ബുംറ എങ്ങനെയിത് ചെയ്തു, നിരാശ അടക്കാനാകാതെ കമ്മിന്‍സ്
ഗാബ ടെസ്റ്റില്‍ ഇന്ത്യന്‍ വാലറ്റ നിര ശരിയ്ക്കും അമ്പരപ്പിച്ചിരിക്കുകയാണല്ലോ. 11ാം വിക്കറ്റില്‍ അത്ഭുത കൂട്ടുകെട്ടുണ്ടാക്കി ജസ്പ്രിത് ബുംറയും ആകാശ് ദീപും ഇന്ത്യയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടു വന്നിരിക്കുകയാണ്. പ്രതികൂല സാഹചര്യങ്ങളില്‍ ആകാശ് ദീപിനൊപ്പം ചേര്‍ന്ന് ബുംറ അവസാന വിക്കറ്റില്‍ നിര്‍ണായകമായ കൂട്ടുകെട്ട് പടുത്തുയര്‍ത്തി ടീമിനെ ഫോളോ ഓണ്‍ എന്ന നാണക്കേടില്‍ നിന്ന് രക്ഷിച്ചു. 31 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും സഹിതം 27 റണ്‍സുമയി ആകാശ ദീപും 27 പന്തില്‍ ഒരു സിക്‌സ് അടക്കം 10 റണ്‍സുമായി ജസ്പ്രിത് ബുംറയും ബാറ്റിംഗ് തുടരുകയാണ്.
മത്സരത്തിനിടെ ഓസ്ട്രേലിയന്‍ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിനെ ഒരു തകര്‍പ്പന്‍ സിക്‌സ് അടിച്ചും ബുംറ എല്ലാവരെയും അമ്പരപ്പിച്ചു. മത്സരത്തിന്റെ 68-ാം ഓവറിലാണ് ബുംറയുടെ ഈ തകര്‍പ്പന്‍ പുള്‍ ഷോട്ട് പിറന്നത്. ലെഗ് സ്റ്റമ്പില്‍ വന്ന ബാക്ക് ഓഫ് ലെങ്ത് ഡെലിവറിയെ ബുംറ ലോംഗ് ലെഗ്ഗിലേക്ക് സിക്‌സര്‍ പറത്തുകയായിരുന്നു.
ഷോട്ട് കഴിഞ്ഞപ്പോള്‍ ബുംറ സന്തോഷം പ്രകടിപ്പിച്ചപ്പോള്‍ കമ്മിന്‍സ് നിരാശനായി കാണപ്പെട്ടു. ഇത് അതിവേഗം സോഷ്യല്‍ മീഡിയയില്‍ വൈറലായി.
മത്സരത്തിലേക്ക് വന്നാല്‍, ഓസ്ട്രേലിയക്ക് വലിയ തിരിച്ചടിയായി മാറിയികരിക്കുകയാണ് ജോഷ് ഹേസല്‍വുഡിന്റെ പരിക്ക്. വലത് കാല്‍മുട്ടിന് പരിക്കേറ്റ ഹേസല്‍വുഡിന് ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയിലെ ബാക്കിയുള്ള മത്സരങ്ങള്‍ നഷ്ടമാകും. ചൊവ്വാഴ്ച രാവിലെ ഓസ്ട്രേലിയയുടെ വാം-അപ്പിനിടെയാണ് ഹേസല്‍വുഡിന് പരിക്കേറ്റത്. നാലാം ദിവസത്തെ ആദ്യ സെഷനില്‍ ഒരു ഓവര്‍ എറിഞ്ഞ ശേഷം കാല്‍മുട്ടിലെ വേദന കാരണം അദ്ദേഹം കളം വിടുകയായിരുന്നു.