ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി, ടീമില്‍ അമ്പരപ്പിക്കുന്ന മാറ്റങ്ങള്‍
ചാമ്പ്യന്‍സ് ട്രോഫിയ്‌ക്കൊരുങ്ങുന്ന ടീം ഇന്ത്യയ്ക്ക് കനത്ത തിരിച്ചടി. പരിക്ക് മാറാത്തതിനെ തുടര്‍ന്ന് സ്റ്റാര്‍ പേസര്‍ ജസ്പ്രിത് ബുംറയെ ഇന്ത്യന്‍ ടീമില്‍ നിന്ന് ഒഴിവാക്കി. ബുംറയ്ക്ക് പകരം യുവതാരം ഹര്‍ഷിത് റാണയ്ക്കാണ് അവസരം ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമിന്റെ ബൗളിംഗ് ആക്രമണത്തിന് ഇത് എത്രത്തോളം ശക്തി പകരുമെന്ന് കണ്ടറിയണം.
കൂടാതെ സ്പിന്‍ വിഭാഗത്തില്‍ അഞ്ചാം ബൗളറായി വരുണ്‍ ചക്രവര്‍ത്തിയെയും ഉള്‍പ്പെടുത്തി. ബാക്കപ്പ് ഓപ്പണര്‍ യശസ്വി ജയ്സ്വാളിന് പകരമാണ് വരുണിനെ ടീമിലേക്ക് പരിഗണിച്ചത്. സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളില്‍ ടീമിന് ഇത് കൂടുതല്‍ വൈവിധ്യം നല്‍കും.
ജയ്സ്വാള്‍, മുഹമ്മദ് സിറാജ്, ശിവം ദുബെ എന്നിവരെ റിസര്‍വ്വ് താരങ്ങളായാണ് ടീമില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇവര്‍ ടീമിനൊപ്പം യാത്ര ചെയ്യില്ലെങ്കിലും, ആവശ്യമെങ്കില്‍ എപ്പോഴും ടീമിലേക്ക് എത്താന്‍ തയ്യാറായിരിക്കും.
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയിലെ അഞ്ച് മത്സരങ്ങളില്‍ നിന്നായി 14 വിക്കറ്റെടുത്ത് മിന്നും ഫോമിലുള്ള സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തിയെ ടീമിലെടുക്കണമെന്ന് മുന്‍ ഇന്ത്യന്‍ സ്പിന്നര്‍ ആര്‍ അശ്വിന്‍ ആവശ്യപ്പെട്ടിരുന്നു. ഇപ്പോള്‍ പ്രഖ്യാപിച്ചത് പ്രാഥമിക സ്‌ക്വാഡ് മാത്രമാണെന്നും വരുണ്‍ ചക്രവര്‍ത്തിയെ ഇനിയും ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്താവുന്നതേയുള്ളൂവെന്നും അശ്വിന്‍ പറഞ്ഞിരുന്നു. അശ്വിന്‍ പറഞ്ഞത് അതുപോലെ സംഭവിക്കുകയും ചെയ്തു.
ചാമ്പ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം: രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശുഭ്മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെ എല്‍ രാഹുല്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, ഹര്‍ഷിത് റാണ, മുഹമ്മദ് ഷമി, അര്‍ഷ്ദീപ് സിംഗ്, വരുണ്‍ ചക്രവര്‍ത്തി, ഋഷഭ് പന്ത്, രവീന്ദ്ര ജഡേജ.