന്നെക്കാൾ വേഗത്തിൽ പന്തെറിയുന്നയാളാണ്, എനിക്ക് ഒരുപാട് എക്സ്പീരിയൻസും ഉണ്ട്" റാണയുടെ ഷോർട്ട് ബോളുകൾക്ക് സ്റ്റാർക്കിന്റെ മറുപടി ഇപ്രകാരമായിരുന്നു. 112 പന്തിൽ നിന്ന് പൊരുതി നേടിയ 26 റൺസുമായി ഓസ്ട്രേലിയൻ ഇന്നിംഗ്‌സിലെ ടോപ് സ്കോററായിരുന്ന സ്റ്റാർക്കിനെ റാണ തന്നെയാണ് ഒടുവിൽ പുറത്താക്കിയത്.
ഇന്ത്യ പൂർണ്ണ നിയന്ത്രണത്തിൽ
ഓസീസിനെ 104 റൺസിന് പുറത്താക്കിയ ശേഷം, 46 റൺസിന്റെ ലീഡുമായാണ് ഇന്ത്യ രണ്ടാം ഇന്നിംഗ്സ് ആരംഭിച്ചത്. ജയ്‌സ്വാളിന്റെ അർദ്ധസെഞ്ച്വറിയും, കൂടെ രാഹുലിന്റെ മികച്ച പിന്തുണയും ചേർന്നതോടെ ഓസ്‌ട്രേലിയൻ മണ്ണിൽ 20 വർഷത്തിനിടെ ആദ്യമായി ഇന്ത്യയുടെ സെഞ്ച്വറി ഓപ്പണിംഗ് സ്റ്റാൻഡ് പിറന്നു.
15-ാമത്തെ ടെസ്റ്റിൽ കളിക്കുന്ന ജയ്‌സ്വാൾ ആദ്യ ഇന്നിംഗ്‌സിൽ റൺസ് നേടിയിരുന്നില്ല. മിച്ചൽ സ്റ്റാർക്കിന്റെ ഒരു പന്ത് ബൗണ്ടറിയിലേക്ക് അടിച്ചതോടെ അദ്ദേഹം തന്റെ താളം കണ്ടെത്തി. പരിചയസമ്പന്നനായ രാഹുലിനൊപ്പം ബാറ്റ് ചെയ്ത ജയ്‌സ്വാൾ, ലഭിച്ച അവസരങ്ങളെല്ലാം ബൗണ്ടറിയിലേക്ക് തൊടുത്തു.