സെഞ്ച്വറി നേടിയിട്ടും ഇന്ത്യയ്ക്ക് വില്ലനായി ജയ്‌സ്വാള്‍, ഇതെന്ത് തലവേദന
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ സെഞ്ച്വറിയുമായി ഇന്ത്യന്‍ ബാറ്റിംഗിന്റെ നട്ടെല്ലായ യശസ്വി ജയ്സ്വാള്‍, ഫീല്‍ഡിംഗില്‍ വില്ലനായപ്പോള്‍ ലീഡ്സിലെ ഹെഡിങ്ലിയില്‍ ഇന്ത്യ പലപ്പോഴും പ്രതിരോധത്തിലായി. നിര്‍ണായകമായ മൂന്ന് ക്യാച്ചുകളാണ് ജയ്സ്വാളിന്റെ കൈകളില്‍ നിന്ന് വഴുതിപ്പോയത്. ടീം ഇന്ത്യ ആകെ കൈവിട്ടത് ആറ് അവസരങ്ങളാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം ഫീല്‍ഡിംഗ് പ്രകടനമെന്ന നാണക്കേടിലേക്ക് ടീം വീണപ്പോള്‍, അഞ്ച് വിക്കറ്റ് നേട്ടവുമായി പേസര്‍ ജസ്പ്രീത് ബുംറ ഇന്ത്യയുടെ രക്ഷകനായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 465 റണ്‍സില്‍ അവസാനിപ്പിക്കാന്‍ ബുംറയുടെ പ്രകടനം സഹായിച്ചപ്പോള്‍, ഇന്ത്യക്ക് ലഭിച്ചത് കേവലം ആറ് റണ്‍സിന്റെ നേരിയ ഒന്നാം ഇന്നിംഗ്സ് ലീഡ് മാത്രം.
ജയ്സ്വാളിന്റെ 'ക്യാച്ച്' ദുരന്തം
ഒന്നാം ഇന്നിംഗ്സില്‍ സെഞ്ച്വറി നേടി ആരാധകരുടെ കയ്യടി നേടിയ ജയ്സ്വാളിന് സ്ലിപ്പില്‍ പിഴച്ചപ്പോള്‍ സംഭവിച്ചത് വലിയ നാശനഷ്ടങ്ങളാണ്. ഇംഗ്ലണ്ട് ഇന്നിംഗ്സിന്റെ 90 ഓവറുകള്‍ക്കുള്ളില്‍ മൂന്ന് തവണയാണ് താരം ക്യാച്ചുകള്‍ നിലത്തിട്ടത്. മൂന്നും ജസ്പ്രീത് ബുംറയുടെ ബൗളിംഗിലായിരുന്നു ബുംറയുടെ നിരാശ വര്‍ദ്ധിപ്പിച്ചു.
രണ്ടാം ദിനം കളി അവസാനിക്കാന്‍ നിമിഷങ്ങള്‍ ബാക്കി നില്‍ക്കെ, 15 റണ്‍സെടുത്ത് നിന്ന ബെന്‍ ഡക്കറ്റിനെയാണ് ജയ്സ്വാള്‍ ആദ്യം കൈവിട്ടത്. ആ അവസരം മുതലെടുത്ത ഡക്കറ്റ് 62 റണ്‍സ് നേടിയാണ് പുറത്തായത്. മൂന്നാം ദിനം, 60 റണ്‍സില്‍ നില്‍ക്കെ ഒലി പോപ്പിനെയും ജയ്സ്വാള്‍ നിലത്തിട്ടു. ആ 'ലൈഫ്' ലഭിച്ച പോപ്പ് സെഞ്ച്വറി (106) തികച്ചാണ് മടങ്ങിയത്.
ഇതോടെ തീര്‍ന്നില്ല ജയ്സ്വാളിന്റെ പിഴവുകള്‍. 83 റണ്‍സെടുത്ത് അപകടകാരിയായി മാറിയ ഹാരി ബ്രൂക്കിന്റെ അനായാസ ക്യാച്ചും ജയ്സ്വാള്‍ കൈവിട്ടു. ഈ അവസരം മുതലെടുത്ത ബ്രൂക്ക് 99 റണ്‍സ് നേടിയ ശേഷമാണ് പുറത്തായത്. ആദ്യ ക്യാച്ച് കൈവിട്ടപ്പോള്‍ പുഞ്ചിരിയോടെ നേരിട്ട ബുംറക്ക്, മൂന്നാമത്തെ അവസരവും നഷ്ടമായപ്പോള്‍ നിരാശ മറച്ചുവെക്കാനായില്ല. തുടര്‍ച്ചയായ പിഴവുകള്‍ താരത്തിന്റെ ആത്മവിശ്വാസത്തെ കാര്യമായി ബാധിച്ചെന്ന് കളിക്കളത്തിലെ ശരീരഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു.
അഞ്ച് വര്‍ഷത്തിനിടയിലെ ഏറ്റവും മോശം പ്രകടനം
ജയ്സ്വാള്‍ മാത്രമല്ല, ഇന്ത്യന്‍ ഫീല്‍ഡിംഗ് നിര ഒന്നടങ്കം നിരാശപ്പെടുത്തി. മൂന്നാം ദിനം ചായക്ക് പിരിയും മുന്‍പ് ഇന്ത്യ ആറ് ക്യാച്ചുകളാണ് പാഴാക്കിയത്. പ്രമുഖ ക്രിക്കറ്റ് സ്റ്റാറ്റിസ്റ്റിക്‌സ് വെബ്‌സൈറ്റായ ക്രിക്ക്വിസിന്റെ കണക്കനുസരിച്ച്, 2019-ന് ശേഷം ഇതാദ്യമായാണ് ഒരു ടെസ്റ്റ് ഇന്നിംഗ്സില്‍ ഇന്ത്യ അഞ്ചോ അതിലധികമോ ക്യാച്ചുകള്‍ കൈവിടുന്നത്.
ജയ്സ്വാളിന് പുറമെ രവീന്ദ്ര ജഡേജയും വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തും ഓരോ അവസരങ്ങള്‍ നഷ്ടപ്പെടുത്തി. അരങ്ങേറ്റ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഇത് വലിയ തലവേദനയായി. ബുംറയുടെ ബൗളിംഗില്‍ മാത്രം നാല് ക്യാച്ചുകളാണ് ഇന്ത്യന്‍ ഫീല്‍ഡര്‍മാര്‍ നിലത്തിട്ടത്. 'ഇന്ത്യ ആ ക്യാച്ചുകള്‍ എടുത്തിരുന്നെങ്കില്‍ കുറഞ്ഞത് 150 റണ്‍സിന്റെയെങ്കിലും ലീഡ് നേടാമായിരുന്നു' എന്ന് മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കിള്‍ വോണ്‍ അഭിപ്രായപ്പെട്ടു.
രക്ഷകനായി ബുംറ; റെക്കോര്‍ഡിനൊപ്പം
സഹതാരങ്ങള്‍ അവസരങ്ങള്‍ തുലച്ചപ്പോഴും ബുംറ തളര്‍ന്നില്ല. ഇംഗ്ലണ്ട് ഇന്ത്യന്‍ സ്‌കോര്‍ മറികടക്കുമെന്ന് തോന്നിച്ച ഘട്ടത്തില്‍, ബുംറ ഉജ്ജ്വലമായ ഒരു സ്‌പെല്ലിലൂടെ ഇംഗ്ലണ്ടിന്റെ വാലറ്റത്തെ അരിഞ്ഞുവീഴ്ത്തി. ഇതോടെ ഇംഗ്ലണ്ട് 465 റണ്‍സിന് ഓള്‍ ഔട്ടായി.
35 ഓവറില്‍ 98 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റാണ് ബുംറ സ്വന്തമാക്കിയത്. ഇത് ടെസ്റ്റ് ക്രിക്കറ്റില്‍ ബുംറയുടെ വിദേശ മണ്ണിലെ പന്ത്രണ്ടാമത്തെ അഞ്ച് വിക്കറ്റ് നേട്ടമാണ്. ഇതോടെ, ഇതിഹാസ താരം കപില്‍ ദേവിന്റെ റെക്കോര്‍ഡിനൊപ്പം (12 തവണ) ബുംറയുമെത്തി. ബുംറയുടെ ഈ നിര്‍ണായക പ്രകടനം ഇല്ലായിരുന്നെങ്കില്‍ ഇന്ത്യ വലിയ ലീഡ് വഴങ്ങേണ്ടി വരുമായിരുന്നു. ഇപ്പോള്‍ ലഭിച്ച ആറ് റണ്‍സിന്റെ ലീഡ് മത്സരത്തില്‍ ഇന്ത്യക്ക് നേരിയ മുന്‍തൂക്കം നല്‍കുന്നുണ്ടെങ്കിലും, ഫീല്‍ഡിംഗിലെ പിഴവുകള്‍ ടീം മാനേജ്മെന്റിന് വലിയ മുന്നറിയിപ്പാണ് നല്‍കുന്നത്.