മിന്നുന്ന പ്രകടനവുമായി അൽവാരസ്, ചാമ്പ്യൻസ് ലീഗിൽ മറ്റാർക്കും സ്വന്തമാക്കാനാകാതെ നേട്ടം
ചാമ്പ്യൻസ് ലീഗ് പ്രീ ക്വാർട്ടർ മത്സരത്തിൽ എഫ്‌സി കോപ്പൻഹേഗനെതിരെ ഇന്നലെ മികച്ച വിജയമാണ് മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയത്. ഇന്നലത്തെ മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയതോടെ രണ്ടു പാദങ്ങളിലുമായി രണ്ടിനെതിരെ ആറു ഗോളുകളുടെ വിജയവുമായാണ് നിലവിലെ ചാമ്പ്യന്മാരായ മാഞ്ചസ്റ്റർ സിറ്റി അടുത്ത റൗണ്ടിലേക്ക് കുതിച്ചത്.
മാഞ്ചസ്റ്റർ സിറ്റിയുടെ വിജയത്തിൽ മിന്നുന്ന പ്രകടനം നടത്തിയത് അർജന്റീനയുടെ ലോകകപ്പ് ഹീറോയായ ഹൂലിയൻ അൽവാരസാണ്. ഇന്നലെ നടന്ന മത്സരത്തിൽ പത്ത് മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഒരു ഗോളും അസിസ്റ്റും ടീമിനായി താരം സ്വന്തമാക്കി. ചാമ്പ്യൻസ് ലീഗ് നോക്ക്ഔട്ട് ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം ആദ്യ പത്ത് മിനുട്ടിൽ തന്നെ ഒരു ഗോളും അസിസ്റ്റും നേടുന്നത്.
മാഞ്ചസ്റ്റർ സിറ്റിയുടെ മറ്റൊരു ഗോൾ നേടിയത് ഹാലാണ്ടായിരുന്നു. എന്തായാലും ഇന്നലത്തെ പ്രകടനത്തോടെ ഈ സീസണിലെ ചാമ്പ്യൻസ് ലീഗിൽ അഞ്ചു മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളുകളും രണ്ട് അസിസ്റ്റുകളുമാണ് അൽവാരസ് സ്വന്തമാക്കിയിരിക്കുന്നത്. രണ്ടു മത്സരത്തിൽ മാത്രമേ താരം ആദ്യ ഇലവനിൽ ഉണ്ടായിരുന്നുവെന്നത് ശ്രദ്ധേയമാണ്.
ഈ സീസണിൽ പ്രീമിയർ ലീഗിലും എട്ടു ഗോളും എട്ട് അസിസ്റ്റും അൽവാരസ് സ്വന്തമാക്കിയിട്ടുണ്ട്. താരത്തിന്റെ ഈ പ്രകടനം അർജന്റീന ആരാധകർക്ക് പ്രതീക്ഷ നൽകുന്നതാണ്. ഖത്തർ ലോകകപ്പിൽ അർജന്റീനക്കായി മിന്നുന്ന പ്രകടനം നടത്തി കിരീടം സ്വന്തമാക്കി നൽകിയ താരം കോപ്പ അമേരിക്കയിൽ അതാവർത്തിക്കുമെന്നാണ് ഏവരുടെയും പ്രതീക്ഷ.