ലാറയെയും മറികടന്ന് മുന്നേറി ജോ റൂട്ട്; സച്ചിന്റെ അത്ഭുത റെക്കോർഡും അപകടത്തിലോ?
ഇംഗ്ലണ്ട് താരം ജോ റൂട്ട് ടെസ്റ്റ് ക്രിക്കറ്റിൽ മറ്റൊരു നാഴികക്കല്ല് കൂടി പിന്നിട്ടിരിക്കുന്നു. വെസ്റ്റ് ഇൻഡീസിന്റെ ഇതിഹാസ താരം ബ്രയാൻ ലാറയെ മറികടന്ന് എക്കാലത്തെയും മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ ഏഴാം സ്ഥാനത്തെത്തിയ റൂട്ട് ഇനി മാസ്റ്റർ ബ്ലാസ്റ്റർ സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോഡിനരികിലാണ്.
വെസ്റ്റ് ഇൻഡീസിന്റെ ഇംഗ്ലണ്ട് പരമ്പരയിലെ മൂന്നാം ടെസ്റ്റിൽ ബാറ്റിങിനിറങ്ങുമ്പോൾ 11940 റൺസ് ആയിരുന്നു റൂട്ടിന്റെ സമ്പാദ്യം. ഇന്നത്തെ ഇന്നിംഗ്സിലെ 14-ാം റൺസോടെ ടെസ്റ്റ് ക്രിക്കറ്റ് ഇതിഹാസം ലാറയെ റൂട്ട് മറികടന്നു. ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച റൺ വേട്ടക്കാരുടെ പട്ടികയിൽ ഇതോടെ റൂട്ട് ഏഴാമനായി.
എക്കാലത്തെയും മികച്ച റൺ സ്കോറർമാർ (ടെസ്റ്റ് ക്രിക്കറ്റ്):
ക്ര.നം. | കളിക്കാരൻ | മത്സരങ്ങൾ | റൺസ് |
1 | സച്ചിൻ ടെണ്ടുൽക്കർ | 200 | 15921 |
2 | റിക്കി പോണ്ടിംഗ് | 168 | 13378 |
3 | ജാക്ക് കാലിസ് | 166 | 13289 |
4 | രാഹുൽ ദ്രാവിഡ് | 164 | 13288 |
5 | അലസ്‌റ്റെയർ കുക്ക് | 161 | 12472 |
6 | കുമാർ സംഗക്കാര | 134 | 12400 |
7 | ജോ റൂട്ട് | 142 | 11954* |
8 | ബ്രയാൻ ലാറ | 131 | 11953 |
9 | ശിവ്‌നാരായൺ ചന്ദർപോൾ | 164 | 11867 |
10 | മഹേല ജയവർധനെ | 149 | 11814 |
ഇന്ത്യയുടെ ഇതിഹാസ താരം സച്ചിൻ ടെണ്ടുൽക്കർ തന്റെ 24 വർഷത്തെ ടെസ്റ്റ് കരിയർ അവസാനിപ്പിച്ചത് 200 മത്സരങ്ങളിൽ നിന്ന് 15,921 റൺസുമായാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഒരു ബാറ്ററുടെ ഏറ്റവും കൂടുതൽ റൺസിന്റെ റെക്കോർഡ് ഇപ്പോഴും സച്ചിന്റെ പേരിലാണ്. മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗ് പട്ടികയിൽ രണ്ടാമനാണ്, അദ്ദേഹം തന്റെ കരിയർ അവസാനിപ്പിച്ചത് 13,378 റൺസുമായാണ്.
നിലവിൽ മികച്ച ഫോമിൽ കളിക്കുന്ന മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടിനെയാണ് സച്ചിന്റെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള കളിക്കാരനായി പൊതുവെ കണക്കാക്കപ്പെടുന്നത്. അടുത്തിടെ ഫോം കണ്ടെത്താൻ കഴിയാതിരുന്ന റൂട്ട് ഇപ്പോൾ ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്.
ടെസ്റ്റിൽ എക്കാലത്തെയും മികച്ച റൺ സ്‌കോററായി റൂട്ട് തന്റെ കരിയർ അവസാനിപ്പിക്കുമെന്ന് പല മുൻ താരങ്ങളും വിദഗ്ധരും വിശ്വസിക്കുന്നു. 32 സെഞ്ച്വറികളും 62 അർദ്ധസെഞ്ച്വറികളും അടക്കം നിലവിൽ തന്നെ ഇതിഹാസങ്ങളുടെ പട്ടികയിൽ റൂട്ട് സ്ഥാനംപിടിച്ചു കഴിഞ്ഞു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ റൺസും സെഞ്ച്വറികളും നേടിയതിന്റെ റെക്കോർഡും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റന്റെ പേരിലാണ്.