സഞ്ജു സനേഹിച്ചതിന് നന്ദി, പുറത്താക്കിയതില്‍ ആദ്യ പ്രതികരണവുമായി ബട്‌ലര്‍
ഐപിഎല്‍ താരലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്ലറെ ടീമില്‍ നിന്നും ഒഴിവാക്കിയ നടപടി ക്രിക്കറ്റ് ലോകത്ത് ഞെട്ടലുണ്ടാക്കി. ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ വൈറ്റ്-ബോള്‍ ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ ബട്ലറെ കൈവിട്ടതിനെതിരെ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനമാണ് ഫ്രാഞ്ചൈസി നേരിടുന്നത്.
എന്നാല്‍ ഈ തീരുമാനത്തിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ടെന്നാണ് രാജസ്ഥാന്‍ റോയല്‍സ് മാനേജ്മെന്റ് നല്‍കുന്ന വിശദീകരണം.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡിന്റെ ഇടപെടല്‍: ഐപിഎല്ലില്‍ കളിക്കുന്നതിന് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് ബട്ലര്‍ക്ക് അനുമതി നല്‍കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. തിരക്കേറിയ അന്താരാഷ്ട്ര ഷെഡ്യൂള്‍ മുന്നില്‍ കണ്ട് താരത്തിന് ജോലിഭാരം കുറയ്ക്കാനാണ് ഇംഗ്ലണ്ട് ബോര്‍ഡ് ലക്ഷ്യമിടുന്നത്.
പരിക്കിന്റെ ഭീഷണി: കാലിനേറ്റ പരിക്കിന്റെ പശ്ചാത്തലത്തില്‍ ബട്ലര്‍ക്ക് ഐപിഎല്ലില്‍ പൂര്‍ണമായും കളിക്കാന്‍ കഴിഞ്ഞേക്കില്ലെന്ന ആശങ്കയും രാജസ്ഥാന് ഉണ്ടായിരുന്നു.
ഫ്രാഞ്ചൈസിയുടെ തന്ത്രം: ആറ് താരങ്ങളെ നിലനിര്‍ത്തിയ രാജസ്ഥാന് ലേലത്തില്‍ ബട്ലര്‍ക്കു വേണ്ടി ആര്‍ടിഎം ഉപയോഗിക്കാനും സാധിക്കില്ല. ലേലത്തില്‍ കുറഞ്ഞ വിലയ്ക്ക് ബട്ലറെ തിരിച്ചുപിടിക്കാനുള്ള തന്ത്രമാണ് ഫ്രാഞ്ചൈസി നടപ്പിലാക്കുന്നതെന്നും വാദങ്ങളുണ്ട്.
ഇതിനിടെ ടീമില്‍ നിന്നും ഒഴിവാക്കപ്പെട്ടതില്‍ പ്രതികരണവുമായി ബട്ലര്‍ രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വികാരഭരിതമായ കുറിപ്പില്‍ രാജസ്ഥാന്‍ റോയല്‍സിനും ഫ്രാഞ്ചൈസിയുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും നന്ദി പറയുകയും ഏഴ് സീസണുകളിലെ അവിസ്മരണീയ ഓര്‍മ്മകള്‍ പങ്കുവെക്കുകയും ചെയ്തു.
' എന്റെ ക്രിക്കറ്റ് കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങള്‍ രാജസ്ഥാന്‍ റോയല്‍സിനൊപ്പമായിരുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട ഓര്‍മ്മകളെല്ലാം പിങ്ക് ഷര്‍ട്ടിലാണ്. എന്നെയും എന്റെ കുടുംബത്തെയും സ്വീകരിച്ചതിന് നന്ദി' ബട്ലര്‍ കുറിച്ചു.
ബട്ലറുടെ പോസ്റ്റിന് രാജസ്ഥാന്‍ റോയല്‍സ് ഔദ്യോഗിക പേജിലൂടെ മറുപടി നല്‍കി. 'റോയല്‍ കുടുംബത്തില്‍ എന്നും നിങ്ങളുണ്ടാകും. രാജസ്ഥാന്‍ ജേഴ്‌സിയില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച താരങ്ങളില്‍ ഒരാളാണ് നിങ്ങള്‍' റോയല്‍സ് മറുപടി നല്‍കി.
യുസ്വേന്ദ്ര ചാഹലും ബട്ലര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്തെത്തി.
എന്തായാലും ബട്ലറെ കൈവിട്ടതിലൂടെ രാജസ്ഥാന്‍ റോയല്‍സ് വലിയ ഒരു റിസ്‌ക് എടുത്തിരിക്കുകയാണ്. ലേലത്തില്‍ മറ്റ് ഫ്രാഞ്ചൈസികള്‍ ബട്ലറെ സ്വന്തമാക്കാന്‍ ശ്രമിക്കുമെന്നതില്‍ സംശയമില്ല.