കൊളംബിയൻ ജേഴ്‌സിയിൽ വീര്യം കൂടുന്ന ഹമെസ് റോഡ്രിഗസ്, ടൂർണമെന്റിലെ താരമാകുമെന്നുറപ്പിക്കുന്ന പ്രകടനം
കോപ്പ അമേരിക്ക ക്വാർട്ടർ ഫൈനലിൽ നിന്നും കൊളംബിയ സെമി ഫൈനലിലേക്ക് മുന്നേറിയത് ആധികാരികമായാണ്. എതിരാളികളായ പനാമയെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് തകർത്ത കൊളംബിയ തുടർച്ചയായി 27 മത്സരങ്ങളിൽ തോൽവി അറിയാതെയാണ് ഇപ്പോൾ കളിക്കുന്നത്. ടൂർണമെന്റിൽ ഏറ്റവും ഗോളുകൾ അടിച്ചു കൂട്ടിയ ടീമും അവർ തന്നെയാണ്.
കൊളംബിയയുടെ പ്രകടനത്തെ നയിക്കുന്നത് ഹേറ്റേഴ്‌സ് ഇല്ലാത്ത താരമായ ഹമെസ് റോഡ്രിഗസാണ്. 2014ൽ നടന്ന ലോകകപ്പിൽ കൊളംബിയയെ ക്വാർട്ടർ ഫൈനൽ വരെയെത്തിച്ച പ്രകടനം കൊണ്ട് ലോകത്തിന്റെ മുഴുവൻ ശ്രദ്ധ പിടിച്ചു പറ്റിയ ഹമെസ് പത്ത് വർഷങ്ങൾക്ക് ശേഷം അതിനു സമാനമായ പ്രകടനം തന്നെയാണ് കൊളംബിയൻ ജേഴ്‌സിയിൽ നടത്തുന്നത്.
കോപ്പ അമേരിക്കയിൽ നാല് മത്സരങ്ങളിൽ കളിച്ചപ്പോൾ ആറു ഗോളുകളിൽ ഹമെസ് റോഡ്രിഗസ് പങ്കാളിയാണ്. ഒരു ഗോൾ നേടിയ താരം മറ്റുള്ള അഞ്ചു ഗോളുകൾക്ക് വഴിയൊരുക്കി. യൂറോപ്പിൽ അവസാനം എവർട്ടൺ ജേഴ്‌സിൽ കളിച്ചതിനു ശേഷം ഖത്തറിലേക്ക് ചേക്കേറിയ താരത്തെ എല്ലാവരും മറന്നു തുടങ്ങിയിരിക്കെയാണ് വീണ്ടുമൊരു മാസ്‌മരിക പ്രകടനം ഹമെസ് റോഡ്രിഗസ് നടത്തുന്നത്.
ഹമെസ് റോഡ്രിഗസിന്റെ ഈ പ്രകടനത്തിന് കൊളംബിയയുടെ അർജന്റീന പരിശീലക നെസ്റ്റർ ലോറെൻസോക്കും പങ്കുണ്ട്. ഹമെസ് റോഡ്രിഗസിനെ തന്റെ കഴിവ് പുറത്തെടുക്കാൻ സഹായിച്ചത് അദ്ദേഹമാണ്. നിലവിൽ ബ്രസീലിയൻ ക്ലബ് സാവോ പോളോയിൽ കളിക്കുന്ന ഹമെസ് ഈ ടൂർണമെന്റിലെ താരമാകുമെന്ന് പ്രതീക്ഷിക്കുന്ന പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.