ടീമിലുണ്ടെങ്കിലും ബുംറ ചാമ്പ്യന്‍സ് ട്രോഫി കളിച്ചേക്കില്ല, സൂചനയുമായി ബിസിസിഐ
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിക്കിടെ പരിക്കേറ്റ ജസ്പ്രീത് ബുംറയെ ചാമ്പ്യന്‍സ് ട്രോഫി ടീമില്‍ ഉള്‍പ്പെടുത്തിയെങ്കിലും കളിക്കുമോയെന്ന കാര്യത്തില്‍ ഇനിയും വ്യക്തത വന്നിട്ടില്ല. ബുംറയുടെ ഫിറ്റ്‌നസ് ഇപ്പോഴും സംശയാസ്പദമാണ്.
അഞ്ച് ആഴ്ചത്തെ വിശ്രമം നിര്‍ദേശിക്കപ്പെട്ട ബുംറ ഇംഗ്ലണ്ടിനെതിരായ ആദ്യ രണ്ട് ഏകദിനങ്ങളില്‍ കളിക്കില്ല. ഫെബ്രുവരി ആദ്യവാരത്തെ മെഡിക്കല്‍ റിപ്പോര്‍ട്ട് അനുസരിച്ചായിരിക്കും ബുംറയുടെ തിരിച്ചുവരവ്. ചാമ്പ്യന്‍സ് ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിക്കാനുളള വാര്‍ത്ത സമ്മേളനത്തില്‍ ചീഫ് സെലക്ടര്‍ അഗാര്‍ക്കര്‍ ആണ് ഇക്കാര്യം വ്യക്തമാക്കിയത്.
അതെസമയം ശുഭ്മാന്‍ ഗില്ലിനെ വൈസ് ക്യാപ്റ്റനായി തിരഞ്ഞെടുത്തു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ ഹര്‍ഷിത് റാണയും ടീമിലുണ്ട്. മുഹമ്മദ് സിറാജിന് വിശ്രമം അനുവദിച്ചു.
പാക്കിസ്ഥാനിലേക്ക് പോകാന്‍ അനുവാദമില്ലാത്തതിനാല്‍ ഇന്ത്യയുടെ ചാമ്പ്യന്‍സ് ട്രോഫി മത്സരങ്ങളെല്ലാം ദുബായിലാണ്. ഫെബ്രുവരി 20ന് ബംഗ്ലാദേശിനെതിരെയാണ് ആദ്യ മത്സരം.