ക്യാപ്റ്റന്‍സി, പിന്‍മാറി ബുംറ, യുവതാരത്തിന് വഴിയൊരുങ്ങുന്നു
രോഹിത് ശര്‍മ്മ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചതിന് പിന്നാലെ, ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ പുതിയ നായകനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാണ്. എന്നാല്‍ ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം, സീനിയര്‍ പേസര്‍ ജസ്പ്രിത് ബുംറ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നില്ല. രോഹിതിന് പകരക്കാരനായി സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്നെങ്കിലും, ബുംറ ഈ സ്ഥാനത്തേക്ക് താല്പര്യം കാണിക്കുന്നില്ലെന്നാണ് സൂചന.
സ്‌കൈ സ്‌പോര്‍ട്‌സിന്റെ റിപ്പോര്‍ട്ട് അനുസരിച്ച്, ഇംഗ്ലണ്ടിനെതിരായ അഞ്ച് ടെസ്റ്റുകളുടെ പരമ്പരയില്‍ മുഴുവന്‍ കളിക്കുന്നതിന് ബുംറയ്ക്ക് താല്‍പ്പര്യമില്ല. വര്‍ക്ക്‌ലോഡ് മാനേജ്‌മെന്റ് കാരണമാണ് ബുംറ നായകസ്ഥാനം വേണ്ടെന്ന് വെക്കുന്നത്. 2018 ല്‍ ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചതിന് ശേഷം ബുംറ ഫിറ്റ്‌നസ് സംബന്ധമായ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുന്നുണ്ട്. 2022-23 ല്‍ പരിക്കിനെ തുടര്‍ന്ന് അദ്ദേഹത്തിന് ഒരു വര്‍ഷത്തോളം കളത്തിന് പുറത്തിരിക്കേണ്ടി വന്നു. ഈ വര്‍ഷം നടന്ന ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ അഞ്ചാം ടെസ്റ്റിനിടയിലും അദ്ദേഹത്തിന് പുറംവേദന അനുഭവപ്പെട്ടിരുന്നു. ഐ.പി.എല്‍ 2025 ലാണ് ബുംറ വീണ്ടും കളിക്കളത്തില്‍ സജീവമായത്.
പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം, ശുഭ്മാന്‍ ഗില്‍ ടെസ്റ്റ് ടീമിന്റെ പുതിയ നായകനായേക്കും. ഇതുവരെ ടെസ്റ്റ് ടീമില്‍ നേതൃനിരയില്‍ ഇല്ലാതിരുന്ന താരമാണ് ഗില്‍. 2024 ല്‍ ഏകദിനത്തിലും ടി20 യിലും അദ്ദേഹം വൈസ് ക്യാപ്റ്റനായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ ഗില്‍ ക്യാപ്റ്റനായിട്ടുണ്ട്.
ഋഷഭ് പന്ത് ഉപനായകനായേക്കാനും സാധ്യതയുണ്ട്. അരങ്ങേറ്റം മുതല്‍ സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ചവെക്കുന്ന പന്ത്, ടെസ്റ്റ് ടീമിലെ പ്രധാന കളിക്കാരനാണ്. 2018 ല്‍ ഇംഗ്ലണ്ടിനെതിരെയാണ് അദ്ദേഹം ടെസ്റ്റില്‍ അരങ്ങേറ്റം കുറിച്ചത്.
അജിത് അഗാര്‍ക്കര്‍ തലവനായ സെലക്ഷന്‍ കമ്മിറ്റി ഈ മാസം നാലാം വാരത്തില്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിക്കും. വിരാട് കോലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കാന്‍ ആഗ്രഹം അറിയിച്ചിട്ടുണ്ടെങ്കിലും, ഈ പ്രധാനപ്പെട്ട പരമ്പരയില്‍ അദ്ദേഹം ടീമിന്റെ ഭാഗമാകണമെന്ന് ബി.സി.സി.ഐ ആഗ്രഹിക്കുന്നുണ്ട്.