ബട്‌ലറുടെ വന്‍ തിരിച്ചുവരവ്, ഇംഗ്ലണ്ടിന് തകര്‍പ്പന്‍ ജയം, നെഞ്ചിടിക്കുന്നത് രാജസ്ഥാന്
മാസങ്ങളുടെ പരിക്കിനു ശേഷം തിരിച്ചെത്തിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോസ് ബട്ട്ലറുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ പിന്‍ബലത്തില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ട്വന്റി 20യില്‍ ഇംഗ്ലണ്ടിന് ഏഴ് വിക്കറ്റ് വിജയം. 45 പന്തില്‍ ആറ് സിക്‌സും എട്ട് ഫോറും സഹിതം 83 റണ്‍സെടുത്ത ബട്ട്ലറുടെ മികവില്‍ 31 പന്തുകള്‍ ബാക്കി നില്‍ക്കെ ഇംഗ്ലണ്ട് മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 161 റണ്‍സ് എന്ന വിജയലക്ഷ്യം മറികടന്നു ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയില്‍ ഇംഗ്ലണ്ട് 2-0 ന് മുന്നിലെത്തി.
ആദ്യ ട്വന്റി 20യില്‍ സെഞ്ച്വറി നേടിയ ഫില്‍ സാള്‍ട്ട് രണ്ടാം മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ പുറത്തായി. എന്നാല്‍ ആദ്യ മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്ക് ആയ ബട്ട്ലര്‍ രണ്ടാം മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ചത് ഇംഗ്ലണ്ടിന് അനുഗ്രഹമായി.
ബട്ട്ലറുടെ തിരിച്ചുവരവ്
കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് ജൂണ്‍ മുതല്‍ ടീമിന് പുറത്തായിരുന്ന ബട്ട്ലര്‍ ഈ പരമ്പരയിലൂടെയാണ് തിരിച്ചെത്തിയത്. ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടിയ ബട്ട്ലര്‍ ആദ്യം ബൗളിംഗ് തിരഞ്ഞെടുക്കുകയും വിജയകരമായി ചെയ്‌സ് ചെയ്യുകയും ചെയ്തു.
ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇന്‍ഡീസ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സാണ് നേടിയത്. 0-1 എന്ന നിലയില്‍ ക്രീസിലെത്തിയ ബട്ട്ലര്‍, വില്‍ ജാക്ക്സുമായി (38) ചേര്‍ന്ന് രണ്ടാം വിക്കറ്റില്‍ 129 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 32 പന്തില്‍ നിന്ന് അര്‍ദ്ധ സെഞ്ച്വറി നേടിയ ബട്ട്ലര്‍ ഗുഡകേഷ് മോട്ടിയെറിഞ്ഞ പന്തില്‍ അടിച്ച സിക്‌സര്‍ കെന്‍സിംഗ്ടണ്‍ ഓവലിന് പുറത്തുള്ള തെരുവിലേക്ക് പറന്നത് കൗതുകമുളള കാഴ്ച്ചയായി.
ലിവിംഗ്സ്റ്റണ്‍ - ബെഥല്‍ കൂട്ടുകെട്ട്
13-ാം ഓവറില്‍ ജാക്ക്സും ബട്ട്ലറും പുറത്തായതോടെ ഇംഗ്ലണ്ട് 130-3 എന്ന നിലയിലായി. എന്നാല്‍ ലിയാം ലിവിംഗ്സ്റ്റണ്‍ (23), ജേക്കബ് ബെഥല്‍ (3) എന്നിവര്‍ ചേര്‍ന്ന് ഇംഗ്ലണ്ടിനെ അനായാസം വിജയത്തിലെത്തിച്ചു. 15-ാം ഓവറിലെ അഞ്ചാം പന്തില്‍ ലിവിംഗ്സ്റ്റണ്‍ അടിച്ച സിക്‌സറിലൂടെയാണ് ഇംഗ്ലണ്ട് വിജയലക്ഷ്യം കണ്ടെത്തിയത്.
പവലിന്റെ പ്രകടനം
വെസ്റ്റ് ഇന്‍ഡീസ് ഇന്നിംഗ്സില്‍ ക്യാപ്റ്റന്‍ റോവ്മാന്‍ പവലാണ് ടോപ് സ്‌കോറര്‍ (43). പരമ്പരയിലെ ആദ്യ മത്സരത്തിലെന്നപോലെ ഈ മത്സരത്തിലും പവര്‍പ്ലേയില്‍ വെസ്റ്റ് ഇന്‍ഡീസ് മൂന്ന് വിക്കറ്റുകള്‍ നഷ്ടപ്പെടുത്തി. സാഖിബ് മഹ്മൂദ് മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ചു. റീസ് ടോപ്ലിക്ക് പകരം ജോഫ്ര ആര്‍ച്ചറും ടീമിലിടം നേടി.
മൂന്നാം മത്സരം വ്യാഴാഴ്ച
പരമ്പരയിലെ മൂന്നാം മത്സരം വ്യാഴാഴ്ച ഗ്രോസ് ഐലറ്റില്‍ നടക്കും.
ഐപിഎല്‍ ലേലത്തില്‍ ബട്ട്ലര്‍ താരമാകും
ഐപിഎല്‍ 2025 മെഗാ ലേലത്തിന് മുന്നോടിയായി രാജസ്ഥാന്‍ റോയല്‍സ് ജോസ് ബട്ട്ലറെ റിലീസ് ചെയ്തിരുന്നു.പരിക്കാണ് കാരണമായി പറഞ്ഞത്. എന്നാല്‍ പരിക്ക് മാറി തിരിച്ചെത്തിയ ബട്‌ലര്‍ ഐപിഎല്ലില്‍ വന്‍ തുകയ്ക്ക് ലേലത്തില്‍ പോകുമെന്ന് ഉറപ്പാണ്.