ഞെട്ടിച്ച് സീല്‍സ്, നൂറ്റാണ്ടിന്റെ റെക്കോര്‍ഡ്, കടുവകളെ എറിഞ്ഞിട്ട് വിന്‍ഡീസ് പേസര്‍
ടെസ്റ്റ് ക്രിക്കറ്റില്‍ അവിശ്വസനീയ നേട്ടവുമായി വെസ്റ്റിന്‍ഡീസ് പേസ് സെന്‍സേഷന്‍ ജെയ്ഡന്‍ സീല്‍സ്. ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ആണ് സീല്‍സ് അവിശ്വസനീയ ബൗളിംഗ് പ്രകടനം കാഴ്ച്ചവെച്ചത്. വെറും 15.5 ഓവറില്‍ വെറും അഞ്ച് റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റുകളാണ് സീല്‍സ് വീഴ്ത്തിയത്.
ഇതോടെ ബംഗ്ലാദേശിന്റെ ഒന്നാം ഇന്നിങ്‌സ് തകര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാനും സീല്‍സിനായി. 10 മെയ്ഡന്‍ ഓവറുകള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ മിന്നും പ്രകടനം. 0.32 എന്ന അവിശ്വസനീയ ഇക്കണോമി നിരക്കോടെ, 1978ന് ശേഷം 10 ഓവറിലധികം എറിയുന്ന ഒരു ബൗളറുടെ ഇക്കണോമി 0.4ന് താഴെയാകുന്നത് ഇതാദ്യമാണ്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്, സീല്‍സിന്റെ മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല. 164 റണ്‍സില്‍ അവര്‍ എല്ലാവരും പുറത്തായി. ഷദ്മാന്‍ ഇസ്ലാം (64) മാത്രമാണ് ബംഗ്ലാദേശ് നിരയില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. മെഹിദി ഹസന്‍ (36), ഷഹ്ദാത്ത് ഹൊസൈന്‍ (22), തൈജുള്‍ ഇസ്ലാം (16) എന്നിവരും റണ്‍സ് നേടി. സീല്‍സിനെ കൂടാതെ ഷമര്‍ ജോസഫ് മൂന്ന് വിക്കറ്റുകളും കെമര്‍ റോച്ച് രണ്ട് വിക്കറ്റുകളും വീഴ്ത്തി.
മറുപടി ബാറ്റിംഗിനിറങ്ങിയ വെസ്റ്റ് ഇന്‍ഡീസ്, ആദ്യ ദിനം അവസാനിക്കുമ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 70 റണ്‍സ് എന്ന നിലയിലാണ്. ക്രെയ്ഗ് ബ്രാത്ത്വെയ്റ്റ് (33) ഉം കീസി കാര്‍ട്ടി (19) ഉം ക്രീസില്‍ ഉറച്ചുനില്‍ക്കുന്നു. 12 റണ്‍സെടുത്ത മൈക്കിള്‍ ലൂയിസിന്റെ വിക്കറ്റാണ് വെസ്റ്റ് ഇന്‍ഡീസിന് നഷ്ടമായത്. സീല്‍സിന്റെ അസാമാന്യ പ്രകടനം, വെസ്റ്റ് ഇന്‍ഡീസിന് മത്സരത്തില്‍ മേല്‍ക്കൈ നല്‍കിയിരിക്കുകയാണ്.