ഈ ജയം ഞങ്ങള്‍ അര്‍ഹിച്ചതാണ്, പൊട്ടിത്തെറിച്ച് ബട്‌ലര്‍
ഇന്ത്യ-ഇംഗ്ലണ്ട് നാലാം ടി20 മത്സരത്തില്‍ ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറക്കിയതിനെ ചൊല്ലിയുള്ള വിവാദം കത്തുന്നു. ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്ലര്‍ തന്നെ ഇന്ത്യയുടെ ഈ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി.
കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറക്കുന്ന കളിക്കാരന്‍, പരിക്കേറ്റ കളിക്കാരനെപ്പോലെ തന്നെ കഴിവുകളുള്ള ആളായിരിക്കണം എന്നതാണ് നിയമം. എന്നാല്‍ ഇവിടെ അത് പാലിക്കപ്പെട്ടില്ലെന്ന് ബട്ലര്‍ കുറ്റപ്പെടുത്തി.
'ബാറ്റിങ്ങിന് ഇറങ്ങിയപ്പോഴാണ് ഹര്‍ഷിത് റാണയെ കാണുന്നത്. അപ്പോഴാണ് ആരുടെ സ്ഥാനത്താണ് ആളെന്ന് ഞാന്‍ ആലോചിച്ചത്. പിന്നീട് കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടാണെന്ന് അറിഞ്ഞു. ഞങ്ങള്‍ ജയിക്കേണ്ടിയിരുന്ന മത്സരമായിരുന്നു. ഇതൊക്കെ മത്സരത്തിന്റെ ഭാഗമാണെന്ന് അറിയാം. എന്തായാലും ഈ തീരുമാനത്തോട് ഞങ്ങള്‍ വിയോജിക്കുന്നു', ബട്ലര്‍ പറഞ്ഞു.
ഇരുവരും തുല്യരായ കളിക്കാരല്ലെന്നും മാച്ച് റഫറിയാണ് ഇത് അംഗീകരിച്ചതെന്നുമാണ് ബട്ലര്‍ പറയുന്നത്. തങ്ങളോട് ഇതിനെക്കുറിച്ച് ചോദിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ വിഷയത്തില്‍ കൂടുതല്‍ വ്യക്തത തേടുമെന്നും ബട്ലര്‍ സൂചിപ്പിച്ചു.
ഇംഗ്ലണ്ടിനെതിരായ നാലാം ടി20 മത്സരത്തില്‍ ഇന്ത്യ വിജയം നേടിയിരുന്നു. എന്നാല്‍ മത്സരത്തില്‍ ഹര്‍ഷിത് റാണയെ കണ്‍കഷന്‍ സബ്സ്റ്റിറ്റിയൂട്ടായി ഇറക്കിയത് വിവാദമായിരിക്കുകയാണ്. അവസാന പന്തുവരെ ആവേശം നിറഞ്ഞ മത്സരത്തില്‍ ബൗളര്‍മാരുടെ മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. മൂന്ന് വിക്കറ്റ് വീതം നേടിയ ഹര്‍ഷിത് റാണ, രവി ബിഷ്‌ണോയ് എന്നിവരാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്.
ഇന്ത്യയുടെ ഇന്നിംഗ്സിന്റെ അവസാന ഓവറിനിടെ ഹെല്‍മറ്റില്‍ പന്തുകൊണ്ട് പരിക്കേറ്റ ഓള്‍റൗണ്ടര്‍ ശിവം ദുബെയ്ക്ക് പകരമാണ് റാണ ഇറങ്ങിയത്. ശിവം ദുബെയ്ക്ക് പകരക്കാരനായി ഹര്‍ഷിത് റാണയെ അനുവദിച്ചതിനെതിരെയാണ് ഇപ്പോള്‍ വിമര്‍ശനങ്ങള്‍ ഉയരുന്നത്. തീരുമാനത്തില്‍ തെറ്റ് ചൂണ്ടിക്കാട്ടി ഇംഗ്ലീഷ് നായകന്‍ ജോസ് ബട്‌ലറിനൊപ്പം മുന്‍ ഇംഗ്ലണ്ട് താരം കെവിന്‍ പീറ്റേഴ്‌സണ്‍ അടക്കമുള്ളവരും മാച്ച് ഒഫീഷ്യലുകളെ രൂക്ഷമായി വിമര്‍ശിച്ചു.
ശിവം ദുബെയ്ക്ക് പകരക്കാരനായി ഇറക്കേണ്ട ആളായിരുന്നില്ല ഹര്‍ഷിത് റാണയെന്നാണ് പീറ്റേഴ്സണ്‍ പറഞ്ഞത്. ഇതിന് പിന്നാലെയാണ് ബട്ലറും രംഗത്തെത്തിയിട്ടുള്ളത്. നിയമപ്രകാരം മത്സരത്തിനിടെ ഒരു കളിക്കാരന് തലയ്ക്ക് പരിക്ക് സംഭവിച്ചാല്‍ മറ്റൊരു താരത്തിനെ പകരമിറക്കാന്‍ ടീമുകള്‍ക്ക് അനുവാദമുണ്ട്. ഈ നിയമമാണ് ഇന്ത്യ ഇവിടെ ഉപയോഗിച്ചത്. ഇതോടെ കണ്‍കഷന്‍ സബ്ബായി ഹര്‍ഷിത് റാണ ഇറങ്ങുകയും ചെയ്തു. ഹര്‍ഷിത് റാണയുടെ ആദ്യ ടി20 മത്സരം കൂടിയായിരുന്നു ഇത്.