മുംബൈയ്ക്ക് സന്തോഷ വാര്‍ത്ത, ആര്‍സിബിയ്‌ക്കെതിരെ തീക്കാറ്റ്, ടീമിനൊപ്പം ചേര്‍ന്നു
റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ഐപിഎല്ലിലെ നിര്‍ണായക മത്സരത്തിന് മുന്നോടിയായി മുംബൈ ഇന്ത്യന്‍സിന് ആശ്വാസ വാര്‍ത്ത. മുംബൈയുടെ പ്രധാന പേസര്‍ ജസ്പ്രീത് ബുംറ ടീമിനൊപ്പം ചേര്‍ന്നു. ഈ വര്‍ഷം ജനുവരിയില്‍ ഓസ്‌ട്രേലിയക്കെതിരെ സിഡ്നിയില്‍ നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ടെസ്റ്റിനിടെ പുറം വേദനയെ തുടര്‍ന്ന് ബുംറ കളത്തിന് പുറത്തായിരുന്നു. അദ്ദേഹത്തിന്റെ അഭാവം ടീമിന്റെ ആദ്യ മത്സരങ്ങളില്‍ മുംബൈക്ക് വലിയ തിരിച്ചടിയാകുകയും ചെയതിരുന്നു. ഇപ്പോള്‍ ബുംറയുടെ തിരിച്ചുവരവ് ടീമിന്റെ പ്രതീക്ഷകള്‍ക്ക് വലിയ ഉത്തേജനം നല്‍കിയിട്ടുണ്ട്.
2013 ല്‍ ഐപിഎല്ലില്‍ അരങ്ങേറ്റം കുറിച്ചതു മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ബൗളിംഗ് ആക്രമണത്തിന്റെ കുന്തമുനയാണ് ബുംറ. ലോകത്തിലെ ഏറ്റവും മികച്ച പേസര്‍മാരില്‍ ഒരാളായി വിലയിരുത്തപ്പെടുന്ന ബുംറ 133 മത്സരങ്ങളില്‍ നിന്ന് 165 വിക്കറ്റുകള്‍ മുംബൈ ഇന്ത്യന്‍സിനായി നേടിയിട്ടുണ്ട്.
ഏപ്രില്‍ 7 ന് നടക്കുന്ന റോയല്‍ ചലഞ്ചേഴ്‌സിനെതിരായ മത്സരത്തില്‍ ബുംറ കളിക്കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെങ്കിലും, ഏപ്രില്‍ 17 ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരായ മത്സരത്തില്‍ അദ്ദേഹം കളിക്കാനുള്ള സാധ്യത ഏറെയാണ്.
സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഓള്‍റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി ഇതിനോടകം തന്നെ ബുംറയെ നേരിടാനുള്ള ആകാംക്ഷ പ്രകടിപ്പിച്ചു കഴിഞ്ഞു.
'അദ്ദേഹത്തിനെതിരെ കളിക്കാന്‍ അവസരം ലഭിച്ചാല്‍ ഞാന്‍ ഭാഗ്യവാനാണ്. നിലവില്‍ ലോകത്തിലെ ഏറ്റവും മികച്ച ബൗളര്‍മാരില്‍ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തെ നേരിടുന്നത് ഒരു ആവേശകരമായ പോരാട്ടമായിരിക്കും. അദ്ദേഹത്തിനെതിരെ റണ്‍സ് നേടാന്‍ സാധിച്ചാല്‍ ഞാന്‍ വളരെ സന്തോഷവാനാകും. ബുംറയെപ്പോലുള്ള മികച്ച ബൗളര്‍മാര്‍ക്കെതിരെ കളിക്കുന്നത് തന്നെയാണ് ഈ കളിയുടെ ആവേശം,' ജിയോസിനിമയുടെ ജെന്‍ ബോള്‍ഡ് എന്ന പരിപാടിയില്‍ റെഡ്ഡി പറഞ്ഞു.
'വിരാട് കോഹ്ലി, രോഹിത് ശര്‍മ്മ തുടങ്ങിയ ഇതിഹാസങ്ങളാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഈ തലമുറയെ രൂപപ്പെടുത്തിയത്. അവര്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ പുതിയ ഉയരങ്ങളിലെത്തിച്ചു. അവരുടെ പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാനാണ് ഞങ്ങളുടെ ശ്രമം. ജസ്പ്രീത്, രോഹിത്, വിരാട് എന്നിവരെല്ലാം ഇന്ത്യന്‍ ക്രിക്കറ്റിന്റെ സുവര്‍ണ്ണ നിധികളാണ്' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പുതിയ സീസണില്‍ മുംബൈ ഇന്ത്യന്‍സിന് മികച്ച തുടക്കമല്ല ലഭിച്ചത്. കളിച്ച ആദ്യ നാല് മത്സരങ്ങളില്‍ ഒരെണ്ണം മാത്രമാണ് അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചത്. ബുംറയുടെ അഭാവം ടീമിനെ എത്രത്തോളം ബാധിച്ചു എന്ന് ഇത് വ്യക്തമാക്കുന്നു. മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ ഫോം പോലും ഈ സീസണില്‍ മുംബൈക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്. ബുംറയുടെ തിരിച്ചുവരവ് ടീമിന് പുതിയ ഊര്‍ജ്ജം നല്‍കുമെന്നും വരും മത്സരങ്ങളില്‍ മികച്ച പ്രകടനം കാഴ്ചവെക്കാന്‍ സാധിക്കുമെന്നും പ്രതീക്ഷിക്കാം.