പന്തിനെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റനാക്കണമെന്ന് ഇന്ത്യന്‍ സെലക്ടര്‍, ആ താരത്തെ ആക്കരുത്
ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി റിഷഭ് പന്തിനെ പ്രഖ്യാപിക്കണമെന്ന് മുന്‍ സെലക്ടര്‍ ദേവാങ് ഗാന്ധി. രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ജസ്പ്രീത് ബുംറ ഇന്ത്യന്‍ ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റന്‍ ആകാന്‍ സാധ്യതയുണ്ടെന്ന വാര്‍ത്തയ്ക്കിടെയാണ് ദേവാങ് ഗാന്ധി ഇത്തരമൊരു ആവശ്യം ഉന്നയിച്ചത്.
പരിക്കുകള്‍ മൂലം ബുംറയ്ക്ക് ദീര്‍ഘകാലം ക്യാപ്റ്റന്‍ സ്ഥാനത്ത് തുടരാന്‍ കഴിഞ്ഞേക്കില്ല എന്ന ആശങ്ക നിലവിലുണ്ട്. അതിനാലാണ്, ബുംറ ക്യാപ്റ്റന്‍ ആയാല്‍ ഋഷഭ് പന്തിനെ വൈസ് ക്യാപ്റ്റന്‍ ആക്കണമെന്ന് ദേവാങ് ഗാന്ധി അഭിപ്രായപ്പെട്ടടുന്നത്.
ബിസിസിഐയുടെ അവലോകന യോഗത്തില്‍ ബുംറയുടെ ഫിറ്റ്‌നസ് പ്രശ്‌നം ചര്‍ച്ചയായി. രോഹിത് ഇനി ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ സാധ്യതയില്ലെന്നും ബുംറ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ടീമിനെ നയിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
എന്നാല്‍, ബുംറയുടെ പരിക്കുകള്‍ ഒരു ആശങ്കയാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ജോലിഭാരവും ഐസിസി ടൂര്‍ണമെന്റുകളും കണക്കിലെടുക്കുമ്പോള്‍ ബുംറയ്ക്ക് ദീര്‍ഘകാലം ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ കഴിഞ്ഞേക്കില്ല. അതിനാല്‍, പന്ത് പോലുള്ള ഒരു ശക്തനായ വൈസ് ക്യാപ്റ്റനെ ടീമിന് ആവശ്യമാണെന്നും ഗാന്ധി പറഞ്ഞു.
അതെസമയം യശസ്വി ജയ്സ്വാളിനെ വൈസ് ക്യാപ്റ്റന്‍ ആക്കണം എന്ന നിര്‍ദേശവും ഉയരുന്നുണ്ട്. എന്നാല്‍ ഈ അഭിപ്രായം ഗാന്ധി തള്ളി. ജയ്‌സ്വാളിനെ വൈസ് ക്യാപ്റ്റന്‍ ആക്കുന്നത് അദ്ദേഹത്തിന് അധിക ഭാരമാകുമെന്നും ദേവാങ് ഗാന്ധി പറഞ്ഞു. ഭാവിയില്‍ ജയ്സ്വാളിന് നേതൃത്വ പദവി ഏറ്റെടുക്കാന്‍ കഴിയുമെങ്കിലും ഇപ്പോള്‍ അദ്ദേഹം ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.