സഞജു ഫാന്‍സിന് കനത്ത നിരാശ, വന്‍ തിരിച്ചടി
ആലൂര്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന കേരളം-കര്‍ണാടക രഞ്ജി ട്രോഫി മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിക്കുമെന്ന് ഉറപ്പായി. നാലാം ദിനവും ഇതുവരെ ഒരു പന്ത് പോലും എറിയാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ മൂന്നാം ദിനവും ഒരു പന്ത് പോലും എറിയാനായിരുന്നില്ല.
തുടര്‍ച്ചയായ മഴ മത്സരഫലത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. ഇരു ടീമുകളും പോയിന്റ് പങ്കിട്ടേക്കാമെന്നാണ് സൂചന.
ടോസ് നേടിയ കര്‍ണാടക ആദ്യ ദിനം കേരളത്തെ ബാറ്റിങ്ങിനയച്ചു. രോഹന്‍ കുന്നുമ്മല്‍ (63), വത്സല്‍ ഗോവിന്ദ് (31) എന്നിവര്‍ മികച്ച തുടക്കം നല്‍കിയെങ്കിലും തുടര്‍ന്നെത്തിയ ബാബ അപരാജിത് (19) നിരാശപ്പെടുത്തി. ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ (15), സച്ചിന്‍ ബേബി (23) എന്നിവര്‍ ക്രീസില്‍ ഉള്ളപ്പോഴാണ് മഴ കളി തടസ്സപ്പെടുത്തിയത്. മികച്ച ഫോമിലുള്ള സഞ്ജുവിന്റെ പ്രകടനം കാണാന്‍ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശയായി.
മഴയെത്തുടര്‍ന്ന് ആദ്യദിനവും കളി വൈകിയിരുന്നു. 23 ഓവറുകള്‍ മാത്രമാണ് ആദ്യദിനം എറിയാന്‍ സാധിച്ചത്. രണ്ടാം ദിനം അവസാന സെഷനും മഴ മുടക്കി. മത്സരത്തില്‍ ഇതുവരെ 50 ഓവറുകള്‍ മാത്രമാണ് പൂര്‍ത്തിയായത്.
കഴിഞ്ഞ മത്സരത്തില്‍ നിന്ന് മൂന്ന് മാറ്റങ്ങളുമായാണ് കേരളം ഇറങ്ങിയത്. സഞ്ജു സാംസണിനൊപ്പം എം ഡി നിധീഷ്, കെ എം ആസിഫ് എന്നിവരും ടീമിലിടം നേടി.
കേരള ടീം: വത്സല്‍ ഗോവിന്ദ്, രോഹന്‍ എസ് കുന്നുമ്മല്‍, സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, ബാബാ അപരാജിത്, ജലജ് സക്‌സേന, മുഹമ്മദ് അസറുദ്ദീന്‍, ആദിത്യ സര്‍വാതെ, ബേസില്‍ തമ്പി, കെ എം ആസിഫ്, എം ഡി നിധീഷ്.