ഓസീസിന് കനത്ത തിരിച്ചടി, തേടിയെത്തിയത് നടുക്കുന്ന വാര്‍ത്ത
ബോര്‍ഡര്‍-ഗവാസ്‌കര്‍ ട്രോഫി ആവേശകരമായി പുരോഗമിക്കവെ ന്യൂസിലന്‍ഡ് ക്യാമ്പിനെ തേടി നിരാശപ്പെടുത്തുന്ന വാര്‍ത്ത. പരമ്പരയില്‍ അവശേഷിക്കുന്ന മത്സരങ്ങളില്‍ സൂപ്പര്‍പേസര്‍ ജോഷ് ഹേസല്‍വുഡിന് കളിക്കാനാവില്ല. വലത് കാല്‍മുട്ടിനേറ്റ പരിക്കാണ് കാരണം. മെല്‍ബണിലും സിഡ്നിയിലും നടക്കുന്ന അടുത്ത രണ്ട് മത്സരങ്ങളിലും ഹേസല്‍വുഡ് കളിക്കില്ല.
നാലാം ദിവസത്തെ കളിക്ക് മുന്‍പുള്ള വാം-അപ്പിനിടെയാണ് ഹേസല്‍വുഡിന് പരിക്കേറ്റതെന്ന് സ്‌കാനിംഗില്‍ സ്ഥിരീകരിച്ചു. പരിക്കുണ്ടായിട്ടും അദ്ദേഹം ഒരു ഓവര്‍ എറിയാന്‍ ശ്രമിച്ചു, വളരെ ശ്രദ്ധിച്ചാണ് പന്തെറിഞ്ഞത്. പിന്നീട് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സുമായും ഫിസിയോ നിക്ക് ജോണ്‍സുമായും സംസാരിച്ച ശേഷം അദ്ദേഹം ഗ്രൗണ്ടില്‍ നിന്ന് ആശുപത്രിയിലേക്ക് പോവുകയായിരുന്നു.
ഹേസല്‍വുഡ് പുറത്തായതോടെ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ വക്താവ് വൈകാതെ പകരക്കാരനെ പ്രഖ്യാപിക്കുമെന്ന് അറിയിച്ചു.
ഹേസല്‍വുഡിന്റെ അഭാവം പാറ്റ് കമ്മിന്‍സിന്റെ ബൗളിംഗ് പദ്ധതികളെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. ടീ ടൈമില്‍ ഹേസല്‍വുഡിന്റെ പരിക്ക് സ്ഥിരീകരിച്ചപ്പോള്‍ ഇന്ത്യ 7 വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സുമായി ഫോളോ ഓണ്‍ പൊരുതുകയാണ്.
പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഹേസല്‍വുഡ് മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. എന്നാല്‍ സൈഡ് സ്‌ട്രെയിന്‍ കാരണം അഡ്ലെയ്ഡില്‍ നടന്ന പിങ്ക്-ബോള്‍ ടെസ്റ്റില്‍ അദ്ദേഹത്തിന് കളിക്കാനായില്ല. ഗാബയിലെ ആദ്യ ഇന്നിംഗ്സില്‍ അദ്ദേഹം ഫോമിലേക്ക് തിരിച്ചെത്തുന്ന സൂചന നല്‍കിയിരുന്നു. മഴ തടസ്സപ്പെടുത്തിയ മൂന്നാം ദിവസം അഞ്ച് ഓവറുകള്‍ എറിയുകയും വിരാട് കോഹ്ലിയുടെ വിക്കറ്റ് നേടുകയും ചെയ്തിരുന്നു, അദ്ദേഹത്തിന്റെ അഭാവത്തില്‍ അഡ്ലെയ്ഡില്‍ കളിച്ച സ്‌കോട്ട് ബോളണ്ട് മെല്‍ബണിലും (ഡിസംബര്‍ 26-31), സിഡ്നിയിലും (ജനുവരി 3-7) കളിക്കാന്‍ സാധ്യതയുണ്ട്.