ബുംറയുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുത്ത് ബിസിസിഐ, ഇംഗ്ലണ്ടില്‍ കളിപ്പിക്കില്ല
സിഡ്നി: പുറം വേദനയെ തുടര്‍ന്ന് ഇന്ത്യന്‍ പേസ് സ്പിയര്‍ഹെഡ് ജസ്പ്രീത് ബുംറ ഇംഗ്ലണ്ടിനെതിരായ ഹോം വൈറ്റ്-ബോള്‍ പരമ്പരയുടെ ഭൂരിഭാഗവും നഷ്ടമാകാന്‍ സാധ്യത. ഫെബ്രുവരി 19 ന് ആരംഭിക്കുന്ന ഐസിസി ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ക്കണ്ടാണ് ബുംറയ്ക്ക് വിശ്രമം അനുവദിക്കുന്നത്.
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫിയില്‍ 32 വിക്കറ്റുകള്‍ വീഴ്ത്തി ഇന്ത്യയുടെ മികച്ച താരമായിരുന്നു ബുംറ. എന്നാല്‍, പരമ്പരയിലെ അവസാന ഇന്നിംഗ്‌സില്‍ പുറം വേദനയെ തുടര്‍ന്ന് ബൗള്‍ ചെയ്യാന്‍ കഴിഞ്ഞിരുന്നില്ല. പരമ്പരയില്‍ 150 ഓവറിലധികം ബൗള്‍ ചെയ്തതാണ് ബുംറയുടെ പരിക്കിന് കാരണമെന്നാണ് വിലയിരുത്തല്‍. പുതിയ ടെസ്റ്റ് ക്യാപ്റ്റനായ ബുംറ ചാമ്പ്യന്‍സ് ട്രോഫിക്ക് സജ്ജമാകണമെന്ന് ബിസിസിഐ മെഡിക്കല്‍ ടീം ആഗ്രഹിക്കുന്നു.
ബുംറയുടെ പരിക്കിന്റെ തീവ്രത ഇതുവരെ വ്യക്തമായിട്ടില്ല. ഗ്രേഡ് 1 പരിക്കാണെങ്കില്‍ റിട്ടേണ്‍ ടു പ്ലേയ്ക്ക് മുമ്പ് കുറഞ്ഞത് രണ്ടോ മൂന്നോ ആഴ്ചത്തെ വിശ്രമം ആവശ്യമാണ്. ഗ്രേഡ് 2 പരിക്കാണെങ്കില്‍ ആറ് ആഴ്ച വരെ വിശ്രമം വേണ്ടിവരും. ഏറ്റവും ഗുരുതരമായ ഗ്രേഡ് 3 പരിക്കാണെങ്കില്‍ കുറഞ്ഞത് മൂന്ന് മാസത്തെ വിശ്രമവും പുനരധിവാസ പരിപാടികളും ആവശ്യമാണ്.
ഫെബ്രുവരി 20 ന് ദുബായില്‍ ബംഗ്ലാദേശിനെതിരെയാണ് ചാമ്പ്യന്‍സ് ട്രോഫിയില്‍ ഇന്ത്യയുടെ ആദ്യ മത്സരം. ടി20 ലോകകപ്പ് വര്‍ഷമല്ലാത്തതിനാല്‍ ബുംറ ടി20 പരമ്പരയില്‍ കളിക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമായിരുന്നു. എന്നാല്‍, ചാമ്പ്യന്‍സ് ട്രോഫി മുന്നില്‍ക്കണ്ട് ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയില്‍ കളിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നു.
എന്നാല്‍, ഇപ്പോള്‍ പരിക്കിന്റെ തീവ്രത അനുസരിച്ചായിരിക്കും ബുംറ ഇംഗ്ലണ്ടിനെതിരെ കളിക്കുമോ എന്ന് തീരുമാനിക്കുക. ഫെബ്രുവരി 12 ന് അഹമ്മദാബാദിലെ സ്വന്തം നാട്ടില്‍ നടക്കുന്ന അവസാന മത്സരത്തില്‍ ഫിറ്റ്‌നസ് പരിശോധിക്കാന്‍ ബുംറ ഇറങ്ങിയേക്കും.